പറവൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ‘ചായ് പീടിയ’ എന്ന ഹോട്ടലിൽനിന്ന് വാങ്ങിയ ഭക്ഷണത്തിൽനിന്ന് ഒച്ചിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ നഗരസഭ നിർദേശം നൽകി. പറയകാട് സ്വദേശിയായ ഒരാൾ കഴിഞ്ഞ ദിവസം ഓൺലൈനായി ഓർഡർ ചെയ്ത മുട്ടക്കറിയിലാണ് വെന്ത നിലയിലുള്ള ഒച്ചിനെ കണ്ടെത്തിയത്.
വീട്ടിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭക്ഷണം കഴിച്ചു തുടങ്ങിയ ശേഷമാണ് ഈ അശുദ്ധി ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ പരാതിക്കാരൻ ബില്ലും ദൃശ്യങ്ങളും സഹിതം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകി.
ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ ഹോട്ടലിലെ ശുചിത്വക്കുറവ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്ന് നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷൻ ജോബി പഞ്ഞിക്കാരൻ വ്യക്തമാക്കി.
എന്നാൽ, ഒരു ജീവനക്കാരനെ പിരിച്ചുവിട്ടതിലുള്ള പകപോക്കലാണ് ഈ പരാതിക്ക് പിന്നിലെന്നാണ് ഹോട്ടൽ ഉടമകളുടെ വാദം. അതേസമയം, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകളിൽ കർശന പരിശോധന തുടരുകയാണ്.
ആലുവ നഗരസഭയുടെ നേതൃത്വത്തിൽ ദേശീയപാതയിലെ പറവൂർ കവലയിലുള്ള മൂന്ന് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഇതിൽ രണ്ട് ഹോട്ടലുകൾക്കെതിരെ മുൻപും സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
നഗരസഭാധ്യക്ഷ സൈജി ജോളി മൂത്തേടൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ഉമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ, കളമശേരിയിൽ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹൈജീൻ മോണിറ്ററിങ് സ്ക്വാഡ് പരിശോധനകൾക്ക് തുടക്കം കുറിച്ചു. നഗരസഭാധ്യക്ഷൻ ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെഎച്ച്ആർഎ യൂണിറ്റ് പ്രസിഡന്റ് കെ.യു.നാസർ, ജില്ലാ പ്രസിഡന്റ് വി.ടി.
ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

