ജർമ്മനിയിലെ തന്റെ ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് ഒരു പ്രവാസി യുവാവ്. മോഹിത് എന്ന ഇന്ത്യക്കാരനായ യുവാവാണ് ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള തൊഴിൽ സംസ്കാരത്തിലെ പ്രകടമായ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
വൈകുന്നേരം അഞ്ച് മണിക്ക് തൊട്ടുമുമ്പ് പകർത്തിയ ഈ ദൃശ്യങ്ങൾ ഇതിനോടകം വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വൈകുന്നേരം 4.58 എന്ന് ഫോണിൽ കാണിച്ചുകൊണ്ടാണ് യുവാവ് വീഡിയോ ആരംഭിക്കുന്നത്.
തുടർന്ന് ഓഫീസിനുള്ളിലൂടെ ക്യാമറ ചലിപ്പിക്കുന്ന ദൃശ്യങ്ങളിൽ ജീവനക്കാരാരും ഇല്ലാതെ പൂർണ്ണമായും ഒഴിഞ്ഞുകിടക്കുന്ന ഡെസ്കുകളും കസേരകളുമാണ് കാണാനാകുന്നത്. ‘ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള വർക്ക് കൾച്ചർ വ്യത്യാസം കാണണോ? എങ്കിൽ ഇതൊന്ന് നോക്കൂ’ എന്നാണ് മോഹിത് വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
ഔദ്യോഗിക ജോലി സമയം അവസാനിച്ചുകഴിഞ്ഞാൽ ജീവനക്കാർ അവിടെ അധികനേരം തങ്ങാതെ കൃത്യസമയത്ത് തന്നെ മടങ്ങുന്നു എന്നതാണ് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.
‘ജോലി ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ്, പക്ഷേ അതൊരു ഭാഗം മാത്രമാണ്! അതൊരു ഭാഗമായി മാത്രമേ കാണാവൂ’ എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നത്.
ഇന്ത്യയിൽ ദീർഘനേരം ജോലി ചെയ്യുക, ജോലി സമയത്തിന് ശേഷവും ഓഫീസുമായി ബന്ധപ്പെടുക തുടങ്ങിയ പ്രവണതകൾ സാധാരണമായിരിക്കെ, യൂറോപ്യൻ രാജ്യങ്ങളിൽ ജോലിയും സ്വകാര്യജീവിതവും തമ്മിൽ കൃത്യമായ അതിർവരമ്പുകൾ സൂക്ഷിക്കാൻ ജീവനക്കാർ ശ്രദ്ധിക്കാറുണ്ട്. ഈ തൊഴിൽ സംസ്കാര വ്യത്യാസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം കമന്റുകളുമായി രംഗത്തെത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

