എറണാകുളം–കൊല്ലം മെമു സർവീസിന്റെ (66315/16) സമയക്രമത്തിലുണ്ടായ മാറ്റം കോട്ടയത്തുനിന്നും തെക്കൻ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരിൽ വലിയ തോതിലുള്ള യാത്രാക്ലേശത്തിന് കാരണമായിട്ടുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി വേണാട് എക്സ്പ്രസ് നേരത്തേ കടത്തിവിടണമെന്ന നിർദേശവുമായി വിവിധ യാത്രാ സംഘടനകൾ രംഗത്തെത്തി.
ഷൊർണൂർ–തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) അങ്കമാലിയിൽ അനുവദിച്ചിരിക്കുന്ന ബഫർ ടൈം ഒഴിവാക്കി എറണാകുളം ഭാഗത്തേക്ക് മുൻകൂട്ടി സർവീസ് നടത്താൻ അനുവദിച്ചാൽ നിലവിലുള്ള പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ ആശ്വാസമാകുമെന്നാണ് സംഘടനകളുടെ പ്രധാന വാദം. നിലവിലുള്ള സമയക്രമം പരിശോധിക്കുമ്പോൾ, ഷൊർണൂരിൽ നിന്നെത്തുന്ന വേണാട് എക്സ്പ്രസ് വൈകിട്ട് നാലോടെ അങ്കമാലി സ്റ്റേഷനിൽ എത്തിച്ചേരുന്നുണ്ട്.
എന്നാൽ മറ്റു ട്രെയിനുകളുടെ ക്രോസിങ് ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ വണ്ടി 4.30 വരെ ഇവിടെ പിടിച്ചിടുന്ന സ്ഥിതിയാണുള്ളത്. തുടർന്ന് വൈകിട്ട് 5.15-ഓടെ എറണാകുളം ടൗണിലെത്തുന്ന വേണാട് 5.20-നാണ് കോട്ടയം ഭാഗത്തേക്ക് യാത്ര പുനരാരംഭിക്കുന്നത്.
വെറും 26 കിലോമീറ്റർ ദൂരം പിന്നിടാൻ 74 മിനിറ്റ് സമയമാണ് എടുക്കുന്നത്. കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള മെമു നീട്ടുമ്പോൾ ഇതിനു പിറകെ 5.25-ന് എറണാകുളം സൗത്തിൽനിന്ന് കൊല്ലം മെമുവും സർവീസ് ആരംഭിക്കുന്നുണ്ട്.
വളരെ ചെറിയൊരു ഇടവേളയിൽ ഒരേ പാതയിലൂടെ തെക്കൻ കേരളത്തിലേക്ക് രണ്ട് ട്രെയിനുകൾ ഒരേസമയം പുറപ്പെടുന്നതാണ് യാത്രാദുരിതം രൂക്ഷമാക്കുന്നത്. വേണാടിന് പിന്നാലെ പോകുന്ന മെമുവിന് തൃപ്പൂണിത്തുറ, മുളന്തുരുത്തി, പിറവം റോഡ് തുടങ്ങിയ സ്റ്റേഷനുകളിൽ സിഗ്നലിനായി ഏറെനേരം കാത്തുകിടക്കേണ്ടി വരുന്നു.
ഇതേതുടർന്ന് കോട്ടയം, ചെങ്ങന്നൂർ, കൊല്ലം മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ മണിക്കൂറുകൾ വൈകുന്നു. വേണാടിന്റെ അങ്കമാലിയിലെ ബഫർ ടൈം ഒഴിവാക്കി 4.40-നും 4.45-നും ഇടയിൽ എറണാകുളം ടൗണിലെത്തിക്കാനായാൽ 4.50-ഓടെ കോട്ടയം ഭാഗത്തേക്ക് കടത്തിവിടാൻ സാധിക്കും.
ഇത് വഴി 5.25-ന് എറണാകുളം സൗത്തിൽനിന്ന് പുറപ്പെടുന്ന മെമുവിന്റെ സർവീസിന് തടസ്സങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് യാത്രക്കാരുടെ വിലയിരുത്തൽ. യാത്രക്കാർക്ക് ആശ്വാസമായി മൂന്ന് സർവീസുകൾ
വൈകിട്ട് 5.25-ന് ശേഷം എറണാകുളം സൗത്തിലെത്തുന്ന യാത്രക്കാർക്ക് 6.15-ന് പുറപ്പെടുന്ന എറണാകുളം–കൊല്ലം മെമു (66321) പ്രയോജനപ്പെടുത്താൻ സാധിക്കും.
