യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട ‘ഉപരോധശരങ്ങൾ’ റഷ്യയ്ക്ക് കനത്ത ആഘാതമാകുന്നു.
റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണകയറ്റുമതി കമ്പനികളായ ലൂക്കോയിലിനും റോസ്നെഫ്റ്റിനും കഴിഞ്ഞമാസമാണ് ട്രംപ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഇന്ത്യയുടെയും ചൈനയുടെയും നിരവധി കമ്പനികൾ റഷ്യൻ എണ്ണയോട് മുഖംതിരിച്ചു.
ഇപ്പോഴിതാ, ഉറ്റ സുഹൃദ് രാഷ്ട്രമായ തുർക്കിയും കൈവിട്ടു.
യുക്രെയ്നെതിരായ യുദ്ധാനന്തരം ഇന്ത്യയും ചൈനയുമായിരുന്നു വൻതോതിൽ റഷ്യൻ എണ്ണ വാങ്ങി റഷ്യൻ കമ്പനികളുടെ വരുമാനത്തെ പിടിച്ചുനിർത്തിയത്. ഇവയ്ക്ക് തൊട്ടുപിന്നിലായിരുന്നു തുർക്കി.
ഇപ്പോൾ യുഎസ് ഉപരോധ പശ്ചാത്തലത്തിൽ 3 രാജ്യങ്ങളും ഒറ്റയടിക്ക് കൈവിട്ടത് റഷ്യൻ എണ്ണക്കമ്പനികൾക്കും പുട്ടിൻ ഗവൺമെന്റിനും വലിയ ആഘാതമായിട്ടുണ്ട്.
ബിപിസിഎല്ലിന്റെ അപ്പർ സാകൂം!
ഇന്ത്യയിലേക്ക് ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങിയിരുന്ന റിലയൻസ് ഇൻഡസ്ട്രീസ്, ഇപ്പോൾ ഏറ്റവുമധികം വാങ്ങുന്നത് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള എണ്ണയാണ്. പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷനാകട്ടെ (ബിപിസിഎൽ) റഷ്യൻ എണ്ണയ്ക്ക് ബദലായി യുഎഇയുടെ അപ്പർ സാകൂം ക്രൂഡ് വാങ്ങിത്തുടങ്ങി.
ബിപിസിഎല്ലിന്റെ പുത്തൻ കരാർ പ്രകാരം 20 ലക്ഷം ബാരൽ വീതമുള്ള രണ്ട് എണ്ണക്കപ്പലുകൾ അടുത്തമാസം ഇന്ത്യയിലെത്തും. നേരത്തേ ബിപിസിഎൽ ഏറ്റവുമധികം വാങ്ങിയിരുന്നത് റഷ്യൻ എണ്ണയായിരുന്നു.
ഇനി ആ എണ്ണ വേണ്ട!
റഷ്യൻ എണ്ണ ഇനി ആവശ്യമില്ലെന്ന് മറ്റൊരു പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ (എച്ച്പിസിഎൽ) ചെയർമാൻ വികാസ് കൗശലും വ്യക്തമാക്കി.
കമ്പനിയുടെ മൂന്നാംപാദ പ്രവർത്തനഫല പ്രഖ്യാപനത്തോട് അനുബന്ധിച്ചുള്ള ‘ഏർണിങ്സ് കോളിലാണ്’ അദ്ദേഹം ഇതുപറഞ്ഞത്. കഴിഞ്ഞപാദത്തിൽ കമ്പനി മൊത്തം 60 ലക്ഷം ടൺ ക്രൂഡ് ഓയിൽ വാങ്ങിയതിൽ 50 ലക്ഷവും ഇറക്കുമതിയായിരുന്നു.
ഇതിൽ 5% മാത്രമായിരുന്നു റഷ്യൻ എണ്ണയെന്നും അതൊഴിവാക്കിയാലും പ്രശ്നമില്ലെന്നും മിഡിൽ ഈസ്റ്റിൽ നിന്നും പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും ബദൽ എണ്ണ വാങ്ങാവുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കൈവിട്ട് ചൈന
ചൈനീസ് കമ്പനികളും റഷ്യൻ എണ്ണയെ കൈവിടുകയാണ്. ചൈനയുടെ പൊതുമേഖലാ എണ്ണക്കമ്പനികളായ സിനോപെക്, പെട്രോചൈന എന്നിവ ലൂക്കോയിൽ, റോസ്നെഫ്റ്റ് എന്നിവയ്ക്ക് നൽകിയ ചില ഓർഡറുകൾ റദ്ദാക്കി.
ചൈനയിലെ സ്വകാര്യ കമ്പനികളും സമാന തീരുമാനത്തിലേക്ക് വൈകാതെ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടർക്കിഷ് ആഘാതം
തുർക്കിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളും റഷ്യൻ-ഇതര എണ്ണ വാങ്ങുന്നതിലേക്ക് ചുവടുമാറ്റി. ബദലായി ഇറാഖ്, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഇപ്പോൾ എണ്ണ വാങ്ങുന്നത്.
കസാക്കിസ്ഥാന്റെ കസാക്ക് കെബ്കോ ഇനത്തിന് റഷ്യയുടെ യൂറൽസ് ഗ്രേഡിന്റെ സമാന നിലവാരമാണുള്ളതെന്നതും തുർക്കി നേട്ടമായി കാണുന്നുണ്ട്. ഉപരോധമുള്ള റഷ്യൻ കമ്പനികളുടെ എണ്ണ വാങ്ങിയാലും റഷ്യൻ എണ്ണക്കപ്പലുകൾ വഴി അവ നീക്കം ചെയ്താലും ഇതേ ഉപരോധങ്ങൾ ഇടപാട് നടത്തുന്ന കമ്പനികൾക്കും വ്യക്തികൾക്കും ബാധകമാകും.
ഈ തിരിച്ചടി ഭയന്നാണ് പല കമ്പനികളും ഇപ്പോൾ റഷ്യൻ എണ്ണ വേണ്ടെന്നുവയ്ക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

