യുഎസ് വേദിയാകുന്ന ഈ വർഷത്തെ ഫിഫ ലോകകപ്പിൽ ഫ്രാൻസ് ചാംപ്യന്മാർ ആകുമെന്ന് ബാങ്ക് ഓഫ് അമേരിക്കയുടെ സർവേ. കിലിയൻ എംബപ്പേ ‘ഗോൾഡൻ ബൂട്ട്’ സ്വന്തമാക്കുമെന്നും ബാങ്ക് സർവേ പ്രവചിക്കുന്നു.
എന്നാൽ, മൈക്രോസോഫ്റ്റിന്റെ ‘കോപൈലറ്റ്’ എഐയുടെ പ്രവചനം സ്പെയിൻ കിരീടം ചൂടുമെന്നാണ്.
പ്രവചനങ്ങൾ അവിടെനിൽക്കട്ടെ. ഫിഫയുടെ ലോകകപ്പ് പൂരം ലോക ജിഡിപിക്കുതന്നെ വമ്പൻ കുതിപ്പാകുമെന്നാണ് ഫിഫയും ലോക വ്യാപാര സംഘടനയും (ഡബ്ല്യുടിഒ) ചേർന്നുള്ള പഠന റിപ്പോർട്ട് പറയുന്നത്.
ഏറ്റവുമധികം കോളടിക്കുന്നത് യുഎസിനായിരിക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അത് വൻ ‘മധുരവുമാകും’.
യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ഇക്കുറി ഫുട്ബോൾ ലോകകപ്പ്.
ജൂൺ-ജൂലൈ മാസങ്ങളിൽ ലോകമനസ്സാകെ പന്തുതട്ടും. ഏകദേശം 65 ലക്ഷം കാണികൾ എത്തുന്ന ഇത്തവണത്തെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വമ്പനെന്ന നേട്ടം സ്വന്തമാക്കുമെന്നാണ് കരുതുന്നത്.
ആഗോളതലത്തിൽ 8000 കോടി ഡോളറിന്റെ (ഏകദേശം 7.65 ലക്ഷം കോടി രൂപ) അധിക ഉൽപാദന വർധനയ്ക്ക് (ഗ്ലോബൽ ഔട്ട്പുട്ട് ഗ്രോത്ത്) ഫിഫ ലോകകപ്പ് വഴിയൊരുക്കുമെന്നാണ് പഠന റിപ്പോർട്ടിലുള്ളത്.
ലോക ജിഡിപിയിൽ 4100 കോടി ഡോളറിന്റെ (3.92 ലക്ഷം കോടി രൂപ) സംഭാവനയും ഇതുനൽകും. 8.24 ലക്ഷം പേർക്ക് പുതുതായി ജോലിയും ലഭിക്കും.
ഇതിൽ ഏറ്റവുമധികം നേട്ടം യുഎസിന് തന്നെ.
യുഎസിലെ ഉൽപാദനത്തിൽ 3050 കോടി ഡോളറിന്റെ (2.91 ലക്ഷം കോടി രൂപ) വർധന പ്രതീക്ഷിക്കുന്നു. ജിഡിപിയിൽ 1720 കോടി ഡോളറിന്റെ (1.64 ലക്ഷം കോടി രൂപ) വർധനയുണ്ടാകും.
1.85 ലക്ഷം പേർക്ക് തൊഴിലും ലഭിക്കും. ട്രംപ് ഭരണകൂടത്തിന് ഇത് വൻ നേട്ടമാകും.
16 നഗരങ്ങളിലായാണ് ഇക്കുറി ഫുട്ബോൾ ലോകകപ്പ് വേദികളൊരുങ്ങുന്നത്.
11 ട്രില്യൻ ഡോളറാണ് (1050 ലക്ഷം കോടി രൂപ) ഈ നഗരങ്ങളുടെ സംയോജിത ജിഡിപി മൂല്യമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാഷ്ട്രങ്ങളുടെ ജിഡിപിയിൽ തൊട്ടടുത്ത വർഷം ശരാശരി 0.4% വളർച്ചയുണ്ടായിട്ടുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നു.
അതേസമയം, പല രാജ്യങ്ങൾക്കും ലോകകപ്പ് വേദിപ്രഖ്യാപനത്തിനുശേഷം തിരിച്ചടികളോ അനുകൂല സാഹചര്യങ്ങളോ ഉണ്ടായത് സമ്പദ്വളർച്ചയെ സ്വാധീനിച്ചിട്ടുമുണ്ട്.
ഉദാഹരണത്തിന്, യുഎസിൽ 1994ല് ലോകകപ്പ് നടക്കുമെന്ന പ്രഖ്യാപനമുണ്ടായത് 1988 ജൂലൈയിൽ ആയിരുന്നു. എന്നാൽ, പ്രഖ്യാപനത്തിന് ശേഷം യുഎസിൽ ബാങ്കിങ് മേഖലയിൽ കടുത്ത പ്രതിസന്ധികളുണ്ടായി.
2006ൽ ജർമനിയിൽ ലോകകപ്പ് നടക്കുമെന്ന പ്രഖ്യാപനമുണ്ടായത് 2000 ജൂലൈയിൽ. തുടർന്നായിരുന്നു ഡോളറിനെതിരെ യൂറോയുടെ തകർച്ച.
ബ്രസീലിൽ 2014ലെ ലോകകപ്പ് പ്രഖ്യാപനമുണ്ടായത് 2007 ഒക്ടോബറിൽ.
2008ൽ ക്രൂഡ് ഓയിൽ വില സർവ റെക്കോർഡുകളും തകർത്ത് ഉയർന്നു. ഖത്തർ ലോകകപ്പ് വേദിയാകുമെന്ന പ്രഖ്യാപനം 2010 ഡിസംബറിൽ ആയിരുന്നു.
2010നുശേഷം ഖത്തറും ഗൾഫ് രാജ്യങ്ങളും സാമ്പത്തിക കുതിപ്പ് നടത്തുന്നത് ലോകം സാക്ഷിയായി.
ലോകകപ്പ് പൂരം ബെറ്റിങ് അഥവാ വാതുവയ്പ്പ് വിപണിക്കും ‘സന്തോഷം’ പകരുന്ന കാലമാണെന്ന് കണക്കുകൾ പറയുന്നു. 2018ലെ റഷ്യ ലോകകപ്പിൽ മൊത്തം ബെറ്റിങ് വരുമാനം 15,900 കോടി ഡോളറായിരുന്നു (15 ലക്ഷം കോടി രൂപ).
യുഎസ് ലോകകപ്പ് ഇതിനെ മറികടന്നേക്കും.
ഫ്രാൻസിനാണ് ഇക്കുറി കിരീട സാധ്യ ബാങ്ക് ഓഫ് അമേരിക്ക പ്രവചിക്കുന്നതെങ്കിലും ഫേവറിറ്റുകളായി തൊട്ടുപിന്നാലെ ഇംഗ്ലണ്ട്, അർജന്റീന, ജർമനി, സ്പെയിൻ, ബ്രസീൽ എന്നിവയുണ്ട്.
ടൂർണമെന്റിൽ മാറ്റുരയ്ക്കുന്ന ടീമുകൾക്ക് ‘പ്രൈസ് മണി’യായി ആകെ 87.1 കോടി ഡോളർ ലഭിക്കും. ഓരോരുത്തർക്കും 1.25 കോടി ഡോളർ വീതം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

