ആലപ്പുഴ ജില്ലയിലെ തുറവൂരിൽ ജ്വല്ലറി പൂട്ടി മടങ്ങിയ ഉടമയെ കാറിടിച്ചു വീഴ്ത്തിയ ശേഷം ആക്രമിച്ച് ബാഗ് കവർന്ന സംഭവത്തിൽ നിർണായക വഴിതിരിവ്. സംഭവത്തിൽ നാല് പ്രതികളെയും പൊലീസ് പിടികൂടി.
ജ്വല്ലറി ഉടമ സലീപൻ പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. വെളുത്ത നിറത്തിലുള്ള കാറിലെത്തിയ സംഘം ബാർ എവിടെയാണെന്ന് ചോദിച്ചുകൊണ്ട് വാഹനം നിർത്തുകയായിരുന്നു.
എന്നാൽ മറുപടി പറയും മുൻപ് തന്നെ കാറിന്റെ ഡോർ തുറന്ന് ആഞ്ഞടിച്ച് അദ്ദേഹത്തെ റോഡിലേക്ക് വീഴ്ത്തി. ആ സമയത്ത് സർവീസ് റോഡിൽ ആളുകളുടെ തിരക്ക് കുറവായിരുന്നു.
ഈ സാഹചര്യം മുതലെടുത്താണ് അക്രമികൾ ബാഗ് പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്. ശ്രീകുമാർ വാഹനം ഓടിച്ചപ്പോൾ വിപിനും അജയ്ഘോഷും ഒപ്പമുണ്ടായിരുന്നു.
എന്നാൽ ഈ കൃത്യത്തിന്റെ മുഖ്യ ആസൂത്രകൻ സജീർ ആണെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ പ്രതികൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടനവധി കേസുകൾ നിലവിലുണ്ട്.
തൃശൂർ സ്വദേശിയുടേതാണ് ഉപയോഗിച്ച വാഹനം. ഡ്രൈവറെ തൈക്കലിൽ ഇറക്കിയ ശേഷമാണ് സംഘം കവർച്ചയ്ക്കായി കാറുമായി പോയത്.
ഡിവൈഎസ്പി മഞ്ചുനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. കേസിലെ മുഖ്യപ്രതിയായ സജീർ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനും ജ്വല്ലറിക്ക സമീപത്തെ കടയിൽ മുൻപ് ജോലി ചെയ്തിരുന്നയാളുമാണ്.
സജീറിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേരും. ഇതിൽ രണ്ടുപേർ സജീറിനൊപ്പം സ്വകാര്യ ബസിൽ ജോലി ചെയ്തിരുന്നവരാണ്.
സ്ഥിരമായി രാത്രി എട്ട് മണിയോടെ ജ്വല്ലറിയിലെ സ്വർണവുമായി ഉടമ വീട്ടിലേക്ക് പോകുന്നത് മനസ്സിലാക്കിയാണ് സംഘം കവർച്ച ആസൂത്രണം ചെയ്തത്. ഇതിനായി രണ്ടാഴ്ച മുമ്പ് തന്നെ ഇവർ സ്ഥലത്തെത്തി നിരീക്ഷണം നടത്തിയിരുന്നു.
26ന് തൃശൂരിൽ നിന്ന് മറ്റൊരാളുടെ വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാർ സംഘടിപ്പിച്ചാണ് ഇവർ എത്തിയത്. എന്നാൽ തിരിച്ചറിയപ്പെടാതിരിക്കാൻ സജീർ നേരിട്ട് രംഗത്തിറങ്ങാതെ മാറി നിൽക്കുകയായിരുന്നു.
കേസിൽ പ്രതിയായ പട്ടണക്കാട് സ്വദേശി എം.വൈ.സജീർ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിഭാഗീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ പാർട്ടിയിൽ സസ്പെൻഷനിലായിരുന്നു. നിലവിലെ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് സജീറിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പൂർണ്ണമായി പുറത്താക്കിയതായി പട്ടണക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം.രാജേന്ദ്ര ബാബു അറിയിച്ചു.
പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. അറസ്റ്റിലായ നാല് പേരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ ജിജി ജോസഫ്, പട്ടണക്കാട് സബ് ഇൻസ്പെക്ടർമാരായ ഡൊമിനിക്, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിച്ചത്. ബിബിൻ, ശ്രീകുമാർ, അജയ് ഘോഷ് എന്നിവരെ മറ്റ് വിവിധ കുറ്റകൃത്യങ്ങളിലും മുൻപ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡിവൈഎസ്പി മഞ്ചുനാഥ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

