കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് മാസപ്പടി ആരോപണങ്ങള്‍ പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ കൃത്യസമയത്ത് വിശദീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. ആരോപണങ്ങളില്‍ കൃത്യമായ പ്രതികരണം ഉണ്ടാകാത്തത് അണികള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്നും, ഇത് തിരഞ്ഞെടുപ്പ് പരാജയത്തിന് ആക്കം കൂട്ടിയെന്നുമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന ആക്ഷേപം.
ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പയ്യന്നൂര്‍, മട്ടന്നൂര്‍ ഏരിയ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ജില്ലാ നേതൃത്വത്തിനും ജില്ലാ സെക്രട്ടറിക്കുമെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വീഴ്ച സംഭവിച്ചതായും, പയ്യന്നൂരിലെ സഖാക്കള്‍ക്കിടയില്‍ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടായത് വിഭാഗീയതയുടെ ഫലമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുടെ വീഴ്ചയാണ് തോല്‍വിക്ക് കാരണമെന്നും മട്ടന്നൂരില്‍ വോട്ട് കുറഞ്ഞത് അവിടത്തെ പോരായ്മയാണെന്നുമുള്ള ജില്ലാ സെക്രട്ടറിയുടെ വാദത്തിനെതിരെയും എതിര്‍പ്പുകളുയര്‍ന്നു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏരിയ കമ്മിറ്റികളുടെ തലയില്‍ കെട്ടിവെക്കേണ്ടതില്ലെന്ന നിലപാടാണ് യോഗത്തില്‍ ചിലര്‍ സ്വീകരിച്ചത്.
വിമര്‍ശനങ്ങള്‍ തികച്ചും സ്വാഭാവികമാണെന്നും വിശാല കമ്മിറ്റിയില്‍ യാതൊരുവിധ പരാജയമല്ല, മറിച്ച് സംഘടനാപരമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും കെ.കെ. രാഗേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയവരെ തിരികെ ചേര്‍ത്തുനിര്‍ത്തുമെന്നും, തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി ഇല്ലാതിരുന്നത് ഒരു പോരായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസങ്ങളിലായി നടന്ന യോഗത്തില്‍ പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടേറിയറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
ഇരിട്ടി ഏരിയ സെക്രട്ടറി കെ.വി. സക്കീര്‍ ഹുസൈനെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായി യോഗം തിരഞ്ഞെടുത്തു.
എം.സി. രാഘവന്, എം.
ശ്രീധരന് എന്നിവരെ പുതിയ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ എട്ട് പ്രത്യേക ക്ഷണിതാക്കളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നവീന്‍ ബാബു കേസില്‍ പാര്‍ട്ടി നടപടി നേരിട്ട പി.പി.
ദിവ്യ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള തീരുമാനങ്ങള്‍ ഒന്നും തന്നെ യോഗത്തില്‍ ഉണ്ടായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

