വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയുടെ പേരിൽ ഓട്ടോ ഡ്രൈവർക്കും ഭാര്യയ്ക്കും നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് പേരാമ്പ്ര ചേനോളിയിൽ യുവാവിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത രണ്ടു പ്രതികളെ കണ്ടെത്താനായി പേരാമ്പ്ര പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ചേനോളി കുണ്ടുങ്ങൽ താഴെ മണ്ണച്ചാംകണ്ടി റഷീദിനാണ് (45) വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ക്രൂരമായ മർദനമേറ്റത്. കാറിലെ പെട്രോൾ തീർന്നുവെന്നും പേരാമ്പ്രയിൽ പോയി പെട്രോൾ വാങ്ങി വരാൻ ഓട്ടോറിക്ഷയുമായി ഒപ്പം വരാമോയെന്നും ചോദിച്ചാണ് അക്രമികൾ റഷീദിന്റെ വീട്ടിലെത്തിയത്.
തുടർന്ന് പെട്രോൾ വാങ്ങാൻ ആവശ്യമായ കാനുമായി റഷീദ് ഓട്ടോയുമായി റോഡിലേക്ക് എത്തുകയായിരുന്നു. ഇതിനു പിന്നാലെ, അയൽവാസി ഏൽപിച്ച ക്വട്ടേഷൻ ആണെന്ന് ആക്രോശിച്ചുകൊണ്ട് പ്രതികൾ റഷീദിന്റെ മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
മുളകുപൊടി വീണ് കാഴ്ച മറഞ്ഞ റഷീദിനെ അക്രമി സംഘം ഇരുമ്പു കട്ട ഉപയോഗിച്ച് നെറ്റിയിൽ ഇടിച്ചു പരുക്കേൽപിക്കുകയും നിലത്തേക്ക് ചവിട്ടി വീഴ്ത്തുകയും ചെയ്തു.
ഇതിനുശേഷവും അടങ്ങാത്ത രോഷത്തോടെ റഷീദിന്റെ വീടിന്റെ വരാന്തയിലേക്ക് അതിക്രമിച്ചു കയറിയ സംഘം ഭാര്യ ഷംനയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. റഷീദിന്റെ നിലവിളി ശബ്ദം കേട്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോഴേക്കും അക്രമികൾ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ റഷീദ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിയാണ് ചികിത്സ തേടിയത്. ആക്രമണത്തിൽ റഷീദിന്റെ നെറ്റിയിലെ മുറിവിന് നാലു തുന്നലുകൾ വേണ്ടിവന്നു.
ഒരു മാസം മുൻപ് അയൽവാസി ഫോണിൽ ബന്ധപ്പെട്ട് തന്നെയും ഭാര്യയെയും വധിക്കുമെന്നും വീൽചെയറിലാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി റഷീദ് ആരോപിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

