കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ 6 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഇതുവരെ 18 പേർ അറസ്റ്റിലായിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന എ സി പി വിവേക് ഭഗത്തിനെതിരെ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്ന നിലപാടിലാണ് ദില്ലി പോലീസ്. എ സി പിയെ മോശക്കാരനായി ചിത്രീകരിക്കുന്ന രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ പോസ്റ്റർ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. ഈ വ്യാജ പ്രചാരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തലസ്ഥാനത്ത് പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്കായി ദില്ലി പോലീസ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർ എപ്പോഴും ഐ ഡി കാർഡ് കരുതണമെന്നും ഇത് വ്യക്തമായി കാണുന്ന രീതിയിൽ ധരിക്കണമെന്നുമാണ് പ്രധാന നിർദ്ദേശം.
പോലീസ് നടപടികളെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഇടപെടരുതെന്നും സംഘർഷസാഹചര്യങ്ങളിൽ സുരക്ഷിത അകലം പാലിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ വനിതാ മാധ്യമപ്രവർത്തകരെ അടക്കം ഉപദ്രവിച്ചെന്ന പരാതികൾ ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് പോലീസ് പുതിയ നിർദ്ദേശങ്ങളുമായി രംഗത്തെത്തിയത്. അതേസമയം, ക്രമസമാധാന പാലനത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ, ഇതിനെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥർ ആദ്യം നെയിം പ്ലേറ്റ് ധരിച്ച് ഔദ്യോഗിക കൃത്യനിർവഹണം നടത്തട്ടെ എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

