നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അസമിലേക്കും ബംഗാളിലേക്കും മറ്റുംപോയ ‘ഭായിമാർക്ക്’ നഷ്ടം മിനിമം 2300 കോടി രൂപ (കണക്കുകൾ താഴെ). ഇതര സംസ്ഥാനക്കാർ മടങ്ങിയതുവഴി കേരളത്തിലെ ഹോട്ടലുകൾ, നിർമാണമേഖല തുടങ്ങിയവ മേഖലകൾക്കുണ്ടായ നഷ്ടം കൂടി പരിഗണിച്ചാൽ മൊത്തം ആഘാതം ഇതിന്റെ പലമടങ്ങ് വരും.
ഇത്തവണ വോട്ടു ചെയ്തില്ലെങ്കിൽ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്താകുമെന്ന പ്രചാരണം ശക്തമായതോടെ 10 ലക്ഷം പേരെങ്കിലും സ്വന്തംനാടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ട്രെയിൻ ഉൾപ്പെടെ തിരിച്ചുവരാനുള്ള സൗകര്യങ്ങൾ പരിമിതമായതിനാൽ, ഇവരുടെ മടങ്ങിവരവ് വൈകും.
തിരിച്ചെത്തിയാലും ഇവർക്ക് പഴയ ജോലി കിട്ടാനുള്ള സാധ്യത വിരളം.
കേരളത്തിലെ ഇതര സംസ്ഥാനക്കാർ
സംസ്ഥാന പ്ലാനിങ് ബോർഡിന്റെ 2017-18ലെ കണക്ക് പ്രകാരം കേരളത്തിൽ 31 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. 2030ൽ ഇത് അരക്കോടിയിലെത്തുമെന്ന് കരുതുന്നു.
നിലവിൽ 40 ലക്ഷം പേരെങ്കിലും കേരളത്തിലുണ്ടെന്ന് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ബിനോയ് പീറ്റർ പറഞ്ഞു. 70 ശതമാനവും അസം, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ.
അതായത് 28 ലക്ഷം പേർ.
ഭായിമാരുടെ നഷ്ടം
∙ ആകെ ഇതര സംസ്ഥാന തൊഴിലാളികൾ : 40 ലക്ഷം
∙ അസം, ബംഗാൾ സ്വദേശികൾ : 28 ലക്ഷം
∙ ഇവരിൽ പത്തുലക്ഷം പേരെങ്കിലും മടങ്ങി
∙ ഒരാൾക്ക് ശരാശരി 30 ദിവസം തൊഴിൽ നഷ്ടം
∙ ദിവസക്കൂലി : 600 രൂപ
∙ ഒരാളുടെ ശരാശരി നഷ്ടം : 18,000 രൂപ
∙ 10 ലക്ഷം പേരുടേത് : 1800 കോടി രൂപ
∙ ഒരാളുടെ യാത്രാ ചെലവ് : 5000 രൂപ
∙ 10 ലക്ഷം പേരുടേത് : 500 കോടി
∙ ആകെ നഷ്ടം : 2300 കോടി രൂപ
60 ദിവസം വരെ ലീവെടുക്കുന്നവർ
ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയാൽ ചുരുങ്ങിയത് 45-60 ദിവസം വരെ കഴിഞ്ഞാണ് മടങ്ങാറുള്ളത്. നാട്ടിലേക്ക് മടങ്ങുന്നവരുടെ ശരാശരി തൊഴിൽനഷ്ടം 30 ദിവസമാണ്.
ഇവരുടെ ശരാശരി ദിവസക്കൂലി 600 രൂപയായി കണക്കാക്കിയാൽ ഈയിനത്തിൽ മാത്രം ഒരാളുടെ നഷ്ടം 18,000 രൂപ. 10 ലക്ഷം തൊഴിലാളികളുടെ നഷ്ടമെടുത്താൽ ഇത് 1800 കോടി രൂപയാകും.
ഇതിന് പുറമെ ഒരു തൊഴിലാളി യാത്രയ്ക്കായി ശരാശരി 5,000 രൂപയെങ്കിലും ചെലവാക്കിയിട്ടുണ്ടാകുമെന്നും ബിനോയ് പീറ്റർ പറയുന്നു. ടൂറിസ്റ്റ് ബസുകളിൽ മടങ്ങിയവർക്ക് 10,000 രൂപയിൽ അധികമാണ് ചെലവു വന്നത്.
ട്രെയിൻ ടിക്കറ്റിന് 1,000 രൂപ മുതൽ 3,000 രൂപ വരെയാണ് ചെലവ്. 10 ലക്ഷം തൊഴിലാളികളുടെ ശരാശരി യാത്രാ ചെലവ് 500 കോടി രൂപ.
ഇത് രണ്ടും കൂടി ചേർക്കുമ്പോൾ ഭായിമാരുടെ ‘വോട്ടിന്റെ ചെലവ്’ 2300 കോടി രൂപയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക വിപണിയിലും നഷ്ടം
മലയാളിയുടെ വാങ്ങൽ ശീലങ്ങൾ ഓൺലൈനിലേക്കും സൂപ്പർ മാർക്കറ്റുകളിലേക്കും മാറിയതോടെ പ്രാദേശിക വിപണിയെ പിടിച്ചു നിർത്തുന്നതിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പങ്ക് വലുതാണ്. പ്രതിവർഷം 60,000 കോടി രൂപ ഇതര സംസ്ഥാന തൊഴിലാളികൾ ശമ്പളമായി വാങ്ങുന്നുണ്ട്.
