മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഐആർ നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ‘ഇന്ത്യ മുന്നണി’ നടത്താനൊരുങ്ങുന്ന മഹാറാലിയും സമരങ്ങളും അടിയന്തരമായി മാറ്റിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വ്യാപാരികൾ ആവശ്യപ്പെട്ടു. നവംബർ 10വരെ റാലിയും സമരങ്ങളുമൊക്കെ ഒഴിവാക്കണമെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയാണ് (സിടിഐ) അഭ്യർത്ഥിച്ചിരിക്കുന്നത്.
ദീപാവലിയോട് അനുബന്ധിച്ചുള്ള ‘ധൻതേരസ്’ ദിനത്തിൽ സാധാരണ 25,000 കോടി രൂപയിൽ കുറയാത്ത കച്ചവടം ഡൽഹിയിൽ നടക്കാറുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ വ്യക്തമാക്കി. ഇക്കുറി നവംബർ 6ന് ആണ് ധൻതേരസ്.
പുതുതായി സ്വർണം, വെള്ളി, ഗൃഹോപകരണങ്ങൾ, വീട്, വാഹനം, വസ്ത്രം തുടങ്ങിയവ വാങ്ങാൻ ഏറ്റവും ഐശ്വര്യപൂർണമായ ദിനമെന്ന് ഹൈന്ദവ സമൂഹം വിശ്വസിക്കുന്നതാണ് ധൻതേരസ്. സ്വർണം, വെള്ളി, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വസ്ത്രം, മധുരപലഹാരങ്ങൾ, ഉണക്കപ്പഴങ്ങൾ, വാഹനം, വീട്, ഭൂമി, ഉപഹാരങ്ങൾ എന്നീ ഇനങ്ങളിൽ ഇക്കുറിയും 25,000 കോടി രൂപയ്ക്കുമേൽ കച്ചവടം പ്രതീക്ഷിക്കുന്നുണ്ട്.
റാലിയും സമരങ്ങളും വിപണിയെ ബാധിക്കുമെന്നും 10,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും ബ്രിജേഷ് ഗോയൽ കൂട്ടിച്ചേർത്തു. നവംബർ ഒന്നിനാണ് രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യം മഹാറാലി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
നവംബർ എട്ടിനാണ് ദീപാവലി. ഇതിനിടെ റാലിയും സമരങ്ങളും നടക്കുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തുന്ന ഉപഭോക്താക്കളെ സാരമായി ബാധിക്കും.
കച്ചവടം താറുമാറാകും. റെയിൽവേ, മെട്രോ സ്റ്റേഷനുകളിൽ നിന്ന് നഗരത്തിലേക്കുള്ള യാത്രയ്ക്കും തടസ്സങ്ങളുണ്ടാകും.
ഒക്ടോബറിൽ ഇതുവരെ സമരങ്ങളും റാലികളും മൂലം 3000 കോടിയിൽപ്പരം രൂപയുടെ നഷ്ടം വ്യാപാരികൾക്കുണ്ടായെന്ന് ബ്രിജേഷ് ഗോയൽ പറഞ്ഞു. ചില്ലറ, മൊത്ത വ്യാപാരികളെ ഒരുപോലെ ബാധിക്കുകയാണ് ഈ പ്രതിഷേധങ്ങൾ.
രാംലീല മൈതാനിയുടെ 5 കിലോമീറ്റർ ചുറ്റളവിലാണ് സുപ്രധാന കച്ചവട കേന്ദ്രങ്ങളായ ചാന്ദിനി ചൗക്, സദർ ബസാർ, ചാവ്രി ബസാർ, ഭാഗീരഥ് പാലസ്, ഖാരി ബൗളി, കശ്മീർ ഗേറ്റ്, നായ് സരക്, മോറി ഗേറ്റ്, കിനാരി ബസാർ, ദാരിബ, ദര്യഗഞ്ച്.
അജ്മീരി ഗേറ്റ്, ജമാ മസ്ജിജ്, കരോൾ ബാഗ്, ആസാദ് മാർക്കറ്റ് എന്നിവ സ്ഥിതി ചെയ്യുന്നത്. ബാരിക്കേഡുകളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് ഇവിടങ്ങളിലെ കച്ചവടത്തെ സ്തംഭിപ്പിക്കും.
ഈ വിപണികളിൽ നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒട്ടേറെ ഉൽപന്നങ്ങൾ പോകുന്നതെന്നും ബ്രിജേഷ് ഗോയൽ ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

