എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ എസ്ഐയും തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ അനസ് എസ്.തൗഫീഖ് ലഹരിമരുന്ന് കേസിൽ പിടിയിലായത് തൊണ്ടിമുറിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ്.
വിവിധ കേസുകളിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്ന മുറിയിൽ കയറിയിറങ്ങിയ സമയത്ത് അനസിന്റെ പാന്റ്സിന്റെ പോക്കറ്റിന് അസ്വാഭാവികമായ വലിപ്പം തോന്നിയിരുന്നു. തുടർന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ ഈ ദൃശ്യങ്ങൾ കണ്ടെത്തുന്നത്.
സ്റ്റേഷന്റെ തൊണ്ടിമുറിയിൽ നിന്ന് ആകെ 87 ഗ്രാം എംഡിഎംഎയാണ് കാണാതായത് എന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. താൻ കുടുങ്ങിയെന്ന് ബോധ്യമായതോടെ മോഷ്ടിച്ച വസ്തുക്കൾ അനസ് പിന്നീട് സ്റ്റേഷനിൽ തിരികെ കൊണ്ടുവെക്കുകയാണുണ്ടായത്.
എന്നാൽ നഷ്ടപ്പെട്ടത് 87 ഗ്രാം മയക്കുമരുന്നാണെങ്കിൽ, തിരികെ നൽകിയ കവറിൽ 202 ഗ്രാം ലഹരിമരുന്ന് ഉണ്ടായിരുന്നു. ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് എവിടെനിന്ന് ലഭിച്ചു എന്നും ആർക്കുവേണ്ടിയാണ് അനസ് ഇത് കടത്തിയത് എന്നും ഉള്ള കാര്യങ്ങൾ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
എന്നാൽ, പൊലീസ് കസ്റ്റഡിയിലുള്ള അനസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ പദവി ഒഴിയുന്നതിന് മുൻപ് മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കോടതി അനുമതിയോടെ ലഹരിമരുന്ന് നശിപ്പിക്കാൻ കൊച്ചി സിറ്റി എ.ആർ ക്യാംപിലേക്ക് മാറ്റുന്നതിന്റെ മുന്നോടിയായാണ് പരിശോധന നടന്നത്. 22-ാം തീയതി എസ്എച്ച്ഒ അനീഷ് ജോയ്യുടെ നേതൃത്വത്തിൽ അലമാരകൾ പരിശോധിച്ചപ്പോഴാണ് 87 ഗ്രാം എംഡിഎംഎ അടങ്ങിയ പൊതി നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് 18-ാം തീയതി റൈറ്ററിൽ നിന്നും താക്കോൽ വാങ്ങി അനസ് ഈ മുറിയിൽ പ്രവേശിച്ചതായി കണ്ടെത്തിയത്. തെളിവുകൾ സഹിതം ചോദ്യം ചെയ്തതോടെയാണ് കവറിലില്ലാത്ത മറ്റൊരു പൊതി അനസ് മുതിർന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കിയത്.
സീൽ ചെയ്യാത്ത നിലയിലുള്ള ഈ കവറിൽ 202 ഗ്രാം തൂക്കമുള്ള വസ്തുവാണ് കണ്ടെത്തിയത്. ഇത് യഥാർത്ഥ ലഹരിമരുന്ന് തന്നെയാണോ എന്ന് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്.
എസ്എച്ച്ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ അനസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിൽ പ്രൊബേഷണൽ എസ്ഐ ആയി സേവനം അനുഷ്ഠിച്ചിരുന്ന അനസ്, രണ്ട് മാസം മുൻപാണ് സെൻട്രൽ സ്റ്റേഷനിൽ പ്രധാന എസ്ഐ ആയി ചുമതലയേൽക്കുന്നത്.
സംസ്ഥാനത്ത് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ പ്രചാരണമായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ബോധവൽക്കരണ പരിപാടികളിൽ സജീവമായി പങ്കെടുത്തയാളാണ് പിടിയിലായ അനസ്. ലഹരി മാഫിയയുമായി ഉദ്യോഗസ്ഥനുള്ള ബന്ധം പുറത്തുകൊണ്ടുവരാൻ പൊലീസ് ഊർജിതമായ ചോദ്യം ചെയ്യൽ തുടരുന്നുണ്ടെങ്കിലും ഇയാൾ ഒരു വിവരവും വെളിപ്പെടുത്തുന്നില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം.
നഗരത്തിൽ അനസിന് ഏതൊക്കെ തരത്തിലുള്ള ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഏതൊക്കെ വ്യക്തികളാണ് ഇതിന് പിന്നിലുള്ളതെന്നും പൊലീസ് സമഗ്രമായി അന്വേഷിക്കുന്നുണ്ട്. മുൻപ് സേവനം അനുഷ്ഠിച്ചിട്ടുള്ള തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

