അപൂര്‍വരോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികള്‍ക്ക് ലഭ്യമാക്കിയ റിസ്ഡിപ്ലാം ജനറിക് മരുന്നിന്റെ കുപ്പികളില്‍ ‘ക്ലിനിക്കല്‍ ട്രയല്‍ ഒണ്‍ലി’ എന്ന് രേഖപ്പെടുത്തിയത് കുടുംബങ്ങളില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തിരുന്ന വിദേശ കമ്പനിയുടെ അഞ്ചര ലക്ഷത്തോളം രൂപ വിലവരുന്ന മരുന്നിന് പകരമായി, ഇന്ത്യന്‍ കമ്പനിയുടെ 15,000 രൂപ വിലയുള്ള മരുന്നാണ് അധികൃതര്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യന്‍ കമ്പനിയായ നാറ്റ്കോയുടെ മരുന്ന് സംഭരിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. ഒന്നിന് 8000 രൂപ നിരക്കിലാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷൻ മുഖേന സംസ്ഥാനത്ത് എത്തിച്ച ഈ മരുന്നിന്റെ വിതരണം തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ എസ്എംഎ ക്ലിനിക് വഴി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് നല്കിയ സാംപിള്‍ ബോട്ടിലുകളാണ് മാറി വിതരണം ചെയ്തതെന്നാണ് ഇതുമായി ബന്ധപ്പെട്ട
അധികൃതരുടെ വിശദീകരണം. തലസ്ഥാനത്തെ എസ്എടി ആശുപത്രിയില്‍ മരുന്ന് വാങ്ങാനെത്തിയ നാല് കുടുംബങ്ങള്‍ക്കാണ് ‘ഫിസിഷ്യന്‍സ് സാംപിള്‍, ക്ലിനിക്കല്‍ ട്രയല്‍സ് ഓണ്‍ലി’ എന്ന് മുദ്രവെച്ച പാക്കറ്റുകളില്‍ മരുന്ന് ലഭിച്ചത്.
ഇതോടെ തങ്ങളുടെ കുട്ടികളെ ആരോഗ്യവകുപ്പ് പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണെന്ന ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തി. നിലവിലുള്ള മരുന്നുകളിലൂടെ ആരോഗ്യപരമായ പുരോഗതി കൈവരിച്ച കുട്ടികള്‍ക്ക് പുതിയ മരുന്ന് എത്രത്തോളം ഗുണം ചെയ്യുമെന്ന ആശങ്കയിലാണ് രോഗികളായ 108 കുട്ടികളുടെ ബന്ധുക്കള്‍.
ആരോഗ്യനിലയില്‍ ഉണ്ടായ പുരോഗതി നഷ്ടപ്പെടുമോയെന്നും എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ആര് ഉത്തരവാദികളാകുമെന്നും അവര്‍ ചോദ്യം ഉയര്‍ത്തുന്നുണ്ട്. അതേസമയം, എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കി ഔദ്യോഗിക അനുമതി നേടിയ ശേഷമാണ് കുറഞ്ഞ ചെലവില്‍ മരുന്ന് ലഭ്യമാക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
നാറ്റ്കോ കമ്പനിയുടെ മരുന്ന് എല്ലാവിധ ക്ലിനിക്കല്‍ പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയതാണെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ഐ.
റിയാസ് അറിയിച്ചു. 2025-ല്‍ ഡല്‍ഹി ഹൈക്കോടതിയും ഈ മരുന്ന് വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും പഴയ മരുന്നിന് സമാനമായ ഫലപ്രാപ്തി ഇതിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭിക്കുന്നത് വഴി കൂടുതല്‍ കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ സാധിക്കുമെന്നും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ അംഗീകാരം ഈ ഇന്ത്യന്‍ നിര്‍മിത മരുന്ന് നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വിസ് കമ്പനിയായ റോഷ് ആയിരുന്നു മുമ്പ് ഈ മരുന്ന് ഒരു ബോട്ടിലിന് അഞ്ചര ലക്ഷം രൂപ നിരക്കില്‍ വിതരണം ചെയ്തിരുന്നത്.
തുടര്‍ന്ന് ഇന്ത്യന്‍ കമ്പനിയായ നാറ്റ്കോ കുറഞ്ഞ വിലയില്‍ ‘നാറ്റ്സ്മാര്ട്’ എന്ന പേരില്‍ മരുന്ന് ഉല്പാദിപ്പിക്കാന് തുടങ്ങിയതോടെ പേറ്റന്റ് ലംഘനം ആരോപിച്ച് റോഷ് കമ്പനി നിയമനടപടികള്‍ സ്വീകരിച്ചു. എന്നാല്‍ സുപ്രീംകോടതിയും ഡല്‍ഹി ഹൈക്കോടതിയും റോഷ് കമ്പനിയുടെ ഹര്‍ജികള്‍ തള്ളിക്കളയുകയും നാറ്റ്കോയുടെ മരുന്ന് വില്‍ക്കാനുള്ള അനുമതി ശരിവെക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ ഈ മരുന്ന് വാങ്ങി നല്കാന് തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

