മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നിശ്ചയിച്ചിരുന്ന ജനകീയ കുറ്റവിചാരണ മാറ്റിവെച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. മോശം കാലാവസ്ഥയാണ് പരിപാടി മാറ്റാൻ കാരണമെന്ന് മുന്നണി വ്യക്തമാക്കിയെങ്കിലും, യഥാർത്ഥ കാരണം സഖ്യത്തിനുള്ളിലെ കടുത്ത ഐക്യമില്ലായ്മയാണെന്ന് ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര ആരോപിച്ചു.
പാർട്ടികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് മാറ്റത്തിന് പിന്നിലെന്നും, ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന പല പ്രമുഖരും പിന്നീട് പിന്മാറിയതായും അദ്ദേഹം കുറ്റപ്പെടുത്തി. പാർലമെന്റിനെ അപമാനിക്കുന്ന നടപടിയോട് മുന്നണിയിലെ പല ഘടകകക്ഷികളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഈ സമ്മർദ്ദത്തെ തുടർന്നാണ് ‘മോക്ക് പാർലമെന്റ്’ എന്ന പേര് ‘ജനകീയ കുറ്റവിചാരണ’ എന്ന് മാറ്റിയതെന്നും സമ്പിത് പത്ര കൂട്ടിച്ചേർത്തു. നവംബർ 1-ന് രാംലീല മൈതാനത്ത് നടക്കാനിരിക്കുന്ന മഹാറാലിക്ക് എത്തുന്നവരെ തടയുന്നുവെന്ന കോൺഗ്രസ് ആരോപണവും അദ്ദേഹം തള്ളി.
ഒരിടത്തും ആരെയും തടയുന്നില്ലെന്നും, അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അതിന്റെ വ്യക്തമായ തെളിവ് ഹാജരാക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. റാലിക്ക് ആളുകളെ കിട്ടാത്തതിന്റെ നിരാശയാണ് വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദില്ലിയിലെ കനത്ത മഴയും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് പരിപാടി നാളത്തേക്ക് മാറ്റിയതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. നാളെ ഉച്ചക്ക് ശേഷം രണ്ടര മണിക്ക് പരിപാടി സംഘടിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
മുതിർന്ന നേതാക്കൾക്ക് മഴയത്ത് ഏറെ നേരം നിൽക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്നും, നവംബർ 1-ന് രാംലീല മൈതാനത്ത് ഇന്ത്യ മുന്നണിയുടെ അടുത്ത ഘട്ട പ്രതിഷേധം വലിയ ജനപങ്കാളിത്തത്തോടെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യം സംരക്ഷിക്കുന്നതിനായുള്ള ഈ പോരാട്ടത്തിൽ എല്ലാവരും അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന പരസ്യ വിചാരണയിൽ മുൻ ലോക്സഭ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറാകും.
നാളെ ഉച്ചക്ക് ശേഷം രണ്ടരക്ക് നടപടികൾ ആരംഭിക്കും. പ്രതീകാത്മക പാർലമെന്റിൽ രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഗ്യാനേഷ് കുമാർ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും.
ചടങ്ങിൽ വിവിധ എംപിമാരും ഇന്ത്യ സഖ്യ നേതാക്കളും സംസാരിക്കും. വോട്ടർ പട്ടിക പരിഷ്ക്കരണത്തിലൂടെ വോട്ടവകാശം നഷ്ടപ്പെട്ടവരും തങ്ങളുടെ ദുരിതാനുഭവങ്ങൾ പങ്കുവെക്കും.
തുടർന്ന് വിവിധ പൗരാവകാശ സംഘടനകളുടെ നേതാക്കളും അഭിസംബോധന ചെയ്യും. ഒടുവിൽ രാഹുൽ ഗാന്ധിയുടെ മറുപടി പ്രസംഗത്തിന് ശേഷം, ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി പ്രതീകാത്മക സ്പീക്കർ മീരാ കുമാർ വിധി പ്രഖ്യാപനം നടത്തുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

