മൃഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഷാമോണ്ട വൈറസ് (Shamonda virus) മനുഷ്യനിൽ ആദ്യമായി സ്ഥിരീകരിച്ചു.
ഫ്രാൻസിൽ വൈറസ് ബാധയേറ്റ ഒരാൾ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന (WHO) ഔദ്യോഗികമായി അറിയിച്ചു. രോഗബാധിതനായ വ്യക്തിക്ക് രോഗപ്രതിരോധ ശേഷി കുറവായിരുന്നുവെന്നും ഏകദേശം 60 വയസ്സ് പ്രായമുണ്ടായിരുന്ന അദ്ദേഹം രോഗബാധയെ തുടർന്ന് മരണപ്പെട്ടതായി ഫ്രഞ്ച് ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചു.
കന്നുകാലികൾ, ആടുകൾ, കുതിരകൾ തുടങ്ങിയ മൃഗങ്ങളെ പ്രധാനമായും ബാധിക്കുന്ന ‘ഓർത്തോബൂണിയവൈറസ്’ (Orthobunyavirus) വിഭാഗത്തിൽപ്പെട്ട ഒന്നാണ് ഷാമോണ്ട
വൈറസ്. ‘മിഡ്ജ്’ (midge) എന്ന് വിളിക്കപ്പെടുന്ന ചെറിയ പ്രാണികളുടെ കടിയിലൂടെയാണ് മൃഗങ്ങൾക്കിടയിൽ ഈ വൈറസ് പ്രധാനമായും പടരുന്നതെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
എന്താണ് ഷാമോണ്ട വൈറസ്? 1960-കളുടെ മധ്യത്തിൽ നൈജീരിയയിലെ കന്നുകാലികളിലാണ് ഷാമോണ്ട
വൈറസിനെ ആദ്യമായി കണ്ടെത്തിയത്. തുടർന്ന് ആഫ്രിക്കയുടെയും ഏഷ്യയുടെയും വിവിധ ഭാഗങ്ങളിൽ ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കന്നുകാലികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നതെങ്കിലും ആടുകളിലും കുതിരകളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളിൽ കാണപ്പെടുന്ന ലക്ഷണങ്ങളിൽ ഉയർന്ന പനി, വയറിളക്കം, വിശപ്പില്ലായ്മ, പാൽ ഉൽപ്പാദനത്തിൽ കുറവ്, ഗർഭമലസൽ, നവജാത മൃഗങ്ങളിലെ ജന്മനാ ഉള്ള വൈകല്യങ്ങൾ തുടങ്ങിയ ഗുരുതരമായ പ്രത്യുൽപാദന പ്രശ്നങ്ങൾ ഉൾപ്പെടുന്നതായി വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് വ്യക്തമാക്കുന്നു.
രോഗബാധയുള്ള ഈച്ചകളുടെ കടിയിലൂടെയാണ് വൈറസ് പകരുന്നത്. രോഗബാധയുള്ള മൃഗങ്ങളെ കടിക്കുന്നതോടെ ഈ പ്രാണികൾ രോഗവാഹകരായി മാറുന്നു.
ഷാമോണ്ട വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുമെന്നതിന് നിലവിൽ തെളിവുകളൊന്നുമില്ല.
കൂടാതെ, രോഗബാധയുള്ള വളർത്തുമൃഗങ്ങളെ സ്പർശിക്കുന്നതിലൂടെയോ, കൈകാര്യം ചെയ്യുന്നതിലൂടെയോ, അവയുടെ അടുത്ത് നിൽക്കുന്നതിലൂടെയോ മനുഷ്യരിലേക്ക് വൈറസ് നേരിട്ട് പകരുന്നതല്ല. എങ്കിലും, മനുഷ്യരിൽ ഈ വൈറസ് ഉണ്ടാക്കുന്ന കൃത്യമായ ലക്ഷണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

