ആലപ്പുഴയിൽ പതിമൂന്നുകാരി, മൂന്നു കൗമാരക്കാർക്ക് ക്വട്ടേഷൻ നൽകി മുത്തച്ഛനെ കൊലപ്പെടുത്തിയ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് കേരളം. ഗർഭിണിയാണെന്ന വിവരം ഭർത്താവിൽ നിന്നു മറച്ചുവച്ച് കരിയിലക്കുളങ്ങരയിലെ യുവതി ജനിച്ച കുഞ്ഞിനെ ചവറുകൂനയിൽ എറിഞ്ഞു കൊന്നത് കാമുകനൊപ്പം ജീവിക്കാനായിരുന്നു എന്ന മറ്റൊരു സമീപകാല വാർത്തയും മലയാളികളെ സ്തബ്ധരാക്കി.
യുവതി അറസ്റ്റിലായതോടെ കഥ മാറി. ഫേക്ക് ഐഡിയിലൂടെ ക്രിയേറ്റ് ചെയ്തതാണ് കാമുകനെ എന്ന സത്യം എഴുതിവച്ച് ബന്ധുക്കളായ രണ്ട് പെൺകുട്ടികൾ ആറ്റിൽ ചാടി ജീവനൊടുക്കി.
2024ൽ കോടതി യുവതിക്ക് 10 വർഷം കഠിനതടവ് വിധിച്ചു. ഫോണിലെ കാമുകൻ വെറും തമാശയായിരുന്നുവെന്ന കൂട്ടുകാരികളുടെ മരണമൊഴി പോലും വിശ്വസിക്കാൻ പറ്റാത്ത വിധം അഡിക്ടായിരുന്നു ആ യുവതി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിർദയമായ കോടതിമുറികളാകുന്നതും നാം കണ്ടു. ഒരു സ്ത്രീ, ഒരു പരാതിയും ഫയൽ ചെയ്യാതെ ഒരു പുരുഷനെതിരെ ആരോപണം ഉന്നയിച്ച് വിഡിയോ അപ് ലോഡ് ചെയ്തു.
അത് വൈറലായി, മാനനഷ്ടം ഭയന്ന് പുരുഷൻ ആത്മഹത്യ ചെയ്തു. പിന്നീട് സ്ത്രീ അറസ്റ്റിലായി.
ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ, മൊബൈൽ ഫോൺ വില്ലനാകാതിരിക്കാൻ ചിലതു ചെയ്തേ തീരൂ. മൊബൈൽ ഫോണും ഡിജിറ്റൽ ലോകവും ആപ്പുകളും സൃഷ്ടിക്കുന്ന ദുരന്തങ്ങൾ ഓരോ ദിവസവും കൂടി വരികയാണ്.
അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെ ആണ്. സ്ക്രീനിൽ നമ്മളെ കുരുക്കിയിടുന്ന ഫോണും സോഷ്യൽ മീഡിയയും നമ്മുടെ തലച്ചോറിലെ ഡോപമിന്റെ അളവിനെ നിയന്ത്രിക്കും.
ഭക്ഷണം, ഉറക്കം എന്നിവ മറന്ന് അതിൽ ലയിക്കും. സ്വയം മറന്നു നോട്ടിഫിക്കേഷനായി കാത്തിരിക്കും.
സമയം പാഴാക്കും. ഇതിന്റെയെല്ലാം ആഘാതം നാം ചിന്തിക്കുന്നതിലും വളരെ വലുതാണ്.
തടസ്സപ്പെടുന്ന ഉറക്കം, അകന്നുപോകുന്ന ബന്ധങ്ങൾ, എപ്പോഴും തിരക്കാണെങ്കിലും ഒന്നും നേടിയില്ലെന്ന ശൂന്യതാബോധം എന്നിവയെല്ലാം അതിന്റെ ഭാഗമായി ഉണ്ടാകും. പഠനം താറുമാറാകും
ക്ലാസ് റൂമിൽ ഇരിക്കുമ്പോഴും മനസ്സുകൊണ്ട് സ്വന്തം സ്ക്രീനിൽ ഒഴുകിനീങ്ങും.
ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവയിൽ സമയം ചെലവഴിക്കുമ്പോൾ, കുട്ടികളുടെ ശ്രദ്ധ തെറ്റും. ദിവസത്തിൽ മൂന്നിലൊന്ന് സമയവും സ്ക്രീനിൽ നോക്കിയിരുന്ന കുട്ടിക്ക് പഠിക്കാനോ കളിക്കാനോ താൽപര്യം ഉണ്ടാകണമെന്നില്ല.
ഓരോ നോട്ടിഫിക്കേഷനുകളും ഏകാഗ്രത തകർക്കുന്നതാകും. സ്ക്രീനിലെ നീലവെളിച്ചം ഉറക്കത്തെ ബാധിക്കുന്നതുകൊണ്ട് ക്ഷീണമുണ്ടാകും.
അവർ പ്രകോപിതരും ഏകാഗ്രതയും ക്ഷമയും ഇല്ലാത്തവരുമായി മാറും. സ്ക്രോളും, ലൈക്കും പിന്തുടരുന്നതിലൂടെ ആഴമേറിയ കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും ഇല്ലാതാകും.
