പാരമ്പര്യത്തിന്റെ തനിമയും സത്തയും ഒട്ടും ചോർന്നുപോകാതെ ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും വിസ്മയങ്ങൾ തീർത്ത് അരങ്ങുകളെ സമ്പന്നമാക്കിയ പ്രതിഭയായിരുന്നു സൂര്യ കൃഷ്ണമൂർത്തി. നാടകകലയെയും സാഹിത്യത്തെയും ഒരുപോലെ സ്നേഹിച്ച സാംസ്കാരിക പ്രവർത്തകൻ എന്നതിലുപരി മികച്ചൊരു സംഘാടകൻ കൂടിയായിരുന്നു അദ്ദേഹം.
നാടകപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി തന്റെ ജീവിതം തന്നെ മാറ്റിവെച്ച വ്യക്തിത്വമാണ് നടരാജ കൃഷ്ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തി. എഴുത്തുകാരൻ, കലാകാരൻ, സംഘാടകൻ എന്നിങ്ങനെ വിവിധ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.
കലാകാരന്മാരുടെ പ്രതിസന്ധികളും വേദനകളും തിരിച്ചറിഞ്ഞ് അവരോടൊപ്പം നിന്ന പ്രിയ കലാകാരനായാണ് തിരുവനന്തപുരത്തുകാർ അദ്ദേഹത്തെ സ്മരിക്കുന്നത്. ഒട്ടേറെ പുതിയ പ്രതിഭകൾക്ക് അരങ്ങേറ്റത്തിനും ഭാറിക്കും വഴിയൊരുക്കിയ പ്രശസ്തമായ സൂര്യ ഫെസ്റ്റിവലിന്റെ സ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം.
മലയാളത്തിലെ ആദ്യത്തെ മൊബൈൽ ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനത്തിലൂടെ രംഗവേദികളിൽ പുതിയൊരു ചരിത്രമെഴുതിയ പ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്.

