പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റ നിരക്കിൽ ഗണ്യമായ വർധന. ജൂൺ മാസത്തിൽ രാജ്യത്തെ പണപ്പെരുപ്പം 4.38 ശതമാനമായി ഉയർന്നു.
മേയ് മാസത്തിൽ ഇത് 3.48 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനയാണ് ഈ കുതിപ്പിന് പ്രധാന കാരണം.
2024 ഡിസംബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹനപരിധിയായ നാല് ശതമാനം ഈ വർഷം ആദ്യമായാണ് മറികടക്കുന്നത്.
പണപ്പെരുപ്പം 4 ശതമാനത്തിന് താഴെ നിലനിർത്താനാണ് ആർബിഐ ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിക്കുമ്പോൾ കേരളം പത്താം സ്ഥാനത്താണ്.
മേയ് മാസത്തിൽ 4.3 ശതമാനമായിരുന്ന കേരളത്തിലെ വിലക്കയറ്റത്തോത് ജൂണിൽ 4.34 ശതമാനമായി വർധിച്ചു. തെലങ്കാന (6.36%), ആന്ധ്രപ്രദേശ് (5.39%), തമിഴ്നാട് (5.24%) എന്നിവയാണ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.
രാജ്യവ്യാപകമായി ഭക്ഷ്യവിലക്കയറ്റം 4.78 ശതമാനത്തിൽ നിന്ന് 5.32 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. സ്വർണം, വെള്ളി, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾ, ഇഞ്ചി, തക്കാളി, ഉണക്കമുന്തിരി തുടങ്ങിയവയുടെ വിലയിൽ കഴിഞ്ഞ മാസം കാര്യമായ വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
വിലക്കയറ്റതോത്: ഒറ്റനോട്ടത്തിൽ
ഇന്ത്യ
∙ ആകെ: 4.38%
∙ ഗ്രാമം: 4.74%
∙ നഗരം: 3.92%
കേരളം
∙ ആകെ: 4.34%
∙ ഗ്രാമം: 5.07%
∙ നഗരം: 3.74%
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

