പസിഫിക് സമുദ്രത്തില്‍ ചൈന ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളികളെ പ്രതിരോധിക്കുക എന്ന അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമായി നാവികസേനയ്ക്കായി പുതിയ പോര്‍വിമാനങ്ങള്‍ എത്തുന്നു. നാവികസേനയുടെ അടുത്ത തലമുറയിലുള്ള അത്യാധുനിക ‘സ്റ്റെല്‍ത്ത്’ പോര്‍വിമാനങ്ങളുടെ നിര്‍മാണച്ചുമതല പ്രമുഖ വിമാന നിര്‍മാതാക്കളായ ബോയിങ് സ്വന്തമാക്കിയതായി പെന്റഗണ്‍ ഔദ്യോഗികമായി അറിയിച്ചു.
മത്സരത്തില്‍ നോര്‍ത്ത്റോപ്പ് ഗ്രുമ്മന് എന്ന കമ്പനിയെ പിന്തള്ളിയാണ് ബോയിങ് ഈ ചരിത്രനേട്ടം കൈവരിച്ചത്. പോര്‍വിമാന നിര്‍മാണ രംഗത്ത് തുടര്‍ച്ചയായ രണ്ടാം തവണയാണ് കമ്പനി ഈ വലിയ നേട്ടം സ്വന്തമാക്കുന്നത്.
പ്രാരംഭ ഘട്ടത്തിലെ പരീക്ഷണ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനായി 20 ബില്യണ്‍ ഡോളറിന്റെ (1.92 ലക്ഷം കോടി രൂപ) കരാറാണ് നിലവില്‍ കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ഭാവിയില്‍ ഉല്‍പ്പാദനം വ്യാപകമാവുകയും വിദേശ രാജ്യങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ എത്തുകയും ചെയ്യുന്നതോടെ പദ്ധതിയുടെ ആകെ മൂല്യം കോടിക്കണക്കിന് ഡോളറായി ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അമേരിക്കന്‍ വ്യോമസേനയ്ക്ക് വേണ്ടി പുതിയ സ്റ്റെല്‍ത്ത് ‘എഫ്-47’ പോര്‍വിമാനങ്ങള്‍ നിര്‍മിക്കാനുള്ള വന്‍കിട കരാറും ബോയിങ് സ്വന്തമാക്കിയിരുന്നു.
നാവികസേനയ്ക്കായി ദീർഘകാലമായി എഫ്/എ-18ഇ/എഫ് സൂപ്പര്‍ ഹോര്‍ണറ്റ് പോലുള്ള വിമാനങ്ങള്‍ നിര്‍മിച്ചുനൽകിയ പാരമ്പര്യമാണ് കമ്പനിക്ക് തുണയായത്. ഒരേസമയം വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി അത്യാധുനിക യുദ്ധവിമാനങ്ങള്‍ ഒരുക്കാനുള്ള അപൂർവ്വ അവസരമാണ് ഇതിലൂടെ ബോയിങ്ങിന് ലഭിച്ചിരിക്കുന്നത്.
പുതിയ സാങ്കേതിക വിദ്യകള്‍ ഉൾക്കൊള്ളുന്നതിനായി നിര്‍മാണ പ്ലാന്റുകളില്‍ ആവശ്യമായ നവീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഈ വലിയ പദ്ധതിക്കായി കമ്പനി പൂര്‍ണ സജ്ജമാണെന്നും ബോയിങ് ഡിഫന്‍സ് സിഇഒ സ്റ്റീവ് പാര്‍ക്കര്‍ വ്യക്തമാക്കി. പോര്‍വിമാന നിര്‍മാണ മേഖലയില്‍ നിന്നും ബോയിങ് ഭാഗികമായി പിന്മാറാൻ ആലോചിച്ചിരുന്ന ഘട്ടത്തിലാണ് എഫ്-47 ഉൾപ്പെടെയുള്ള നിർണായക കരാറുകൾ തേടിയെത്തിയത്.
ആറാം തലമുറ പോര്‍വിമാനങ്ങള്‍ ചൈന അതിവേഗത്തില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അമേരിക്കയുടെ പുതിയ വിമാനങ്ങളുടെ നിര്‍മാണം വൈകുന്നത് രാജ്യത്തിന് വലിയ തിരിച്ചടിയാകുമായിരുന്നു. ഈ സുരക്ഷാ ആശങ്കകളാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാവികസേനയെ പ്രേരിപ്പിച്ചത്.
അതേസമയം, കൃത്യമായ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 2025 മാര്‍ച്ചില്‍ നടന്ന പരിശോധനയില്‍ പ്രമുഖ കമ്പനിയായ ലോക്ഹീഡ് മാര്ട്ടിന് മത്സരത്തില്‍ നിന്ന് പുറത്തായിരുന്നു. ഇതേത്തുടർന്നാണ് നോര്ത്ത്റോപ്പും ബോയിങ്ങും തമ്മിലുള്ള അന്തിമ മത്സരം നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

