ഡെൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ശനിയാഴ്ച ഡെൽഹിയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തിന്റെ സന്ദർശനം.
ശനിയാഴ്ച രാവിലെ ഇന്ത്യയിലെത്തുന്ന അദ്ദേഹം വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തും. ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനും നാളെ ഡെൽഹിയിൽ എത്തും.
എന്നാൽ ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തെ സംബന്ധിച്ചുള്ള തർക്കങ്ങളും ഭിന്നതകളും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായതാണ് പ്രധാന തർക്കങ്ങൾക്ക് കാരണം.
സംയുക്ത പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കുന്നതിനായി ഷെർപമാരുടെ യോഗം ഡെൽഹിയിൽ തുടരുകയാണ്. പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം കടുക്കുന്നതും, ഇറാൻ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നതും നയതന്ത്ര ചർച്ചകളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ പ്രഖ്യാപനം രൂപപ്പെടുത്തുന്നതിനായി ഇന്ത്യ വിവിധ രാജ്യങ്ങളുമായി പ്രത്യേക കൂടിയാലോചനകൾ നടത്തിവരുന്നുണ്ട്. യുഎഇ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിലാണ് പ്രധാനമായും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നത്.
നാളെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായും പ്രധാനമന്ത്രി നടത്തുന്ന ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ, സംയുക്ത പ്രസ്താവനയിലെ നിർണായക പരാമർശങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടക്കും. ഇരുപതിലധികം ലോക നേതാക്കളാണ് ഇത്തവണത്തെ ഉച്ചകോടിയിൽ അണിനിരക്കുന്നത്.
ഈ ആഗോള സമ്മേളനം റിപ്പോർട്ട് ചെയ്യാനായി അറുനൂറിലധികം വിദേശ മാധ്യമപ്രവർത്തകരും ഡെൽഹിയിൽ എത്തിച്ചേരുന്നുണ്ട്. ഫെബ്രുവരിയിൽ നടന്ന എഐ ഉച്ചകോടിയിൽ പങ്കെടുത്തതിനാൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് പ്രത്യേക ക്ഷണം നൽകിയിരുന്നെങ്കിലും, ഇതുവരെ പകരം പ്രതിനിധിയെ പോലും ബംഗ്ലാദേശ് നിർദ്ദേശിച്ചിട്ടില്ല.
ഷെയ്ഖ് ഹസീന ഡെൽഹിയിലെ മാധ്യമ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതിലുള്ള അതൃപ്തിയാണ് ഇതിന് കാരണം. ഇതിനിടയിൽ, റഷ്യ ഉൾപ്പെടുന്ന യുറേഷ്യൻ കൂട്ടായ്മയുമായി വ്യാപാര കരാർ ഒപ്പുവെക്കുന്നത് സംബന്ധിച്ച ചർച്ചകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും.
ഇതിനിടെ, ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന് ഏതാണ്ട് അന്തിമരൂപമായതായി വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ അറിയിച്ചു. ഏറ്റവും ഉചിതമായ സമയത്ത് ഈ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ധാരണ പൂർണ്ണമായാൽ ഡിസംബറിൽ അമേരിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

