നാല് മാസത്തോളമായി കടുത്ത തലവേദനയും കാഴ്ച സംബന്ധമായ പ്രശ്നങ്ങളും അനുഭവിച്ചിരുന്ന 42-കാരന്റെ കണ്ണിനുള്ളിൽ നിന്നും വിത്ത് മുളച്ച നിലയിൽ കണ്ടെത്തി. വിത്തിന്റെ വേരുകൾ കണ്ണിലെ അതിലോലമായ കോശങ്ങളിലേക്ക് വരെ വളർന്നിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
റഷ്യയിലെ സൈബീരിയ സ്വദേശിയായ മാക്സിം സ്ലെപ്സോവ് എന്നയാളാണ് ഈ അസാധാരണമായ ആരോഗ്യപ്രശ്നത്തെ തുടർന്ന് ചികിത്സ തേടിയത്. കണ്ണിൽ തുടർച്ചയായി ഉണ്ടായ വീക്കവും കാഴ്ചശക്തി കുറഞ്ഞുവരുന്നതുമായിരുന്നു അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
സൈബീരിയയിലെ വിദൂരപ്രദേശമായ അബിയിസ്കി ജില്ലയിലേക്ക് മാക്സിം നടത്തിയ യാത്രയ്ക്കിടെയാണ് ഈ സംഭവങ്ങളുടെ തുടക്കം. ഒരു സുഹൃത്തിനെ സന്ദർശിക്കുന്നതിനും മീൻപിടിക്കാനും കാട്ടുപഴങ്ങൾ ശേഖരിക്കാനുമായിരുന്നു അദ്ദേഹം അവിടെയെത്തിയത്.
യാത്രയ്ക്കിടെ ഒരു മരക്കൊമ്പ് കണ്ണിൽ തട്ടിയതായി അദ്ദേഹം പറയുന്നു. തുടർന്ന് വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകിയ മാക്സിം, കണ്ണിനുള്ളിൽ നിന്നും ചെറിയൊരു മരത്തൊലി കഷണം പുറത്തെടുക്കുകയും ചെയ്തു.
പ്രശ്നം പരിഹരിച്ചുവെന്ന് കരുതിയതിനാൽ അദ്ദേഹം ഈ പരിക്കിനെ കാര്യമായി എടുത്തിരുന്നില്ല. എന്നാൽ, ആ ചെറിയ അപകടത്തിൽ ഒരു വിത്ത് അദ്ദേഹത്തിന്റെ കണ്ണിനുള്ളിൽ അവശേഷിക്കുകയായിരുന്നു.
ആദ്യം കാര്യമായെടുത്തില്ലെങ്കിലും തുടർന്നുള്ള മാസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായി മാറി. വിട്ടുമാറാത്ത കടുത്ത തലവേദന, കണ്ണിലെ നീര്, വ്യക്തമായി കാണാനുള്ള ബുദ്ധിമുട്ട് എന്നിവ അദ്ദേഹത്തെ നിരന്തരം അലട്ടി.
വിദൂരപ്രദേശത്ത് താമസിച്ചിരുന്നതിനാൽ വിദഗ്ധ ചികിത്സ തേടുന്നതും അദ്ദേഹത്തിന് പ്രയാസകരമായി തീർന്നു. ഒടുവിൽ യാകുത്സ്കിലെത്തിയ മാക്സിം അടിയന്തര നേത്രചികിത്സാ കേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.
ഈ പരിശോധനയിലാണ് കണ്ണിനുള്ളിൽ കുടുങ്ങിയ വിത്ത് മുളച്ചുതുടങ്ങിയതായി ഡോക്ടർമാർ കണ്ടെത്തുന്നത്. വിത്തിന്റെ വേരുകൾ ഏകദേശം മൂന്ന് മില്ലിമീറ്ററോളം വളർന്ന് കണ്ണിന്റെ വെള്ളഭാഗത്തെ പൊതിഞ്ഞുനിൽക്കുന്ന നേർത്ത പാളിയായ കൺജങ്റ്റൈവയുടെ കോശങ്ങളിലേക്ക് തുളച്ചുകയറിയിരുന്നു.
വിജയകരമായ ശസ്ത്രക്രിയയിലൂടെ വിത്ത് നീക്കം ചെയ്തതായും ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന് തലവേദനയിൽ പെട്ടെന്ന് തന്നെ ആശ്വാസം ലഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