വേണാട് നേരത്തേ കടത്തിവിടുന്നതിലൂടെ വൈകിട്ട് 04:50-നും 6.15-നും ഇടയിലുള്ള സമയത്ത് രണ്ട് മെമു സർവീസുകളും വേണാട് എക്സ്പ്രസും ഉൾപ്പെടെ മൂന്ന് ട്രെയിനുകളുടെ ആനുകൂല്യം കോട്ടയം വഴി കൊല്ലത്തേക്ക് പോകുന്നവർക്ക് ലഭിക്കും. യാത്രക്കാരുടെ തിരക്ക് വിവിധ സർവീസുകളിലായി വിഭജിച്ചു നൽകാൻ ഇത് ഏറെ സഹായകരമാകും.
എറണാകുളം നോർത്തിൽ വൈകിട്ട് 4.30-ന് എത്തേണ്ട കേരള എക്സ്പ്രസ് പലപ്പോഴും സമയമാറ്റമില്ലാതെ വൈകിയാണ് ഓടുന്നത്.
അതിനാൽ ജോലികഴിഞ്ഞിറങ്ങുന്ന ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ആശുപത്രി ആവശ്യങ്ങൾക്കായി പോകുന്നവർക്കും ഈ ട്രെയിനിനെ മാത്രം ആശ്രയിക്കുന്നത് കനത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവരുടെ പ്രധാന ആശ്രയം ഇപ്പോൾ വേണാട് എക്സ്പ്രസ് ആണ്.
വേണാട് കൃത്യമായ സമയക്രമത്തിൽ ഓടിക്കാനായാൽ വൈകിട്ട് 06:00-ന് മുൻപായി കോട്ടയത്ത് എത്തിച്ചേരാൻ സാധിക്കും. ഇതുവഴി കോട്ടയം–കൊല്ലം മെമുവിന് പകരമായി വേണാടിൽ തന്നെ യാത്ര തുടരാനുള്ള അവസരവും യാത്രാസമൂഹത്തിന് ലഭിക്കും.
നിലവിൽ 12 ജനറൽ കോച്ചുകൾ മാത്രമുള്ള മെമുവിന് പകരം 19 ജനറൽ കോച്ചുകളുള്ള വേണാട് എക്സ്പ്രസ് ലഭിക്കുമെന്നതും ഇതിന്റെ പ്രധാന നേട്ടമാണ്. തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഈ നിർദേശം വലിയ തോതിലിൽ പ്രയോജനപ്പെടും.
നിലവിൽ കോട്ടയം വഴി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്ന നിരവധി പേർ കായംകുളം ജംക്ഷനിൽ ഇറങ്ങി ഏറനാട് എക്സ്പ്രസിനായി കാത്തുനിന്ന് യാത്ര തുടരേണ്ട ഗതികേടിലാണുള്ളത്.
വേണാട് നേരത്തേ കോട്ടയം ഭാഗത്തേക്ക് കടത്തിവിടുകയും സമയക്രമം കൂടുതൽ കൃത്യമാക്കുകയും ചെയ്താൽ ഇത്തരം ട്രെയിൻ മാറിക്കയറൽ ഒഴിവാക്കി യാത്ര സുഗമമാക്കാൻ കൂടുതൽ യാത്രക്കാർക്ക് സാധിക്കും. യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാത്ത പരിഹാരം
അധിക കോച്ചുകളോ പുതിയ റേക്കുകളോ വലിയ അടിസ്ഥാനസൗകര്യ വികസനമോ ഒന്നും ആവശ്യമില്ലാതെ, നിലവിലെ സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി നടപ്പിലാക്കാവുന്നതാണ് ഈ നിർദേശം.
അങ്കമാലിയിൽ വേണാട് പിടിച്ചിടുന്നതിന് പിന്നിലെ സാങ്കേതിക കാരണങ്ങൾ ഗൗരവമായി പരിശോധിച്ച് പരിഹാരം കാണുകയും സർവീസുകൾ തമ്മിൽ ആവശ്യമായ സമയവിടവ് ഉറപ്പുവരുത്തുകയും ചെയ്താൽ യാത്രാദുരിതം വലിയ തോതിൽ ലഘൂകരിക്കാം. യാത്രക്കാരുടെ ഈ നിർദേശം റെയിൽവേ ഡിവിഷണൽ അധികൃതർ അടിയന്തരമായി പരിശോധിക്കണമെന്നും ജനപ്രതിനിധികൾ ഇതിൽ കൃത്യമായ ഇടപെടലുകൾ നടത്തണമെന്നും വിവിധ യാത്രാ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

