പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി യുവതിയെ മൂന്നാറിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ 18 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്.
ഈ ക്രൂരകൃത്യത്തിൽ ഇടുക്കി വട്ടപ്പാറ സ്വദേശിയായ നിഷാന്തിനെ (19) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: ഓട്ടോ ഡ്രൈവറായ പ്രതിയുമായി യുവതി ഏറെ നാളായി അടുപ്പത്തിലായിരുന്നു.
എന്നാൽ യുവതി വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനായി ആസൂത്രിതമായി പദ്ധതി തയ്യാറാക്കിയ പ്രതി, കൃത്യത്തിനായി മുൻകൂട്ടി പെട്രോൾ വാങ്ങി വാഹനത്തിൽ സൂക്ഷിച്ചിരുന്നു.
കഴിഞ്ഞ മാസം 11-ാം തീയതിയാണ് പ്രതി പെൺകുട്ടിയെ പൂപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് വാഹനത്തിൽ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പെൺകുട്ടി മരിച്ചെന്ന് പൂർണ്ണമായും ഉറപ്പുവരുത്തുന്നതിനായി കരിങ്കല്ലുകൊണ്ട് ഇയാൾ പലതവണ മുഖത്ത് ഇടിക്കുകയും ചെയ്തു. പിന്നീട് മൃതദേഹം പാംപ്ലയിലെത്തിച്ച് വനമേഖലയിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിക്കുകയാണുണ്ടായത്.
ഏലംതൊഴിലാളിയായ പെൺകുട്ടിയുടെ അമ്മ നൽകിയ തിരോധാന പരാതിയെ തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തങ്ങൾക്ക് അർഹമായ നീതി ലഭിക്കണമെന്നും പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കൾ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