ഇതിൽ മൂന്നിലൊന്നും, അതായത് 20,000 കോടി രൂപയും കേരളത്തിൽ തന്നെ ചെലവഴിക്കും. പെരുമ്പാവൂരിൽ മാത്രം ഇതര സംസ്ഥാന തൊഴിലാളികൾ 60 കോടി രൂപയെങ്കിലും പ്രതിമാസം ചെലവഴിക്കാറുണ്ടെന്നാണ് കണക്ക്.
ചെറുകടകൾ, ബസ്, ഓട്ടോറിക്ഷ തുടങ്ങിയ മേഖലകളിലേക്കാണ് ഈ പണമെത്തുന്നത്. ഇത് കുറഞ്ഞത് പ്രാദേശിക വിപണിക്കും തിരിച്ചടിയാണ്.
മടങ്ങിവരവ് വൈകും
നാട്ടിലേക്ക് മടങ്ങിയതിൽ ഭൂരിഭാഗവും ഈ മാസം അവസാനത്തോടെ വരുന്ന ബലിപെരുന്നാൾ ആഘോഷങ്ങളും കഴിഞ്ഞേ മടങ്ങൂ.
എസ്ഐആറുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാനുള്ളതിനാൽ കുറച്ച് പേർ തുടർന്നും നാട്ടിൽ നിൽക്കും.
വോട്ടു ചെയ്തില്ലേ, ഇനി ഫലം കൂടി അറിഞ്ഞ ശേഷം മടങ്ങാമെന്ന് പറയുന്ന തൊഴിലാളികളുമുണ്ട്. അടുത്ത മാസം മഴയെത്തുന്നതോടെ ഉത്തരേന്ത്യയിൽ കൃഷിക്കാലം തുടങ്ങും.
ഇതുമായി ബന്ധപ്പെട്ട ജോലികൾക്കായും പലരും സ്വന്തം നാട്ടിൽ തങ്ങും.
കുടുംബമായി താമസിക്കുന്നവർ കേരളത്തിൽ സ്കൂൾ തുറന്നതിന് ശേഷം മാത്രമേ മടങ്ങിയെത്താറുള്ളൂ.
ഇറാൻ-യുഎസ് യുദ്ധം കേരളത്തിലെ പല വ്യവസായ മേഖലകളിലെയും തൊഴിൽ സാധ്യതകളെയും ബാധിച്ചിട്ടുണ്ട്. നാട്ടിൽ വന്നാലും ജോലിയുണ്ടാകുമെന്ന് ഉറപ്പില്ല.
ഇതും തൊഴിലാളികളുടെ മടങ്ങിവരവിന് തിരിച്ചടിയാണ്.
വേണം സ്പെഷൽ ട്രെയിൻ
കേരളത്തിലേക്ക് തിരികെ മടങ്ങാമെന്നു കരുതിയാലും യാത്രാ സൗകര്യങ്ങളുടെ പരിമിതിയുണ്ട്. അസം, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിനുകളെല്ലാം നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.
ഉയർന്ന ചാർജ് നൽകേണ്ടതിനാൽ വിമാന യാത്രയും സാധ്യമല്ല. തൊഴിലാളികളെ തിരിച്ചെത്തിക്കാൻ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനായിരക്കണക്കിന് തൊഴിലാളികളാണ് യാത്രാ സൗകര്യമില്ലാത്തതിനാൽ ബുദ്ധിമുട്ടുന്നതെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ
പറഞ്ഞു.
വന്നാലും പണിയുണ്ടോ?
ഹോട്ടൽ മേഖലയിൽ നിന്ന് മാത്രം 5-6 ലക്ഷം പേരുടെ കുറവുണ്ടായെന്നാണ് അസോസിയേഷന്റെ ഏകദേശ കണക്ക്. ഇത്രയും പേർ തിരികെ എത്തിയാലും നൽകാൻ ജോലിയുണ്ടോയെന്നാണ് നിലവിലെ ആശങ്ക.
പാചക വാതക പ്രതിസന്ധി, കനത്ത ചൂട്, ഇറാൻ – യുഎസ് യുദ്ധം എന്നിവ ഹോട്ടൽ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. നിർമാണ മേഖലയും സമാനമായ പ്രതിസന്ധിയിലാണ്.
മഴകൂടി തുടങ്ങിയാൽ ഈ മേഖലയിലും പണി കുറയും. യുദ്ധം ബാധിച്ച മേഖലകളിലെ തൊഴിലാളികളുടെ ജോലി തുലാസിലാണ്.
എന്നാൽ മത്സ്യബന്ധനം പോലെയുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർ ഉടൻ മടങ്ങിയെത്തിയേക്കുമെന്നും വിദഗ്ധർ പറയുന്നു.
ഗ്യാസിലും ഷോക്ക്
. ഹോട്ടലുകാർ ഉപയോഗിക്കുന്ന 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 993 രൂപയാണ് കൂട്ടിയത്.
ഹോട്ടലുകാർ എരിതീയിൽ നിന്ന് വറുചട്ടിയിലേക്ക് വീണ അവസ്ഥയിലാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എം.ആർ.റസാഖ് പറഞ്ഞു. വില വർധിപ്പിക്കാനുള്ള തീരുമാനം ഹോട്ടൽ മേഖലയിൽ വലിയ തിരിച്ചടിയാകും.
വോട്ടിനു പോയ തൊഴിലാളികൾ തിരിച്ചെത്താത്തതും പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

