കൊച്ചി: എറണാകുളത്തുനിന്ന് കോട്ടയം ഭാഗത്തേക്കുള്ള ട്രെയിനുകളിൽ വൈകുന്നേരത്തെ തിരക്കിന് പരിഹാരം വൈകുന്നതിൽ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ചവിട്ടുപടിയിൽ തൂങ്ങിക്കിടന്ന് അപകടകരമായ സാഹചര്യത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് വൈകുന്നേരം ട്രെയിനുകൾ പുറപ്പെടുന്നത്.
പ്ലാറ്റ്ഫോമിലെ തിരക്ക് നിയന്ത്രിക്കാൻ വൈകുന്നേരങ്ങളിൽ റെയിൽവേ പൊലീസിനെ നിയോഗിച്ചിരുന്നു. പക്ഷേ അതൊന്നും പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ ആരോപിച്ചു.
തിരക്കുമൂലം സ്ത്രീകളും വിദ്യാർഥികളും പ്രായമായവരുമുൾപ്പെടെ ട്രെയിനിൽ കയറിപ്പറ്റാനാവാതെ മടങ്ങിപ്പോകുന്നത് ഇവിടെ പതിവാണ്. ഉച്ചയ്ക്ക് പരശുറാം കടന്നുപോയാൽ മൂന്നുമണിക്കൂർ ഇടവേളയിലാണ് അടുത്ത സർവീസായ വേണാട് തൃപ്പൂണിത്തുറയിലെത്തുന്നത്.
വാതിൽപ്പടി വരെ നിറഞ്ഞെത്തുന്ന വേണാടിൽ ഇരുവശത്തുനിന്നും യാത്രക്കാർ ഇടിച്ചു കയറുകയാണ്. ശ്വാസം പോലും കിട്ടാതെ തിങ്ങിനിറഞ്ഞ കോച്ചുകളിൽ നിന്ന് പിന്നീട് ഇറങ്ങാൻ പോലും കഴിയാതെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
വൈകുന്നേരം വേണാടിന് മുമ്പ് കൊല്ലത്തേയ്ക്ക് ഒരു സർവീസ് വേണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. നിരവധി പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും നിരാശയായിരുന്നു ഫലം.
ജീവൻ തന്നെ അപായപ്പെടുമെന്ന അവസ്ഥയാണ് നിലവിലെ വേണാടിലെ യാത്രയെന്ന് രജനി സുനിൽ അഭിപ്രായപ്പെട്ടു. അപകടം ആസന്നമായ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിലേയ്ക്ക് കടക്കുന്നതെന്ന് ഷിജാ ഷാജി, കൃഷ്ണ, സിമിജ്യോതി, നിപു മാത്യു എന്നിവർ പറഞ്ഞു.
കായംകുളം മുതൽ എറണാകുളം വരെയുള്ള വിവിധ സ്റ്റേഷനുകളിൽ യാത്രക്കാർ സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകുകയായിരുന്നു. പരിഹാരമായില്ലെങ്കിൽ വരും ദിവസങ്ങളിൽ തുടർസമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

