അമ്പലവയൽ ∙ 182 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ചീങ്ങേരി ട്രൈബൽ ഫാം പദ്ധതികളും അടിസ്ഥാന സൗകര്യങ്ങളും വികസനങ്ങളുമില്ലാതെ നശിക്കുന്നു. 1956ൽ പട്ടികവർഗ വിഭാഗത്തിനും ഉന്നമനത്തിനും അവർക്കു സ്ഥിര വരുമാനത്തിനുമായി ആരംഭിച്ച ഫാമാണ് നൂതന പദ്ധതികളോ ആസൂത്രണങ്ങളോ ഇല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ നശിക്കുന്നത്.
100 ഏക്കറിലേറെ വരുന്ന കാപ്പിത്തോട്ടവും 82 ഏക്കർ മോഡൽ ഫാമും അടങ്ങുന്ന ചീങ്ങേരി ഫാമിന്റെ പ്രദേശത്തിലേറെയും കാടുമൂടിയും ഉപയോഗിക്കാതെയും കിടക്കുകയാണ്. കൂടുതൽ പദ്ധതികൾ നടപ്പിലാക്കി ഫാമിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ഉപയോഗപ്പെടുത്തിയാൽ ലക്ഷങ്ങളുടെ വരുമാനവും ഒട്ടേറെ പേർക്ക് തൊഴിലും വരുമാനവും ലഭിക്കും.
100 ഏക്കർ കാപ്പിക്കൃഷി, ഒരു ചെടിയിൽ നിന്ന് ‘വെറും അരക്കിലോ’
ചീങ്ങേരി ഫാമിന്റെ പ്രധാന വിളയായ 100 ഏക്കറോളം വരുന്ന കാപ്പിക്കൃഷിയിൽ നിന്നി ലഭിക്കുന്ന വിളവ് വളരെ ചെറുതാണ്.
ഏറെ സ്ഥലത്ത് കാപ്പി ചെടികളെല്ലാം നശിച്ചതിനാൽ 94 ഏക്കറിലെ ഇപ്പോൾ കാപ്പിയുള്ളു. കാലപ്പഴക്കമുള്ള കാപ്പിത്തൈകളാണ് ഫാമിലേറെയും.
ഇതെല്ലാം മാറ്റി അത്യൂൽപാദന ശേഷിയുള്ള ഇനങ്ങൾ പുനഃസ്ഥാപിക്കേണ്ട കാലം കഴിഞ്ഞെങ്കിലും അതും ഇതുവരെയും നടപ്പാക്കിയിട്ടില്ല.
ഒരു ചെടിയിൽ നിന്ന് അഞ്ചു കിലോ വരെ കാപ്പി സാധാരണ കർഷകർക്കു ലഭിക്കുമ്പോൾ ഇവിടെ ലഭിക്കുന്നത് അരക്കിലോ മാത്രമാണ്.
തൊഴിലാളികളുടെ കുറവും വേണ്ടത്ര പരിപാലനം ലഭിക്കാത്തതുമാണ് കാപ്പിച്ചെടികൾക്ക് വിളവ് കുറയാൻ കാരണം. ഒപ്പം കാപ്പി വിളവെടുപ്പ് സീസണായാൽ മോഷ്ടാക്കളുടെ ശല്യവുമുണ്ട്.
സുരക്ഷ വേലിയോ സുരക്ഷ സംവിധാനങ്ങളോയില്ലാത്തതിനാൽ മോഷ്ടാക്കൾ എളുപ്പമാണ്. ഈ വർഷവും ഒട്ടേറെ തവണ മോഷണം നടക്കുകയും മോഷ്ടാക്കൾ പിടിയിലാവുകയും ചെയ്തെങ്കിലും സുരക്ഷ സംവിധാനം ഒരുക്കാൻ കഴിയാത്തതിനാൽ മോഷണം തടയാൻ കഴിയാത്ത അവസ്ഥയാണ്.
കാപ്പിയോടൊപ്പം വിവിധയിനം കുരുമുളക് ചെടികൾ, സപ്പോട്ട തോട്ടം, അവക്കാഡോ, കിഴങ്ങ് വർഗങ്ങൾ, കമുക്, തെങ്ങ്, യൂക്കാലി കറുവപ്പട്ട
എന്നിവയും ഫാമിലുണ്ട്.
