എരുമപ്പെട്ടി മേഖലയിൽ അതിഥിത്തൊഴിലാളികൾ ഏകപക്ഷീയമായി വേതനം വർധിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്കും നിർമാണ പ്രവർത്തനങ്ങളുടെ സ്തംഭനത്തിനും കാരണമായിരുന്നു. തുടർന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഭാരവാഹികളും അതിഥി തൊഴിലാളി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരമായി.
എരുമപ്പെട്ടി, വേലൂർ, കടങ്ങോട് പഞ്ചായത്തുകളിലായി ആയിരത്തിലധികം അതിഥിത്തൊഴിലാളികളാണ് നിർമാണ മേഖലയിൽ ജോലി ചെയ്യുന്നത്. ലേബർ ഓഫിസ് മാനദണ്ഡപ്രകാരം ഹെൽപ്പർമാർക്ക് 840 രൂപയും ഭക്ഷണവുമാണ് നിശ്ചയിച്ചിരുന്നതെങ്കിലും, കരാറുകാർ സ്വന്തം നിലയ്ക്ക് 900 രൂപയും ഭക്ഷണവും നൽകി വരികയായിരുന്നു.
എന്നാൽ, തിരഞ്ഞെടുപ്പ് കാലത്തെ മടക്കയാത്രയ്ക്ക് ശേഷം തിരികെയെത്തിയ തൊഴിലാളികൾ കൂലി 1200 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് വർക്ക് സൈറ്റുകളിൽ നിസഹകരണം തുടങ്ങിയതോടെ നിർമാണ പ്രവൃത്തികൾ തടസ്സപ്പെടുകയും കരാറുകാർ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തു.
ഇതിനെ തുടർന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പൊലീസിലും ലേബർ ഓഫിസിലും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി. പൊലീസിന്റെ സാന്നിധ്യത്തിൽ കടങ്ങോട് റോഡ് ജംക്ഷനിലും പൊലീസ് സ്റ്റേഷനിലുമായി നടന്ന ചർച്ചയിലാണ് പുതിയ വേതന ഘടനയ്ക്ക് ധാരണയായത്.
ഇതുപ്രകാരം, ഹെൽപ്പർ തൊഴിലാളികൾക്ക് മറ്റു ചിലവുകളില്ലാതെ 950 രൂപയും തൊഴിൽ വൈദഗ്ധ്യമുള്ളവർക്ക് 1100 രൂപയുമാണ് കൂലിയായി നിശ്ചയിച്ചത്. ചർച്ചകൾക്ക് അസോസിയേഷൻ മേഖലാ പ്രസിഡന്റ് കെ.കെ.
ജോസഫ്, ഭാരവാഹികളായ കെ.കെ. കുഞ്ഞുണ്ണി, എ.വി.
ജയൻ, പി.ടി. മോഹനൻ, സി.എ.
സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

