വർഷങ്ങളായി നീണ്ടുനിൽക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഇറാനിലെ സാധാരണക്കാരുടെ ജീവിതം അതീവ ദുഷ്കരമാക്കിയിരിക്കുകയാണ്. പല കുടുംബങ്ങളിലും ലഭിക്കുന്ന വരുമാനം നിത്യോപയോഗ സാധനങ്ങൾക്കും ഭക്ഷണത്തിനും മാത്രമായി പരിമിതപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
സർക്കാർ തലത്തിൽ സബ്സിഡികൾ അനുവദിക്കുന്നുണ്ടെങ്കിലും, നിയന്ത്രണാതീതമായി വർധിച്ചുവരുന്ന പണപ്പെരുപ്പം ചെലവുകളെ അമിതമാക്കുകയാണ്. ലഭ്യമായ കണക്കുകൾ പ്രകാരം, ശരാശരി ശമ്പളം ലഭിക്കുന്ന വിവാഹിതനായ ഒരാൾക്ക് മൂന്നംഗങ്ങളുള്ള തന്റെ കുടുംബത്തിന്റെ ഭക്ഷണ ആവശ്യങ്ങൾക്കായി മാത്രം പ്രതിമാസം 78 ലക്ഷം ഇറാനിയൻ റിയാലുകൾ ചെലവാക്കേണ്ടി വരുന്നു.
ഇതോടെ വാടക, ഗതാഗതം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനപരമായ മറ്റ് ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ സാധാരണക്കാർ നട്ടംതിരിയുകയാണ്. രാജ്യാന്തര നാണ്യ നിധിയുടെ (ഐഎംഎഫ്) റിപ്പോർട്ടുകൾ പ്രകാരം, 2025-ൽ 1.6 ശതമാനമായിരുന്ന ഇറാനിലെ സാമ്പത്തിക വളർച്ചാ നിരക്കിന്റെ ചുരുങ്ങൽ, 2026-ഓടെ 6.1 ശതമാനമായി വർധിക്കുമെന്നാണ് സൂചന.
ഇതിനുപുറമെ, പണപ്പെരുപ്പം പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു. കഴിഞ്ഞ വർഷം 50 ശതമാനമായിരുന്ന ഉപഭോക്തൃ വിലക്കയറ്റം ഈ വർഷം 68.9 ശതമാനത്തിലേക്ക് കുതിക്കുമെന്നാണ് പ്രവചനം.
ഇറാൻ സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റെ കണക്കുകൾ പ്രകാരം വാർഷിക വിലക്കയറ്റം നിലവിൽ 66 ശതമാനമാണ്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിലക്കയറ്റം 88 ശതമാനവും, ഭക്ഷണ സാധനങ്ങളുടെ വില 130 ശതമാനവും വർധിച്ചിട്ടുണ്ട്.
മാംസം, പാൽ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലയിൽ 180 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക വിദഗ്ധരുടെ നിഗമനത്തിൽ, 2018-ൽ യുഎസ് ആണവ കരാറിൽ നിന്ന് പിന്മാറിയതിന് പിന്നാലെ 40 മുതൽ 45 ശതമാനം വരെ വാർഷിക വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്.
ഈ കാലയളവിൽ സാധാരണക്കാരുടെ വരുമാനത്തിൽ വർധനവ് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, വാങ്ങൽ ശേഷിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുഎസുമായി സമാധാന കരാറിലെത്തിയാൽ പോലും വിലക്കയറ്റം പെട്ടെന്ന് കുറയാൻ സാധ്യതയില്ലെന്നും, ഉപരോധങ്ങൾ പിൻവലിച്ചാലും രാജ്യാന്തര വിപണിയിൽ പഴയ നിലയിലേക്ക് തിരിച്ചെത്താൻ വർഷങ്ങളെടുക്കുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
എണ്ണ വിൽപ്പനയിലെ നിയന്ത്രണം അതിനിടെ, ഹോർമുസിൽ വെച്ച് ചരക്കുകപ്പലിനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന്, ഇറാനു പൊതുവിപണിയിൽ എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി വകുപ്പ് റദ്ദാക്കി. ഇറാന്റെ ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെയുണ്ടായ സമാധാന ഉടമ്പടി പ്രകാരം ഓഗസ്റ്റ് 21 വരെയായിരുന്നു എണ്ണ വിൽക്കാൻ ഇറാനു ലഭിച്ചിരുന്ന ഇളവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

