തിരുവനന്തപുരം നഗരത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ലഭിച്ച കത്തിലെ ഹവാലയുമായി ബന്ധപ്പെട്ട
ആരോപണങ്ങളാണ് പുതിയ അന്വേഷണങ്ങൾക്ക് അടിത്തറപാകിയിരിക്കുന്നത്. പൊതുപ്രവർത്തകർ ഉൾപ്പെടുന്ന അഴിമതിക്കേസുകളിൽ സാധാരണഗതിയിൽ വിജിലൻസാണ് അന്വേഷണം നടത്താറുള്ളത്.
എന്നാൽ, സംസ്ഥാന പൊലീസ് മേധാവിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിൽ റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളെക്കുറിച്ച് അതീവ ഗൗരവമുള്ള വിവരങ്ങളാണുള്ളത്.
ഹവാല കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ വിജിലൻസിന് അധികാരപരിധിയില്ലാത്തതിനാൽ, ഈ സാഹചര്യത്തിലാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കുന്നത് സംബന്ധിച്ച ആലോചനകൾ സജീവമായത്. അഴിമതിനിരോധന നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടായിരിക്കും പിണറായി വിജയനെതിരെയുള്ള അന്വേഷണം പുരോഗമിക്കുക.
മകൾ ടി.വീണ വഴി സിഎംആർഎൽ കമ്പനിയിൽ നിന്ന് അദ്ദേഹം കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി നിഗമനമാകും മുഖ്യമായും പരിശോധിക്കുക. ഈ ആരോപണങ്ങളിൽ വ്യക്തത വന്നാൽ കേസ് വിജിലൻസിന് കൈമാറാനും സാധ്യതയുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖരെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. അഴിമതിനിരോധന വകുപ്പുകൾക്ക് പുറമെ, ഹവാല ഇടപാടുകളിലെ പങ്കിനെക്കുറിച്ചും പി.എ.
മുഹമ്മദ് റിയാസിനെതിരെ അന്വേഷണം ഉണ്ടാകും. ടി.വീണയ്ക്കെതിരെയും സമാനമായ രീതിയിൽ ഹവാല ഇടപാട് കോണിലായിരിക്കും പരിശോധന നടക്കുക.
സിഎംആർഎൽ കമ്പനി വീണയ്ക്ക് കൈമാറിയ 3.28 കോടി രൂപ പിണറായി വിജയന് നൽകിയ കൈക്കൂലിയാണെന്ന ഇ.ഡി വാദത്തേക്കാൾ, അവർ കണ്ടെത്തിയ ഹവാല ഇടപാടുകളിലെ തെളിവുകളിലായിരിക്കും ക്രൈംബ്രാഞ്ച് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വേട്ടയാടലാണെന്ന സിപിഎമ്മിന്റെ വിമർശനങ്ങളെ മുൻകൂട്ടി കണ്ട് എല്ലാ നിയമനടപടികളും പൂർണ്ണമായും പാലിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
നേരിട്ട് നിയമനടപടികളിലേക്ക് കടന്നാൽ അത് കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും വിലയിരുത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചത്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തെ ഒട്ടും ഭയപ്പെടുന്നില്ലെന്ന് പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളതിനാൽ പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇ.ഡിയുടെ അന്വേഷണ രീതികളെയും മൊഴിയെടുപ്പു നടപടികളെയും ബിജെപി ഇതര പാർട്ടികൾ ശക്തമായി എതിർത്തിട്ടുള്ളതാണ്.
ആ എതിർപ്പുകളിൽ മുൻപന്തിയിൽ നിന്ന പ്രമുഖ പാർട്ടികളിലൊന്നാണ് കോൺഗ്രസ്. അങ്ങനെയുള്ള പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെ സർക്കാർ, ഇ.ഡി നൽകിയ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി അന്വേഷണം പ്രഖ്യാപിച്ചത് പൊതു സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യുമെന്നും റിയാസ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

