സംസ്ഥാനത്തുടനീളമുള്ള മൾട്ടിപ്ലക്സ് തിയേറ്ററുകളിലെ ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 25 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ ജില്ലകളിലായി നടത്തിയ 35 പരിശോധനകളിലാണ് ഈ നടപടി.
ഇതിൽ ലീഗൽ മെട്രോളജി വകുപ്പ് 15 കേസുകളും, ഉപഭോക്തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാല് കേസുകൾ വീതവും ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ കൊല്ലത്ത് മൾട്ടിപ്ലക്സ് തിയേറ്ററിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച കട
ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇവിടത്തെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീമിൽ മുടിയുടെ അംശവും പ്രാണിയുടെ സാന്നിധ്യവും കാലാവധി കഴിഞ്ഞ പാലും കണ്ടെത്തുകയുണ്ടായി.
കാലാവധി കഴിഞ്ഞതും അല്ലാത്തവയും ഒരുമിച്ച് സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. നടത്തിപ്പുകാരന് കനത്ത പിഴ ചുമത്തുന്നതിന്റെ ഭാഗമായി നോട്ടീസ് നൽകിയിട്ടുണ്ട്.
പോപ്കോൺ ബില്ലിൽ തൂക്കം രേഖപ്പെടുത്താത്തതിനും അധികൃതർ കേസെടുത്തിട്ടുണ്ട്. ലീഗൽ മെട്രോളജി വകുപ്പ് പിഴയായി ഇതുവരെ 62,000 രൂപ ഈടാക്കിയിട്ടുണ്ട്.
പോപ്കോൺ, ശീതളപാനീയങ്ങൾ എന്നിവയുടെ വിൽപ്പനയിൽ വ്യാപകമായ കുറവ് കണ്ടെത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി ആക്ട് 2009 സെക്ഷൻ 30 പ്രകാരം അളവിൽ കുറവ് വരുത്തി വിൽപ്പന നടത്തിയതിന് ഇതുവരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുന്നത് പരിശോധിച്ചുവരികയാണ്.
പോപ്കോണിന് 75 ഗ്രാം അളവ് പ്രഖ്യാപിച്ചിരുന്നിടത്ത് 25 ഗ്രാം വരെയും, ശീതളപാനീയങ്ങളിൽ നിശ്ചിത അളവിലും കുറവ് കണ്ടെത്തിയിട്ടുണ്ട്. ത്രാസുകൾ കൃത്യത ഉറപ്പുവരുത്തി മുദ്രവെച്ച് സാക്ഷ്യപ്പെടുത്തി ഉപയോഗിക്കണമെന്നാണ് നിയമം.
ഇത് പാലിക്കാത്തതിന് 3 തിയേറ്ററുകൾക്കഎതിരേ സെക്ഷൻ 24, 33 പ്രകാരം കേസെടുത്തിട്ടുണ്ട്. ലീഗൽ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾസ് 6 (1) പ്രകാരം നിർദ്ദിഷ്ട
പ്രഖ്യാപനങ്ങൾ ഇല്ലാത്ത ഒരു സ്ഥാപനത്തിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അളവ് കൃത്യമായി രേഖപ്പെടുത്താതെ ലാർജ്, മീഡിയം, സ്മാൾ എന്നിങ്ങനെ നോൺ സ്റ്റാൻഡേർഡ് ആയി വിൽപ്പന നടത്തുന്നതിന് ലീഗൽ മെട്രോളജി ആക്ട് സെക്ഷൻ 34 പ്രകാരം ആകെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൾട്ടിപ്ലക്സുകളിൽ മതിയായ രീതിയിൽ കുടിവെള്ളം ലഭ്യമാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മൾട്ടിപ്ലക്സുകളിൽ തുടർന്നുള്ള പരിശോധനകൾ കർശനമായി ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
നിയമലംഘനങ്ങൾ ആവർത്തിച്ചാൽ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇംപ്രൂവ്മെന്റ് നോട്ടീസ് നൽകിയിട്ടുള്ള കുറ്റകൃത്യങ്ങൾ വീണ്ടും ആവർത്തിച്ചാൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നുവെന്നും കൃത്യമായ അളവിൽ ലഭിക്കുന്നില്ലെന്നുമുള്ള വ്യാപകമായ പരാതികളെ തുടർന്നാണ് വകുപ്പുകൾ സംസ്ഥാനമൊട്ടാകെ മിന്നൽ പരിശോധനകൾ നടത്തിവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

