വിമാന ഇന്ധന വിലയിലുണ്ടായ വലിയ വർധനവിനെത്തുടർന്ന് യാത്രക്കാരുടെ കീശ ചോർത്തിക്കൊണ്ട് ഇൻഡിഗോ വീണ്ടും ഫ്യൂവൽ സർചാർജ് കൂട്ടി. ഇക്കഴിഞ്ഞ മാർച്ചിലാണ് ഈ സർചാർജ് സമ്പ്രദായം ആദ്യമായി നിലവിൽ വന്നത്.
ഇതിനുശേഷം ഇത് രണ്ടാം തവണയാണ് നിരക്കുകളിൽ കമ്പനി വർധന വരുത്തുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് പുലർച്ചെ ഒരു മണിക്ക് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് മാത്രമായിരിക്കും ബാധകമാകുക.
എന്നാൽ, ഇതിന് മുൻപ് ടിക്കറ്റ് എടുത്തവർക്ക് പഴയ നിരക്ക് തന്നെ തുടരുന്നതായിരിക്കും. പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ ഈ നടപടി സ്വീകരിച്ചതോടെ മറ്റ് വിമാന കമ്പനികളും സമാനമായ രീതിയിൽ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്.
പുതിയ പരിഷ്കരണ പ്രകാരം ആഭ്യന്തര സർവീസുകളിൽ 100 രൂപ മുതൽ 350 രൂപ വരെയാണ് വർധന വന്നിരിക്കുന്നത്. രാജ്യാന്തര യാത്രകളിൽ ടിക്കറ്റ് നിരപ്പ് 100 രൂപ മുതൽ 2,500 രൂപ വരെ ഉയരും.
മുൻപ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളിൽ ദൂരപരിധിയുടെ അടിസ്ഥാനത്തിൽ 3,000 രൂപ മുതൽ 5,000 രൂപ വരെയായിരുന്നു ഇന്ധന സർചാർജ് ഈടാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ ദൂരപരിധി പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് 5,500 രൂപ എന്ന ഫ്ലാറ്റ് നിരക്കാക്കി മാറ്റിയിട്ടുണ്ട്.
ഫലത്തിൽ 2,000 കിലോമീറ്ററിൽ താഴെ ദൂരമുള്ള ഗൾഫ് യാത്രകൾക്ക് ഒറ്റയടിക്ക് 2,500 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം 2,000 കിലോമീറ്ററിന് മുകളിലുള്ള ദൂരമുള്ള ഗൾഫ് സർവീസുകൾക്ക് 500 രൂപ മാത്രമാണ് വർധിക്കുക.
കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രകളെല്ലാം തന്നെ 2,000 കിലോമീറ്ററിലധികം ദൂരമുള്ളവയാണ്. ഗൾഫിന് പുറമെ സൗത്ത് ഈസ്റ്റ് ഏഷ്യ, നോർത്ത്, ഈസ്റ്റ് ഏഷ്യ തുടങ്ങിയ റൂട്ടുകളിലെയും ദൂരപരിധി വ്യവസ്ഥ ഒഴിവാക്കി ഏകീകൃത ഫ്ലാറ്റ് റേറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര സർവീസുകളിലെ പുതിയ നിരക്കുകൾ:
∙ 0 – 500 കിലോമീറ്റർ: 375 രൂപ (വർധന 100 രൂപ) – ഉദാഹരണത്തിന് കൊച്ചി–ബെംഗളൂരു (342 കിലോമീറ്റർ)
∙ 501 – 1,000 കിലോമീറ്റർ: 600 രൂപ (വർധന 200 രൂപ) – ഉദാഹരണത്തിന് കൊച്ചി–ഹൈദരാബാദ് (840 കിലോമീറ്റർ)
∙ 1,001 – 1,500 കിലോമീറ്റർ: 900 രൂപ (വർധന 300 രൂപ) – ഉദാഹരണത്തിന് മുംബൈ–തിരുവനന്തപുരം (1,251 കിലോമീറ്റർ)
∙ 1,501 – 2,000 കിലോമീറ്റർ: 1,150 രൂപ (വർധന 350 രൂപ) – ഉദാഹരണത്തിന് കൊച്ചി–കൊൽക്കത്ത (1,880 കിലോമീറ്റർ)
∙ 2,000 കിലോമീറ്ററിനു മുകളിൽ: 1,300 രൂപ (വർധന 350 രൂപ) – ഉദാഹരണത്തിന് ഡൽഹി–കൊച്ചി (2,057 കിലോമീറ്റർ)
രാജ്യാന്തര സർവീസുകളിലെ നിരക്ക് വിവരങ്ങൾ:
∙ ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നിവ ഉൾപ്പെടുന്ന ഇന്ത്യൻ ഉപഭൂഖണ്ഡം:
– 500 കിലോമീറ്റർ വരെ: 1,000 രൂപ (വർധന 100 രൂപ)
– 500 കിലോമീറ്ററിനു മുകളിൽ: 3,000 രൂപ (വർധന 500 രൂപ)
∙ ജിസിസി, മിഡിൽ ഈസ്റ്റ്: 5,500 രൂപ (മുൻപ് ദൂരപരിധിയനുസരിച്ച് 3,000 മുതൽ 5,000 രൂപ വരെയായിരുന്നു)
∙ സൗത്ത് ഈസ്റ്റ് ഏഷ്യ: 5,500 രൂപ (മുൻപ് ദൂരപരിധിയനുസരിച്ച് 3,500 മുതൽ 5,000 രൂപ വരെയായിരുന്നു)
∙ നോർത്ത്, ഈസ്റ്റ് ഏഷ്യ (ചൈന ഉൾപ്പെടെ): 5,500 രൂപ (മുൻപ് ദൂരപരിധിയനുസരിച്ച് 3,500 മുതൽ 5,000 രൂപ വരെയായിരുന്നു)
∙ ബ്രിട്ടൻ, യൂറോപ്പ്: 10,000 രൂപ (ഈ നിരക്കിൽ മാറ്റമില്ല)
∙ ആഫ്രിക്ക: 6,000 രൂപ (വർധന 1,000 രൂപ)
∙ ഗ്രീസ്, തുർക്കി: 10,000 രൂപ (വർധന 2,500 രൂപ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

