സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങിയേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം 6.20 മുതൽ രാത്രി 11 മണി വരെ ഉള്ള സമയത്തായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക.
സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവിലുണ്ടെങ്കിലും വൈദ്യുതി ആവശ്യകതയിൽ യാതൊരു കുറവും വന്നിട്ടില്ല. ഏകദേശം 600 മുതൽ 800 മെഗാവാട്ട് വരെ ലഭ്യതക്കുറവ് അനുഭവപ്പെടാനാണ് സാധ്യതയുള്ളത്.
മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് കരാർ പ്രകാരം ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭ്യമായി തുടങ്ങും. കൂടാതെ ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും 100 മെഗാവാട്ട് വൈദ്യുതിയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
എന്നാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയിൽ കാര്യമായ കുറവുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നത്. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വലിയ തോതിൽ തുടരുകയാണ്.
മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1200 മെഗാവാട്ട് വരെയാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചുകളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച പ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. അഖിലേന്ത്യാ തലത്തിൽ 5000 മെഗാവാട്ട് വരെ ഡിമാൻഡ് കൂടാനും, കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം 5000 മെഗാവാട്ട് വരെ കുറയാനും സാധ്യതയുണ്ടെന്ന് ഗ്രിഡ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനുപുറമേ, കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിൽ ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറയുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