182 ഏക്കറിൽ 11 തൊഴിലാളികൾ
ഇത്രയും ഭൂവിസ്തൃതിയുള്ള ഫാമായിട്ടും ഇവിടെ തൊഴിലെടുക്കാനുള്ളത് 11 തൊഴിലാളികൾ മാത്രമാണ്. പതിറ്റാണ്ടുകൾക്കു മുൻപ് 31 പേരെ നിയമിച്ചെങ്കിലും അതിൽ ഇപ്പോൾ അവശേഷിക്കുന്നത് 3 സ്ത്രീകളും 8 പുരുഷന്മാരും മാത്രമാണ്.
ഇതിൽ ഭൂരിഭാഗം പേർക്കും ശാരീരിക അവശതകളുള്ളവരായതിനാൽ ജോലികളെയും ബാധിക്കുന്നുണ്ട്. ഇത്രയും പേരെ ഉപയോഗപ്പെടുത്തി 182 ഏക്കറിലെ പ്രവൃത്തികൾ നടത്താൻ സാധിക്കാത്തിനാൽ പകുതിയിലേറെ സ്ഥലങ്ങളും കാടുകയറി കിടക്കുകയാണ്.
വർഷങ്ങളായി 11 പേർ മാത്രമായതിനാൽ കാർഷിക പ്രവൃത്തികളെല്ലാം ഇത്രയും തൊഴിലാളികളെ വച്ച് നടപ്പാക്കാൻ സാധിക്കാറില്ല.
കാപ്പി, സപ്പോട്ട അടക്കമുള്ളവയിൽ ആവശ്യമായ സമയത്ത് പരിപാലനം എത്തുന്നില്ല.
രാത്രി കാലങ്ങളിൽ കാവലിനായി ഒന്നോ രണ്ടോ തൊഴിലാളികൾ നിന്നാൽ പകൽ ജോലിക്കായി എത്തുന്ന തൊഴിലാളികളുടെ എണ്ണം പിന്നെയും കുറയും.
തൊഴിലാളികൾക്കു വിശ്രമിക്കാൻ പോലും ഫാമിൽ സൗകര്യമില്ല. തൊഴിലാളികളുടെ ഹാജർ നിലയടക്കം രേഖപ്പെടുത്തുന്നത് ഒരു പഴയഷെഡിലാണ്.
അടുത്തിടെ അനുവദിച്ച രണ്ട് ചെറിയ കെട്ടിടങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. കൃഷിയിടത്തിലേക്ക് ആവശ്യമായ വളങ്ങളും വസ്തുക്കളുമെല്ലാം നനയാതെ സൂക്ഷിക്കാൻ പോലും ഇവിടെ സംവിധാനങ്ങളില്ല.
പഴയ ഇടിഞ്ഞ് വീഴാറായ കെട്ടിടങ്ങളിലാണ് ഇവയെല്ലാം സൂക്ഷിക്കുന്നത്. പലതും മഴയിൽ നനഞ്ഞു പോകുകയും ഉപയോഗിക്കാൻ കഴിയാതെ വരുന്നതുമെല്ലാം പതിവാണ്.
തൊഴിലാളികളും പദ്ധതികളും വേണം
മികച്ച രീതിയിൽ നടത്തിയാൽ നാടിന് ഗുണപ്രദമാകുകയും ഒട്ടേറെ പേർക്ക് തൊഴിൽ ലഭിക്കുകയും സർക്കാരിന് സാമ്പത്തിക ലാഭവും ലഭിക്കുന്നതാണ് ചീങ്ങേരി ഫാം.
കൂടുതൽ തൊഴിലാളികളെ നിയമിച്ചു വിളകൾക്ക് കൃത്യമായ പരിപാലനം ഒരുക്കുകയും കൂടുതൽ പദ്ധതികളും നടപ്പിലാക്കിയാൽ ലക്ഷങ്ങൾ വരുമാനം ലഭിക്കും. ഒപ്പം പ്രദേശത്തെ പട്ടിക വർഗ വിഭാഗത്തിലുള്ള ഒട്ടേറെ പേർക്കു സ്ഥിരം ജോലിയും വരുമാനവും ലഭിക്കുമെന്നതും നേട്ടമാണ്.
ഫാമിന് അടിസ്ഥാന സൗകര്യവും ഒരുക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ സുരക്ഷ വേലികളെന്നുമില്ലാത്തതിനാൽ ഫാമിന്റെ സ്ഥലത്തെല്ലാം സാമൂഹികവിരുദ്ധരുടെ ശല്യവും ഏറെയാണ്.
പല ഭാഗത്തും രാത്രികാലങ്ങളിലടക്കം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ സജീവമാണ്. തൊഴിലാളികളില്ലാതെയും സംരക്ഷിക്കാൻ നടപടിയുമില്ലാതെ നശിക്കുന്ന ഫാമിനെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

