കൊച്ചി∙ ഇപ്പോൾ ഡോളറിനെതിരെ, 90ൽ എത്തി നിൽക്കുന്ന ഇന്ത്യൻ രൂപ അടുത്ത് തന്നെ 91 ലേക്ക് കടക്കുമെന്നാണ് കറൻസി വിപണിയുടെ വിലയിരുത്തൽ. സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചിരുന്നതിലും മുകളിലോട്ടു പോയിട്ടും, പണപ്പെരുപ്പം വളരെ കുറഞ്ഞു നിന്നിട്ടും, വിദേശ നാണ്യ കരുതൽ ശേഖരം വളരെ സുരക്ഷിത നിലയിലായിട്ടും ഡോളറിനെതിരെ എന്തുകൊണ്ടാണ് രൂപയുടെ മൂല്യം കുത്തനെ താഴേക്കു പോകുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്.
സാമ്പത്തിക ഘടനയിലെ ഈ പ്രധാന ഘടകങ്ങൾ അനുകൂലമാണെങ്കിലും, അതുപോലെയൊ, അതിനേക്കാൾ ഉപരിയോ പ്രധാനപ്പെട്ട ഘടകങ്ങൾ അത്ര ആശാവഹമല്ല.
അമേരിക്കയിലേക്കുള്ള കയറ്റുമതി വലിയതോതിൽ കുറഞ്ഞതു മൂലം രാജ്യത്തേക്കുള്ള ഡോളറിന്റെ ഒഴുക്കിൽ വന്ന കുറവ്, കൂടിക്കൊണ്ടിരിക്കുന്ന വ്യാപാരക്കമ്മി, നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വന്ന ഇടിവ്, ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പലായനം, ഇത് മൂലം രാജ്യത്തു നിന്ന് 2025 ൽ മാത്രം ഒഴുകിപ്പോയ 1,700 കോടി ഡോളർ, രൂപയെ രക്ഷിക്കാൻ ഇടപെടേണ്ട
എന്ന ആർബിഐ യുടെ നയത്തിൽ വന്ന മാറ്റം എന്നിവയാണ് രൂപയുടെ ഇപ്പോഴത്തെ അതിശോഷണത്തിനു കാരണം. രാജ്യത്ത് നിന്ന് ഡോളർ പുറത്തേക്കു ഒഴുകുമ്പോൾ, അത് നികത്താൻ പുറത്തുനിന്നു ഡോളർ എത്തുന്നില്ല എന്ന് സാരം.
ഇത് ഘടനാ പരമായ ഒരു വീഴ്ചയായാണ് വിദഗ്ധർ വിലയിരുത്തുന്നത്.
വിദേശ നിക്ഷേപകർ ഓഹരികൾ വിൽക്കുമ്പോൾ വില രൂപയിലാണ് കിട്ടുന്നത്. ഈ പണം അവരുടെ രാജ്യത്തേക്ക് അയക്കുന്നത് ഡോളറിൽ ആയിരിക്കും.
അവർ ഈ പണം വിപണിയിൽ കൊടുത്തു ഡോളർ വാങ്ങും. ഇങ്ങനെ ഡോളറിന്റെ ആവശ്യം വലിയ തോതിൽ കൂടുമ്പോൾ വിപണിയിൽ ഡോളറിനു ക്ഷാമമുണ്ടാവുകയും, അതനുസരിച്ചു രൂപയുടെ വില താഴുകയും ചെയ്യും.
ഇതുവരെ രൂപയുടെ മൂല്യം വളരെ അധികം താഴുമ്പോൾ ആർബിഐ അവരുടെ ശേഖരത്തിൽ നിന്ന് ഡോളർ വിപണിയിൽ എത്തിച്ചു രൂപയെ രക്ഷിക്കുമായിരുന്നു.
