സമരവേദിയിലെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ജന്തർ മന്തറിന്റെ മതിൽ ചാടിക്കടന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കൾക്ക് തിരിച്ചടി. ജയിൽ വാസത്തിൽ കഴിയുന്ന സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ദില്ലി ഹൈക്കോടതി തള്ളിയത്.
അടിയന്തരമായി രാത്രിയിൽ തന്നെ ഹർജി പരിഗണിക്കണമെന്ന സിജെപിയുടെ ആവശ്യമാണ് കോടതി ഇന്ന് നിരാകരിച്ചത്. ഹർജി നാളെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ഇന്നലെ രണ്ട് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടി നൽകിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് സിജെപി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ അടിയന്തരമായി രാത്രിയിൽ തന്നെ വാദം കേൾക്കണമെന്നാണ് സിജെപി നിയമവിഭാഗത്തിന് നേതൃത്വം നൽകുന്ന രത്ന സിംഗ് ആവശ്യപ്പെട്ടത്.
നീതി വൈകരുതെന്നും ഹൈക്കോടതി ഉടൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് രത്ന സിംഗ് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം സൗരവ് ദാസിനെയും അശുതോഷിനെയും ഇന്നലെ മന്ദിർ മാർഗിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു.
മൂന്നര മണിക്കൂറോളം നീണ്ട നടപടികൾക്കൊടുവിലാണ് ഇവരുടെ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി നൽകിയത്.
മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെ സിജെപി നേതൃത്വം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. നിയമവ്യവസ്ഥയുടെ കടുത്ത ദുരുപയോഗമാണ് നടക്കുന്നതെന്ന് രത്ന സിംഗ് കുറ്റപ്പെടുത്തി.
രേഖകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നിഷേധിച്ചതെന്നും ഷുവർറ്റി ബോണ്ടിലെ ചിത്രവും നിലവിലെ രൂപവും തമ്മിലുള്ള വ്യത്യാസം പോലും ഇതിന് കാരണമായി ഉന്നയിച്ചെന്നും അവർ ആരോപിച്ചിരുന്നു. അതിനിടെ, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളിൽ നിന്ന് താത്കാലികമായി പിന്മാറുന്നതായി സൂചന നൽകി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ രംഗത്തെത്തി.
ഈ ഉത്സവകാലം പ്രതിഷേധ രംഗത്തുള്ളവർ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടത്. ജന്തർ മന്തർ പ്രതിഷേധത്തിൽ നേതാക്കൾക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിനൊപ്പം സിജെപിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം കൂടി ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം.
ഒരു വർഷത്തേക്ക് പൊതുസമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ലെന്ന പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് അഭിജീത് ദീപ്കെയെ നേരത്തെ ജാമ്യത്തിൽ വിട്ടയച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

