ഓണക്കാലത്തെ അവഗണനയ്ക്ക് പിന്നാലെ പൂജ, ദീപാവലി അവധിക്കാലങ്ങളിലെ പ്രത്യേക ട്രെയിനുകളിലും ആലപ്പുഴ ജില്ലയ്ക്ക് കടുത്ത നിരാശ. ആഘോഷവേളകളിൽ നാട്ടിലേക്ക് മടങ്ങുന്ന യാത്രികർക്കായി റെയിൽവേ പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകളിൽ ഒന്നുപോലും തീരദേശ റെയിൽപാതയിലൂടെ സർവീസ് നടത്തുന്നില്ല.
പ്രഖ്യാപിച്ച എല്ലാ പ്രത്യേക ട്രെയിനുകളും കോട്ടയം വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. ഈ പാതയിലെ ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നീ സ്റ്റേഷനുകളിൽ മാത്രമാണ് ഇവയിൽ ചില ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.
ഓണവേളയിൽ റെയിൽവേ ആകെ 148 സ്പെഷൽ സർവീസുകൾ നടത്തിയെങ്കിലും അതിൽ ഒരെണ്ണം പോലും ആലപ്പുഴ വഴി കടന്നുപോയില്ല. ഈ അവഗണനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടും റെയിൽവേ അധികൃതർ മൗനം പാലിക്കുകയായിരുന്നു.
വരാനിരിക്കുന്ന അവധിക്കാലങ്ങളിലെങ്കിലും തീരദേശപാത വഴി പ്രത്യേക ട്രെയിനുകൾ അനുവദിക്കുമെന്ന യാത്രികരുടെ പ്രതീക്ഷയാണ് ഇതോടെ അസ്തമിക്കുന്നത്. തിരുവനന്തപുരം നോർത്ത് – സാന്ദ്രഗച്ചി എക്സ്പ്രസ് സ്പെഷൽ, തിരുവനന്തപുരം സെൻട്രൽ – മദാർ ജംക്ഷൻ എക്സ്പ്രസ് സ്പെഷൽ, ചെന്നൈ എഗ്മൂർ – കൊല്ലം വീക്ക്ലി എക്സ്പ്രസ് സ്പെഷൽ തുടങ്ങിയ പ്രധാന സർവീസുകളെല്ലാം കോട്ടയം വഴിയാണ് പോകുന്നത്.
ഇരുപതിലേറെ സർവീസുകൾ നടത്തുന്ന ഈ സ്പെഷൽ ട്രെയിനുകൾക്കായുള്ള റിസർവേഷൻ ദക്ഷിണ റെയിൽവേ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പാത ഇരട്ടിപ്പിക്കാത്ത സിംഗിൾ ലൈൻ ആണെന്ന കാരണത്താണ് ആലപ്പുഴ വഴിയുള്ള സർവീസുകൾ ഒഴിവാക്കുന്നത്.
എന്നാൽ ഇത് തികഞ്ഞ അവഗണനയാണെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു. സമാനമായ മറ്റ് സിംഗിൾ ലൈൻ പാതകളിലൂടെ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെന്നും, കൃത്യമായ സമയക്രമീകരണം നടപ്പിലാക്കിയാൽ ആലപ്പുഴ വഴിയും ട്രെയിനുകൾ ഓടിക്കാൻ സാധിക്കുമെന്നുമാണ് യാത്രികർ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ വർഷം ആലപ്പുഴ വഴി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. എന്നാൽ നിലവിൽ അവധി ദിവസങ്ങളിൽ ഈ പാതയിലൂടെയുള്ള മറ്റ് ട്രെയിനുകളിലെല്ലാം ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണ്.
അടിയന്തരമായി പ്രഖ്യാപിക്കുന്ന പുതിയ സ്പെഷൽ ട്രെയിനുകളിലെങ്കിലും ആലപ്പുഴയെ ഉൾപ്പെടുത്തണമെന്നും, വിഷയത്തിൽ ജനപ്രതിനിധികൾ ശക്തമായ ഇടപെടൽ നടത്തണമെന്നുമാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

