ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചെന്ന ആരോപണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മുൻ വ്യോമസേന ഉദ്യോഗസ്ഥന്റെ പഴയ അഭിമുഖം വീണ്ടും ശ്രദ്ധ നേടുന്നു.
കെ.എം. തഹ്സിഫ് സൗരിയെയാണ് ചൊവ്വാഴ്ച കാണാതായതിനെ തുടർന്ന് പിന്നീട് ധാക്കയിലെ തുരഗ് നദീതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
2024ലെ വിദ്യാർഥി പ്രക്ഷോഭകാലത്ത് ഹസീന സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ തഹ്സിഫ് പ്രചരിപ്പിച്ചു എന്ന തരത്തിൽ വലിയ തോതിൽ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഈ വിവാദങ്ങൾക്ക് മറുപടിയായി അദ്ദേഹം ജീവിച്ചിരിക്കെ ഒരു പോഡ്കാസ്റ്റിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്.
തനിക്കെതിരെയുള്ള ആരോപണങ്ങളെയും റോ ഏജന്റാണെന്ന പ്രചാരണങ്ങളെയും പ്രസ്തുത പോഡ്കാസ്റ്റിൽ തഹ്സിഫ് ശക്തമായി എതിർത്തിരുന്നു. ഫ്ലൈറ്റ് ലഫ്റ്റനന്റ് റിഫാത്ത് അഷ്റാഫിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
താൻ അത് പ്രചരിപ്പിച്ചതിന് എന്ത് തെളിവാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ‘‘ഈ ആരോപണങ്ങളും എന്നെ സേനയിൽനിന്ന് പുറത്താക്കിയതും തമ്മിൽ ബന്ധമുണ്ടാകാം.
എല്ലാ കാര്യങ്ങളും എനിക്ക് വെളിപ്പെടുത്താനാകില്ല.’’ എന്നായിരുന്നു തഹ്സിഫിന്റെ പ്രതികരണം. ഈ വാർത്തകളും റിപ്പോർട്ടുകളും തന്റെ സാമൂഹിക ജീവിതത്തെയും പ്രതിച്ഛായയെയും തകർത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
റോ ഏജന്റാണെന്ന വാദങ്ങൾ തള്ളിക്കളഞ്ഞ തഹ്സിഫ്, തനിക്ക് അങ്ങനെയൊരു ബന്ധമുണ്ടായിരുന്നെങ്കിൽ താൻ എന്തിനാണ് ബംഗ്ലദേശിൽ തുടരുന്നതെന്നും പൊതുവേദിയിൽ സംസാരിക്കാൻ എത്തുമെന്നും ചോദിച്ചു. ‘‘എന്റെ ജനാധിപത്യ അവകാശമായ പാസ്പോർട്ട് അവർ തടഞ്ഞുവച്ചു.
അതിൽ എനിക്ക് വളരെ വിഷമമുണ്ട്. രണ്ടു വർഷത്തോളം ഞാൻ ദുരിതമനുഭവിച്ചു.’’ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തഹ്സിഫിന്റെ അഭിമുഖത്തിന് പിന്നാലെ, സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഐഎസ്പിആർ 2025 ഓഗസ്റ്റ് 4ന് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ഹസീന രാജ്യംവിട്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ടല്ല തഹ്സിഫിനും റിഫത്ത് അഷ്റഫിക്കുമെതിരെ നടപടിയെടുത്തതെന്നായിരുന്നു അന്ന് ഐഎസ്പിആർ നിലപാട് എടുത്തത്.
ഹസീന സർക്കാരിന്റെ പതനത്തെ തുടർന്ന് നിർബന്ധിതമായി സേന വിടേണ്ടി വന്ന തഹ്സിഫ്, ചൊവ്വാഴ്ച അമ്മയ്ക്കൊപ്പം ഷോപ്പിങ്ങിന് പോയ വേളയിൽ സുഹൃത്തിന്റെ ഫോൺ കോൺടാക്റ്റിനെ തുടർന്ന് പുറത്തേക്ക് പോവുകയായിരുന്നു. എന്നാൽ പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ എടുത്തില്ലെന്ന് കുടുംബം പ്രോതോം അലോയോട് വ്യക്തമാക്കി.
രാത്രി ഒന്നരയോടെ വീട്ടിലേക്ക് തിരിച്ചുവരികയാണെന്ന് അമ്മയുടെ ഫോണിലേക്ക് സന്ദേശം എത്തിയെങ്കിലും അദ്ദേഹം എത്തിച്ചേർന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പിറ്റേദിവസം തുരാഗ് നദിയിൽ മൃതദേഹം കണ്ടെത്തിയത്.
മൂക്കിൽനിന്നുണ്ടായ രക്തസ്രാവം ഒഴിച്ചാൽ ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും ഇല്ലെന്നാണ് പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