ഇപ്പോൾ പുറത്ത് വരുന്നതനുസരിച്ചു, ആർബിഐ യുടെ നിലപാട് രൂപയുടെ മൂല്യം വിപണി നിശ്ചയിക്കട്ടെഎന്നാണ്. മൂല്യം കൃതൃമമായി നിലനിർത്തേണ്ട
കാര്യമില്ല. അതല്ല രൂപയുടെ മൂല്യം വല്ലാതെ ഇടിഞ്ഞാൽ, 69,000 കോടി ഡോളർ ശേഖരമുള്ള കേന്ദ്രബാങ്കിനു രൂപയെ രക്ഷിക്കാനാകും എന്നതാണ്.
എന്നാൽ ഒരു കൂട്ടം സാമ്പത്തിക വിദഗ്ധർ പറയുന്നതനുസരിച്ചു ഈ നയമാറ്റത്തിന്റെ കാരണം മറ്റൊന്നാണ്.
ഇന്ത്യ എണ്ണയുടെ ആവശ്യത്തിന്റെ 90 ശതമാനവും, ഭക്ഷ്യ എണ്ണയുടെ ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് നേരിടുന്നത്. അനിശ്ചിതമായി ശോഷിച്ചു കൊണ്ടിരിക്കുന്ന രൂപയുടെ മൂല്യം ഉയർത്തി നിർത്താനായി ഡോളർ ശേഖരം ചെലവഴിച്ചാൽ , ഇവയുടെ ഇറക്കുമതി തകരാറിൽ ആകും.
അത് ഒഴിവാക്കാനാണ് ആർബിഐ ഇങ്ങനെ ഒരു നയമാറ്റം നടത്തിയത് എന്നാണ് അവർ വിലയിരുത്തുന്നത്.
ഇതുവരെ ഏതാണ്ട് ഓഹരി വിപണിയിൽ മാത്രം ഒതുങ്ങി നിന്ന രൂപയുടെ മൂല്യ ശോഷണത്തിന്റെ ആപത്ത്, ഇന്ത്യൻ കുടുംബങ്ങളിലേക്ക് എത്തുവാൻ അധികകാലം വേണ്ട. എണ്ണയുടെയും, ഭക്ഷ്യ എണ്ണയുടെയും ഇറക്കുമതി ബില്ല് കൂടുമ്പോൾ, പാചക വാതകത്തിന്റെയും, പെട്രോളിന്റെയും, ഭക്ഷ്യ എണ്ണയുടെയും, മറ്റു പല വസ്തുക്കളുടെയും വില കൂടും.
ഇറക്കുമതി ചെയ്ത ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയവയുടെയും, ഇറക്കുമതി ചെയ്ത ഘടകങ്ങൾ ഉള്ള വീട്ടുപകരണങ്ങളുടെയും വില ഉയരും. അത് കുടുംബ ബജറ്റിനെ തകിടം മറിക്കും .
കുട്ടികളെ വിദേശത്ത് പഠിപ്പിക്കാൻ എടുത്ത ഡോളർ വായ്പയുടെ മാസ തിരിച്ചടവ് കൂടും.
ഡോളറിനു 80 രൂപ നിരക്കിൽ ലോൺ എടുത്തവരുടെ മാസ തിരിച്ചടവിൽ 12-13 ശതമാനം വർധനയുണ്ടാകും. അതുപോലെ, വിദേശത്ത് 50,000 ഡോളർ ഫീസ് കൊടുക്കാൻ ഡോളറിനു 80 രൂപ നിരക്കിൽ 40 ലക്ഷം മതിയായിരുന്നെങ്കിൽ, ഇപ്പോഴത്തെ നിരക്കനുസരിച്ചു അത് 45 ലക്ഷം ആകും.
അതുപോലെ കുടുംബങ്ങളുടെ വിദേശ വിനോദ യാത്രയെയും ഇത് ബാധിക്കും.
നേരത്തെ 2,000 ഡോളർ ചെലവുള്ള യാത്രയ്ക്ക് 1.6 ലക്ഷം മതിയായിരുന്നു. ഇപ്പോൾ അത് 1.8 ലക്ഷമാകും.ഇറക്കുമതി ആവശ്യമുള്ള ചെറുകിട
സ്ഥാപനങ്ങളെയും ഇത് ഗുരുതരമായി ബാധിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

