വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും യുവതാരം വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത വിമര്‍ശനവുമായി ബാല്യകാല പരിശീലകന് മനീഷ് ഓജ രംഗത്ത്. ഗൗതം ഗംഭീര്‍ നേതൃത്വം നല്കുന്ന ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ നിലപാടുകളില്‍ ഏകാധിപത്യ പ്രവണതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
സൂര്യവംശിയെപ്പോലെയുള്ള മികച്ച പ്രതിഭകളെ നിരന്തരം ബെഞ്ചിലിരുത്തുന്നത് അവരുടെ മാനസിക ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. അന്താരാഷ്ട്ര തലത്തില്‍ ഒരു യുവതാരം വളര്‍ന്നുവരണമെങ്കില്‍ മത്സര പരിചയം അത്യാവശ്യമാണെന്ന് മനീഷ് ഓജ ചൂണ്ടിക്കാണിച്ചു.
ഇത് സംബന്ധിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “നിലവിലെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് കരുതുന്നത് കളിക്കാരെ ബെഞ്ചിലിരുത്തിയാല്‍ വളര്‍ത്താം എന്നാണ്. ക്രിക്കറ്റിലെ ഏതൊരു ഇതിഹാസത്തോട് ചോദിച്ചാലും അവര്‍ പറയും അടുത്ത തലമുറയിലെ കളിക്കാരെ വാര്‍ത്തെടുക്കാന്‍ അവര്‍ക്ക് മത്സരങ്ങളില്‍ കളിക്കാന്‍ അവസരം നല്‍കണമെന്ന്.
ബെഞ്ചിലിരുന്ന് ഒരു കളിക്കാരനും വളര്‍ന്നിട്ടില്ല, ഇനി വളരുകയുമില്ല.” 2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ചരിത്രമുള്ള വൈഭവ് സൂര്യവംശിക്ക് വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇതുവരെ പ്ലേയിംഗ് ഇലവനില്‍ ഇടംനേടാന്‍ സാധിച്ചിട്ടില്ല. ടീമില്‍ തനിക്ക് അര്‍ഹമായ സ്ഥാനമില്ലെന്ന തോന്നല്‍ ഇത്തരം നടപടികള്‍ താരങ്ങളില്‍ ഉണ്ടാക്കുമെന്നും ഓജ വ്യക്തമാക്കി.
“ഈ പ്രായത്തില്‍ ഓരോ മത്സരം കളിക്കുന്തോറുമാണ് ഒരു കളിക്കാരന് പക്വത നേടേണ്ടതും കളി മെച്ചപ്പെടുത്തേണ്ടതും. എന്നാല്‍ അവന് പുറത്തിരുന്ന് വെള്ളം ചുമക്കുകയാണ്.
മാനേജ്മെന്റിന് തോന്നുന്നത് പോലെ ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നത്.” എന്നും അദ്ദേഹം വിമര്‍ശിച്ചു. താരത്തിന്റെ കഴിവിലും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളിലും തനിക്ക് പൂര്‍ണ്ണ ബോധ്യമണ്ടെന്നും പരിശീലകന് ആവര്‍ത്തിച്ചു.
“എന്നെ സംബന്ധിച്ച് വൈഭവ് ഒരു കൊടുങ്കാറ്റാണ്. അതിനെ തടയാന്‍ നോക്കുന്നവര്‍ തകരുകയേ ഉള്ളൂ.
ഇതൊരു ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ ഉള്ളതല്ല, വരും വര്‍ഷങ്ങളില്‍ സൂര്യനെപ്പോലെ തിളങ്ങാന്‍ പോകുന്ന പ്രതിഭയാണ് അവന്.” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

