സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമായ മാറ്റവുമായി പ്രമുഖ സാങ്കേതിക വിദ്യ കമ്പനിയായ സാംസങ്. ഗാലറി ആപ്പിൽ നേരിട്ട് ഗൂഗിൾ ഫോട്ടോസ് (Google Photos) വഴി ഡാറ്റ ബാക്ക് അപ്പ് ചെയ്യാനുള്ള സംവിധാനം കമ്പനി അവതരിപ്പിച്ചുതുടങ്ങി.
ഇതുവരെ ഗാലറി ആപ്പിലെ ക്ലൗഡ് ബാക്ക് അപ്പ് സേവനത്തിനായി മൈക്രോസോഫ്റ്റ് വൺഡ്രൈവിനെയായിരുന്നു സാംസങ് ആശ്രയിച്ചിരുന്നത്. എന്നാൽ ഈ പങ്കാളിത്തം അവസാനിക്കുന്നതോടെയാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്.
പ്രമുഖ ടെക് ടിപ്സ്റ്ററായ ഐസ് യൂണിവേഴ്സ് (Ice Universe) ആണ് എക്സ് (X) പ്ലാറ്റ്ഫോമിലൂടെ ഈ പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. സാംസങ് ഗാലറി ആപ്പിന്റെ 15.9.01.7 പതിപ്പിലാണ് പുതിയ “Sync photos and videos” ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
മറ്റ് പ്രമുഖ ആൻഡ്രോയിഡ് ബ്രാൻഡുകളായ വൺപ്ലസ്, ഷവോമി എന്നിവയുടെ ഗാലറി ആപ്പുകളിൽ ഈ ഫീച്ചർ നേരത്തെ തന്നെ ലഭ്യമായിരുന്നു. പുതിയ അപ്ഡേറ്റ് ലഭിക്കുന്നതോടെ ഗൂഗിൾ ഫോട്ടോസ് ആപ്പ് തുറക്കാതെ തന്നെ സാംസങ് ഗാലറിയിൽ നിന്ന് നേരിട്ട് ചിത്രങ്ങളും വീഡിയോകളും ഗൂഗിൾ ക്ലൗഡിലേക്ക് സിങ്ക് ചെയ്യാൻ സാധിക്കും.
പശ്ചാത്തലത്തിൽ മീഡിയ ഫയലുകൾ ബാക്ക് അപ്പ് ചെയ്യപ്പെടുമ്പോഴും ഉപയോക്താക്കൾക്ക് സാംസങ് ഗാലറി തന്നെ പ്രധാന ഫോട്ടോ ആപ്പായി തുടർന്നും ഉപയോഗിക്കാം. ഉപയോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള ആൽബങ്ങൾ മാത്രം സിങ്ക് ചെയ്യാനും, മൊബൈൽ ഡാറ്റയോ റോമിംഗോ ഉപയോഗിച്ചുള്ള സിങ്കിങ് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.
ഗൂഗിൾ സപ്പോർട്ട് പേജിൽ വ്യക്തമാക്കിയിട്ടുള്ളതനുസരിച്ച്, ആൻഡ്രോയിഡ് 13 അല്ലെങ്കിൽ അതിനു ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന സാംസങ് ഡിവൈസുകളിലും സാംസങ്, ഗൂഗിൾ അക്കൗണ്ടുകൾ ലോഗിൻ ചെയ്തിട്ടുള്ള ഡിവൈസുകളിലുമാണ് ഈ ഫീച്ചർ ലഭ്യമാകുക. ഗാലറി ക്ലൗഡ് സിങ്ക് എന്ന സേവനത്തിന്റെ സഹായത്തോടെയാകും ഇത് പ്രവർത്തിക്കുക.
ഒറിജിനൽ ക്വാളിറ്റിയിൽ തന്നെ ചിത്രങ്ങളും വീഡിയോകളും ബാക്ക് അപ്പ് ചെയ്യപ്പെടും എന്നതാണ് മറ്റൊരു സവിശേഷത. എന്നാൽ ഈ സംവിധാനത്തിന് ചില പരിമിതികളുമുണ്ട്.
സാംസങ് ഗാലറി ആപ്പ് വഴി സിങ്ക് ചെയ്ത ചിത്രങ്ങൾ മാത്രമേ ഇതിൽ കാണാൻ സാധിക്കൂ. നേരത്തെ ഗൂഗിൾ ഫോട്ടോസ് വഴി മാത്രം ബാക്ക് അപ്പ് ചെയ്തിട്ടുള്ള പഴയ ഫോട്ടോകൾ സാംസങ് ഗാലറിയിൽ ദൃശ്യമാകില്ല.
ഫീച്ചർ ഫോണിൽ ലഭ്യമായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സാംസങ് ഗാലറി ആപ്പ് തുറന്ന് Menu > Settings > Sync > Sync photos and videos എന്ന ക്രമം പരിശോധിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

