ആറുമാസത്തിനിടെ രണ്ടാം തവണയും ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ യാത്രാപദ്ധതി രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സന്ദര്‍ശന വേളയില്‍ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള ക്രമീകരണങ്ങളാണ് നിലവില്‍ വിവാദമായിരിക്കുന്നത്.
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.
ഡല്‍ഹിക്ക് പകരം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് മാര്‍ക്കോ റൂബിയോ എത്തുത്. തുടര്‍ന്ന് വിദേശകാര്യ മന്ത്രി എസ്.
ജയശങ്കറുമായി അദ്ദേഹം മുംബൈയില്‍വെച്ച് ചര്‍ച്ചകള്‍ നടത്തും. ഇതിനുശേഷമായിരിക്കും പടിഞ്ഞാറന്‍ സംസ്ഥാനമായ ഗുജറാത്തിലെ ജാംനഗറിലുള്ള എണ്ണ ശുദ്ധീകരണശാല സന്ദര്‍ശിക്കാന്‍ അദ്ദേഹം പോവുക.
എന്നാല്‍, ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് ഈ സന്ദര്‍ശനത്തെ പെട്ടെന്ന് രാഷ്ട്രീയ വിവാദത്തിലേക്ക് തള്ളിവിട്ടത്. റൂബിയോയെ കാണുന്നതിനായി വിദേശകാര്യ മന്ത്രി എസ്.
ജയശങ്കര്‍ മുംബൈയിലേക്ക് നേരിട്ടെത്തുമെന്നാണ് വാഷിങ്ടണ്‍ പ്രതീക്ഷിക്കുന്നതെന്ന തരത്തിലുള്ള അംബാസഡറുടെ പ്രസ്താവനയാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. സ്വന്തം രാജ്യത്ത് വെച്ചുപോലും ഇന്ത്യയുടെ ഉന്നത നയതന്ത്ര പ്രതിനിധിയെ അമേരിക്ക വരുതിക്ക് നിര്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കള്‍ ഇതിനകം തന്നെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടിയെന്നാണ് പ്രധാന ആരോപണം. വ്യാപാരം, ഇറക്കുമതി തീരുവകള്‍, റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി തുടങ്ങിയ വിഷയങ്ങളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ചില സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്ന വേളയിലാണ് ഈ പുതിയ സംഭവവികാസം.
അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളുമായി നടന്ന സി5+1 ഉച്ചകോടിയിലെ കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നിന്നുമാണ് റൂബിയോ ഇന്ത്യയിലേക്ക് തിരിക്കുന്നത്. വ്യാപാരം, ഊര്‍ജം, നിക്ഷേപം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ റൂബിയോയുമായുള്ള കൂടിക്കാഴ്ചയില്‍ കപ്പപ്പുറത്തെത്തും.
ഇന്ത്യയിലെത്തുന്ന അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തും. ഇന്ത്യ-അമേരിക്ക തന്ത്രപരമായ പങ്കാളിത്തം, ഊര്‍ജ സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രമുഖ വ്യവസായ പ്രമുഖരുമായും അദ്ദേഹം ആശയവിനിമയം നടത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കുന്നു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഈ അജന്‍ഡകള്‍ ശരിവെക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. മുംബൈയിലെ ചര്‍ച്ചകളില്‍ ഊര്‍ജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ആധുനിക സാങ്കേതികവിദ്യകള്‍ എന്നിവ പ്രധാനമായും ഇടംപിടിക്കുമെന്ന് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന് ജാംനഗറിലെത്തുന്ന റൂബിയോ, ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല സന്ദര്‍ശിക്കും. തുടര്‍ന്ന് അംബാനി കുടുംബം അദ്ദേഹത്തിനായി ഒരുക്കുന്ന പ്രത്യേക സ്വീകരണ പരിപാടിയിലും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സംബന്ധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

