ഡ്രൈവിംഗ് വേളകളിൽ നിർമ്മിത ബുദ്ധി (AI) അസിസ്റ്റന്റായ ജെമിനിയുടെ അമിത സംസാരത്തിന് തടയിടാൻ പുതിയ മാറ്റങ്ങളുമായി ഗൂഗിൾ. പഴയ ഗൂഗിൾ അസിസ്റ്റന്റിന് പകരമായി ജെമിനിയെ ആൻഡ്രോയിഡ് ഓട്ടോയുടെ കോ-പൈലറ്റായി അവതരിപ്പിച്ചെങ്കിലും, വാഹനമോടിക്കുമ്പോൾ ഇത് പലപ്പോഴും ഡ്രൈവർമാർക്ക് അസൗകര്യമുണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു.
ചോദ്യങ്ങൾക്ക് ചുരുങ്ങിയ മറുപടി നൽകുന്നതിന് പകരം ജെമിനി വിശദമായ വിവരങ്ങളും മറ്റും നൽകി സമയം കളയുന്നു എന്നതായിരുന്നു പ്രധാന വിമർശനം. ഈ സാഹചര്യത്തിലാണ് ഡ്രൈവിംഗ് അനുഭവം കൂടുതൽ സുരക്ഷിതമാക്കാൻ പുതിയൊരു ഫീച്ചറുമായി കമ്പനി എത്തുന്നത്.
ആൻഡ്രോയിഡ് ഓട്ടോ 17.8 സ്റ്റേബിൾ, 17.9 ബീറ്റ പതിപ്പുകളുടെ കോഡുകളിൽ നടത്തിയ പരിശോധനയിലാണ് ഡാഷ്ബോർഡിലേക്ക് ‘മാജിക് ക്യൂ’ (Magic Cue) കൊണ്ടുവരാനുള്ള തയാറെടുപ്പുകൾ കണ്ടെത്തിയത്. ഗൂഗിൾ പിക്സൽ 10 ഫോണുകളിൽ അവതരിപ്പിച്ച ഈ ഫീച്ചർ പിന്നീട് പിക്സൽ 11-ൽ ‘പ്രോആക്ടീവ് അസിസ്റ്റൻസ്’ (Proactive Assistance) എന്ന് പുനർനാമകരണം ചെയ്തിരുന്നു.
വോയ്സ് പ്രോംപ്റ്റുകൾക്കായി കാത്തുനിൽക്കാതെ ഉപയോക്താവ് ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ ആവശ്യമായ വിവരങ്ങൾ സ്ക്രീനിൽ എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പുതിയ ഫീച്ചറിന്റെ കോഡിൽ “With Magic Cue, Gemini can show you personalized, time-saving suggestions” എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.
വാഹനം ഓടിക്കുമ്പോൾ സുഹൃത്തുക്കളിൽ നിന്നോ മറ്റോ ലഭിക്കുന്ന സന്ദേശങ്ങളുടെ പശ്ചാത്തലം മനസിലാക്കി അനുയോജ്യമായ നിർദ്ദേശങ്ങൾ സ്ക്രീനിൽ കാണിക്കാൻ ഇതിലൂടെ സാധിക്കും. ഉദാഹരണത്തിന്, ഒരു റെസ്റ്റോറന്റിൽ ഒത്തുകൂടാമെന്ന സന്ദേശം വന്നാൽ, ആൻഡ്രോയിഡ് ഓട്ടോ സ്വയം ഗൂഗിൾ മാപ്സ് ലിസ്റ്റിംഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും.
ഇതിനായി പ്രത്യേകമായി വോയ്സ് കമാൻഡുകൾ നൽകേണ്ടി വരില്ല. ഡ്രൈവിംഗ് സമയത്ത് ശ്രദ്ധ തിരിക്കാത്ത തരത്തിലുള്ള ഡിസൈൻ മാറ്റങ്ങളും ആൻഡ്രോയിഡ് ഓട്ടോയിൽ വരുത്തുന്നുണ്ട്.
പുതിയ പതിപ്പായ ആൻഡ്രോയിഡ് ഓട്ടോ 17.9.664004-ൽ ജെമിനിയുടെ രൂപത്തിലും മാറ്റങ്ങളുണ്ട്. ഫോണുകളിലെ ‘ന്യൂറൽ എക്സ്പ്രസീവ്’ (Neural Expressive) ഡിസൈൻ ശൈലി കാറുകളിലേക്കും വ്യാപിപ്പിക്കുകയാണ്.
സ്ക്രീനിന്റെ അടിഭാഗത്തോ വശങ്ങളിലോ ഉണ്ടായിരുന്ന പ്രകാശത്തിന് പകരം അനിമേറ്റഡ് ഡോട്ടുകളും ഫുൾ-വിഡ്ത്ത് ഇന്റർഫേസും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് നാവിഗേഷൻ മാപ്പിന് തടസ്സമാകാത്ത രീതിയിൽ വിവരങ്ങൾ നൽകാൻ സഹായിക്കും.
ജെമിനിയുടെ നിർദ്ദേശങ്ങൾ ഓപ്ഷണൽ ആയിരിക്കുമെന്ന് കോഡിലെ ‘settings_magic_cue_title’ എന്ന സെറ്റിംഗ്സിൽ വ്യക്തമാക്കുന്നുണ്ട്. “Get Gemini suggestions in your car” എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്.
വരും ദിവസങ്ങളിൽ ഈ ഫീച്ചർ പൂർണ്ണതോതിൽ എത്തുന്നതോടെ, അനാവശ്യ ശബ്ദങ്ങളില്ലാതെ സ്ക്രീൻ വഴി മാത്രം നിർദ്ദേശങ്ങൾ നൽകുന്ന നിശബ്ദ കോ-പൈലറ്റായി ജെമിനി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

