പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെ പിടിവിട്ട് ക്രൂഡ് ഓയിൽ വില. രാജ്യാന്തര വിപണിയിൽ 20 ശതമാനത്തോളം വര്‍ധിച്ച വില ബാരലിന് 110 ഡോളർ പിന്നിട്ടു.
ആഗോള തലത്തിൽ ഓഹരി വിപണികൾ കൂടുതൽ ഇടിവിലേക്ക്. ഗിഫ്റ്റ് നിഫ്റ്റി ഇന്ന് കനത്ത ഇടിവിലാണ്.
ഇന്ത്യൻ ഓഹരി വിപണികൾ താഴ്ന്ന് വ്യാപാരം തുടങ്ങും. സ്വർണം, വെള്ളി വില കുത്തനെ ഇടിഞ്ഞു.
ഇറാനിൽ ആയത്തുള്ള ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്ത്തബ ഖമനയിയെ നിശ്ചയിച്ചു.
പിതാവിനേക്കാൾ തീവ്ര നിലപാടുള്ളാളാണ് മുജ്ത്തബ സൈന്യത്തിന് പുറമെ രാജ്യത്തെ ബിസിനസ് മേഖലയിലും വലിയ സ്വാധീനമുള്ളയാളാണ് മുജ്ത്തബ. പുതിയ പരമോന്നത നേതാവിനെയും തിരഞ്ഞെടുക്കുന്നവരെയും വധിക്കുമെന്നാണ് ഇസ്രയേൽ ഭീഷണി.
തങ്ങൾക്ക് കൂടി സ്വീകാര്യനല്ലെങ്കിൽ പുതിയ നേതാവിന് ഭരണം തുടരാൻ കഴിയില്ലെന്നാണ് യുഎസിന്റെ നിലപാട്. അതിനിടെ ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് സ്പെഷ്യൽ ഫോഴ്സിനെ അയക്കാൻ ഒരുങ്ങുന്നു.
ഇറാൻ സൈന്യത്തിന്റെ ശേഷി കുറഞ്ഞതിനു ശേഷമായിരിക്കും ഇത്. 60 ശതമാനം സമ്പുഷ്ടീകരിച്ച 450 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുണ്ടെന്നാണ് യുഎസ് കണക്ക്.
110 പിന്നിട്ട് ക്രൂഡ്
രാജ്യാന്തര വിപണിയില്‍ ബാരലിന് 110 ഡോളർ കടന്ന് ക്രൂഡ് ഓയിൽ വില.
ഡബ്ല്യൂടിഐ 110 ഡോളറിലും ബ്രെന്റ് 111 ഡോളറിലും മർബൻ 112 ഡോളറിലുമെത്തി. പാചക വാതകത്തിന്റെ വിലയും പത്തു ശതമാനത്തോളം വർധിച്ചിട്ടുണ്ട്.
ഇറാൻ യുദ്ധമുണ്ടായാൽ വില 110 ഡോളറിലെത്തുമെന്നാണ് നേരത്തെ വിവിധ സാമ്പത്തിക സ്ഥാപനങ്ങൾ പ്രവചിച്ചിരുന്നത്. എന്നാൽ 2008ലും 2022ലുമുണ്ടായ വില വര്‍ധനയേക്കാള്‍ ഗുരുതരമായിരിക്കും പുതിയ സാഹചര്യമെന്നാണ് പുതിയ വിലിരുത്തൽ.
അതല്ല കാരണം
ക്രൂഡ് ഓയില്‍ വില വർധിക്കാനുള്ള കാരണം വിപണിയിലെ ലഭ്യതക്കുറവല്ലെന്നും ആളുകള്‍ക്കുണ്ടായ ഭയമാണെന്നും യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ്.
നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഎസിൽ ഇന്ധന വില വർധിച്ചതിനിടെയാണ് റൈറ്റിന്റെ പ്രസ്താവന. ഇന്ധനവില വർധിക്കുന്നത് രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന ഫെബ്രുവരിയിലെ തൊഴിൽ കണക്കുകളും ആശാസ്യമല്ല. ഫെബ്രുവരിയില്‍ 97,000 പേർക്കാണ് ജോലി പോയത്.
അടുത്ത ദിവസങ്ങളിൽ യുഎസിൽ പെട്രോള്‍ ഗ്യാലനിന് 47 സെന്റും ഡീസൽ 83 സെന്റും വര്‍ധിച്ചിരുന്നു. ഇത് സാമ്പത്തിക വളർച്ചയുടെ വേഗം കുറയ്ക്കുമെന്നും ആശങ്കയുണ്ട്.
നിലവിൽ ലോക വിപണിയിൽ പാചക വാതകത്തിനോ ക്രൂഡ് ഓയിലിനോ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രൂഡ് ഓയിൽ വ്യാപാരികളാണ് വില വർധനയ്ക്ക് പിന്നിൽ. പശ്ചിമേഷ്യയിലെ യുദ്ധം കൂടുതൽ കാലത്തേക്ക് നീണ്ടേക്കുമെന്ന ആശങ്കയാണ് കാരണം.
എന്നാൽ ഇതൊരു താൽകാലികമായ പ്രതിഭാസമാണെന്നും അദ്ദേഹം റൈറ്റ് അവകാശപ്പെട്ടു.
ക്രൂഡ് ഓയിൽ വില കൂടാൻ കാരണം
1.രാജ്യാന്തര എണ്ണ വ്യാപാരത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്
2.പശ്ചിമേഷ്യയിലെ പ്രധാന എണ്ണയുൽപാദക രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കാൻ തീരുമാനിച്ചത്
3.ഈ രാജ്യങ്ങളിലെ എണ്ണയുൽപാദന കേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങൾ
നിലവിലെ സ്ഥിതിയെന്ത്
രാജ്യാന്തര വിപണിയിൽ നിലവിൽ ആവശ്യത്തിലധികം ക്രൂഡ് ഓയിലുണ്ട്. ഇറാനിൽ യുഎസ് – ഇസ്രയേൽ ആക്രമണമുണ്ടാകുന്നതിന് മുമ്പ് ഡിമാൻഡിനേക്കാളും കൂടുതലായിരുന്നു വിപണിയിലെ ക്രൂഡ് ഓയിൽ ലഭ്യത.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണവരവ് നിലച്ചു. യുദ്ധം കൂടുതൽ കാലം തുടർന്നാൽ എണ്ണ ക്ഷാമത്തിന് വഴിവെക്കുമെന്നാണ് ആശങ്ക.
പ്രശ്നങ്ങൾക്ക് പരിഹാരമായാലും ഉൽപാദനം നിർത്തിയ പ്ലാന്റുകളിൽ ഉൽപാദനം പുനരാംരംഭിക്കാൻ 15–30 ദിവസം വരെ വേണ്ടി വരും.
നഷ്ടം തുടരാൻ വിപണികൾ
കഴിഞ്ഞ വാരം ഏഷ്യൻ വിപണികൾ കുത്തനെ ഇടിഞ്ഞിരുന്നു. ഇറാൻ യുദ്ധം, ക്രൂഡ് ഓയിൽ വില, സ്വർണ നിരക്ക്, വിദേശ നിക്ഷേപം, പണപ്പെരുപ്പ കണക്കുകൾ തുടങ്ങിയവയാകും ഈ ആഴ്ച വിപണിയെ ബാധിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച 1.37 ശതമാനം ഇടിഞ്ഞ സെൻസെക്സ് 78,918.90ലും 1.27 ശതമാനം ഇടിഞ്ഞ നിഫ്റ്റി 24,450.45ലുമാണ് ക്ലോസ് ചെയ്തത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

