എല്ലാ വർഷവും ഒക്ടോബറിൽ ജപ്പാനിൽ നിന്നുള്ള ഗൂഗിൾ ജിബോർഡ് ടീം അവതരിപ്പിക്കുന്ന വിചിത്രമായ കണ്ടുപിടുത്തങ്ങൾ ഏറെ ശ്രദ്ധേയമാകാറുണ്ട്. ഈ വർഷവും പതിവ് തെറ്റിക്കാതെ തികച്ചും വ്യത്യസ്തമായ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ജപ്പാൻ ടീം.
ആളുകൾക്ക് ഒരേസമയം മറ്റ് ജോലികളിൽ ഏർപ്പെടാനും ഒരു കൈകൊണ്ട് മാത്രം ടൈപ്പ് ചെയ്യാനും സഹായിക്കുന്ന ‘റൊട്ടേറ്റിംഗ് കീബോർഡ്’ ആണ് ഈ വർഷം ഇവർ പരിചയപ്പെടുത്തിയിരിക്കുന്നത്. വ്യാവസായികമായി വിപണിയിൽ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതല്ലെങ്കിലും, ഗൂഗിളിന്റെ ജനപ്രിയ ആപ്പായ ജിബോർഡിലേക്ക് ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുന്നതിനാണ് ഇത്തരം നൂതന ആശയങ്ങൾ അവതരിപ്പിക്കാറുള്ളത്.
കഴിഞ്ഞ 15 വർഷമായി ഗൂഗിൾ ജപ്പാൻ ടീം ഈ പാരമ്പര്യം തുടർന്നുപോരുന്നുണ്ട്. ഉപയോക്താക്കളുടെ നിത്യജീവിതത്തിൽ സഹായകരമായേക്കാവുന്ന വിവിധതരം കീബോർഡുകളാണ് ഇവർ ഓരോ വർഷവും പ്രദർശിപ്പിക്കുന്നത്.
ഒരു കൈയോ അല്ലെങ്കിൽ ഒറ്റ വിരലോ ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പുതിയ റൊട്ടേറ്റിംഗ് കീബോർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനായി കീബോർഡിലെ കീകൾ കൺവേയർ ബെൽറ്റിൽ കറങ്ങുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ടൈപ്പ് ചെയ്യുമ്പോൾ ഉപയോക്താവിന്റെ കൈകൾ അനക്കാതെ തന്നെ നിശ്ചലമായി നിർത്താനും, മറുഹൈ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും ഇത് സഹായിക്കും. ഓരോ ബെൽറ്റിലും 29 കീകൾ വീതമാണുള്ളത്.
വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും ഒരുപോലെ നേരിട്ട് നൽകാൻ സാധിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഇത് പ്രവർത്തിപ്പിക്കാനാകും. വിവിധ നിറങ്ങളിലുള്ള വേരിയന്റുകൾ, നീളം കൂടിയതും കുറഞ്ഞതുമായ ഡിസൈനുകൾ, അതിവേഗത്തിൽ കറങ്ങുന്ന കീബോർഡ് എന്നിങ്ങനെ വിവിധ മാതൃകകളെക്കുറിച്ചും ഗൂഗിൾ ആലോചിച്ചിരുന്നു.
വാണിജ്യാടിസ്ഥാനത്തിൽ വിപണിയിൽ ഇറക്കില്ലെങ്കിലും, ഇത്തരം കൗതുകകരമായ പരീക്ഷണങ്ങൾ സ്വന്തമായി നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച തുടക്കമായിരിക്കും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന കീബോർഡ് ആപ്പുകളിൽ ഒന്നാണ് ജിബോർഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

