ഇന്ത്യൻ ഓഹരി വിപണിയിൽ പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) പുത്തൻ ഉണർവ് ദൃശ്യമാകുന്നു. ഏകദേശം 10,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് മൂന്ന് പ്രമുഖ കമ്പനികളാണ് വരും ദിവസങ്ങളിൽ വിപണിയിൽ എത്തുന്നത്.
വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യൻ വിപണിയിൽ സജീവമായതും നിക്ഷേപകരിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ആണ് ഇതിൽ ഏറ്റവും വലിയ ഐപിഒയുമായി എത്തുന്നത്.
9812.91 കോടി രൂപയാണ് കമ്പനി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. പ്രീ ഐപിഒ റൗണ്ടിലെ ഫണ്ട് സമാഹരണത്തിന് ശേഷം തുകയിൽ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്.
545-574 രൂപ പ്രൈസ് ബാൻഡിൽ 17.09 ഓഹരികളാണ് വിൽപനയ്ക്ക് വയ്ക്കുന്നത്. ഇത് പൂർണമായും ഓഫർ ഫോർ സെയിൽ മാതൃകയിലാണ് നടക്കുന്നത്.
ഇതിലൂടെ വിപണിയിൽ കമ്പനിക്ക് 1.17 ലക്ഷം രൂപ മൂല്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ജൂലൈ 14-ന് ആരംഭിച്ച് ജൂലൈ 16-ന് ഐപിഒ അവസാനിക്കും.
ഇതോടൊപ്പം ഗുജറാത്ത് ആസ്ഥാനമായുള്ള ആൽപൈൻ ടെക്സ് വേൾഡ് 126.5 കോടി രൂപ സമാഹരിക്കാനായി രംഗത്തുണ്ട്. പുതിയ യന്ത്രസാമഗ്രികൾ വാങ്ങുന്നതിനും വായ്പകൾ തിരിച്ചടയ്ക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക.
1.2 കോടി ഓഹരികൾ വിപണിയിൽ എത്തിക്കുന്ന കമ്പനി 100-105 രൂപയാണ് പ്രൈസ് ബാൻഡായി നിശ്ചയിച്ചിരിക്കുന്നത്. എസ്എംഇ വിഭാഗത്തിൽ മിൽവർക്സ് ടെക്നോളജീസ് ലിമിറ്റഡ് 160.3 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു.
315-331 രൂപയാണ് ഇതിന്റെ പ്രൈസ് ബാൻഡ്. ഈ രണ്ട് കമ്പനികളുടെയും ഐപിഒ നടപടികൾ ജൂലൈ 14-ന് തുടങ്ങി ജൂലൈ 16-ന് പൂർത്തിയാകും.
വിദേശ നിക്ഷേപകരുടെ മടങ്ങിവരവ് തുടർച്ചയായ നാല് മാസത്തെ പിന്മാറ്റത്തിന് ശേഷം ജൂലൈയിൽ വിദേശ നിക്ഷേപകർ (FPI) വീണ്ടും ഇന്ത്യൻ ഓഹരി വിപണിയിൽ വാങ്ങലുകാരായി മാറി. ഇതുവരെ 15,157 കോടി രൂപയുടെ ഓഹരികളാണ് ഇവർ സ്വന്തമാക്കിയത്.
ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റങ്ങളും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിലുണ്ടായ സ്ഥിരതയുമാണ് ഇതിന് കാരണമായത്. മാർച്ചിൽ 1.17 ലക്ഷം കോടി രൂപയും, ഏപ്രിലിൽ 60,847 കോടി രൂപയും, മേയിൽ 32,963 കോടി രൂപയും, ജൂണിൽ 49,340 കോടി രൂപയുമാണ് വിദേശ നിക്ഷേപകർ പിൻവലിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