സ്വാഭാവികമായും അക്കാദമിക് നേട്ടങ്ങളിൽ പിന്നിലാവും. ഓൺലൈൻ കെണികളിലൂടെ ലഹരിക്കോ ലൈംഗിക ചൂഷണത്തിനോ ഇര
ഞെട്ടിപ്പിക്കുന്ന കണക്കുകൾ
∙ 2021നും 2025നും ഇടയിൽ, ഇന്റർനെറ്റ് ദുരുപയോഗം മൂലം കേരളത്തിൽ 41 കുട്ടികൾ ജീവനൊടുക്കി.
∙ 30 പേർ ഓൺലൈൻ കെണികളിലൂടെ ലഹരിക്കോ ലൈംഗിക ചൂഷണത്തിനോ ഇരകളായി.
∙ രണ്ടു വർഷത്തിനുള്ളിൽ 2,000 കുട്ടികൾ സർക്കാർ വിമുക്തി കേന്ദ്രങ്ങളിൽ ചികിത്സ തേടി. അപകടസൂചനകൾ മാതാപിതാക്കളുടെ കൺമുന്നിൽ ഉണ്ട്.
ഉറക്കമില്ലായ്ക, ഫോൺ മാറ്റുമ്പോഴുള്ള രോഷം, ഹോബികളിലും കുടുംബത്തോടൊപ്പം പെരുമാറാനുമുള്ള താൽപര്യക്കുറവ്, ഓൺലൈനിൽ ചെയ്യുന്നവ രഹസ്യമാക്കാനുള്ള വ്യഗ്രത എന്നിവയെല്ലാം അതിൽ പെടും. ഇതേ സൂചനകൾ അധ്യാപകർക്കും കണ്ടെത്താനാവും.
ശ്രദ്ധക്കുറവ്, അസ്വസ്ഥത, കൂട്ടുകാരോട് ഇടപഴകാതിരിക്കൽ, പരീക്ഷകൾ എഴുതാതിരിക്കൽ എന്നിവയൊക്കെ ഉദാഹരണം. സ്ക്രീൻ മാറ്റുമ്പോൾ ഉത്കണ്ഠയോ അക്രമവാസനയോ കാട്ടുന്നത് പ്രശ്നം ഗുരുതരമാണെന്നതിന്റെ ലക്ഷണമാണ്.
ഇതിന്റെയെല്ലാം ഫലമായാണ് സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കാൻ 2025-26 ലെ സാമ്പത്തിക സർവേ ആഹ്വാനം ചെയ്തിരിക്കുന്നത്. എന്താണ് ചെയ്യാനാകുക?
ഇവിടെ പരിഹാരം സാങ്കേതികവിദ്യയെ തിരസ്കരിക്കുകയല്ല.
ഡിജിറ്റൽ ജീവിതം മനുഷ്യത്വത്തെയും സാമൂഹിക ജീവിതത്തെയും തകർക്കാനല്ല, സേവിക്കാനാണ് എന്ന് ഉറപ്പുവരുത്തുകയാണു ചെയ്യേണ്ടത്. മാതാപിതാക്കളും അധ്യാപകരും സ്ഥിരമായി കുട്ടികളുമായി ആശയവിനിമയം നടത്തണം.
സംസാരിക്കുമ്പോൾ ഡിജിറ്റൽ ഉപകരണങ്ങൾ മാറ്റിവയ്ക്കുക, വ്യക്തമായ അതിർവരമ്പുകൾ നിശ്ചയിക്കുക, കുട്ടികളിൽ നാം പ്രതീക്ഷിക്കുന്ന ശീലങ്ങൾ സ്വന്തം ജീവിതത്തിൽ മാതൃകയാക്കി കാണിച്ചുകൊടുക്കുകയും വേണം.
ഇതിന്റെ ആദ്യപടി വീട്ടിൽനിന്നു തന്നെ തുടങ്ങണം. അതിനു മാതാപിതാക്കൾ നേതൃത്വം നൽകണം.
ഉദാഹരണത്തിന് ഭക്ഷണസമയത്ത് സ്ക്രീൻ ഒഴിവാക്കാം, കിടപ്പുമുറിയിൽനിന്ന് ഫോൺ മാറ്റിവെക്കാം, രാവിലെ ഫോൺ നൽകാതിരിക്കാം, വൈകുന്നേരങ്ങൾ സംസാരിക്കാനും ഒന്നിച്ച് കാര്യങ്ങൾ ചെയ്യാനും മാറ്റിവയ്ക്കാം, കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം ദിവസത്തിൽ ഒരു മണിക്കൂറായി പരിമിതപ്പെടുത്താം. അവരുടെ ഉത്കണ്ഠ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും ഇതു സഹായിക്കും.
അമിത ഡിജിറ്റൽ ഉപയോഗം തുടക്കത്തിലേ തിരിച്ചറിയാനും മുൻകരുതൽ സ്വീകരിക്കാനും മാതാപിതാക്കളെ സഹായിക്കുന്ന വർക്ഷോപ്പുകൾ സ്കൂളിലും കമ്യൂണിറ്റി സെന്ററുകളിലും സംഘടിപ്പിക്കാം. പരസ്പരബന്ധത്തിന്റെ മൂല്യങ്ങൾ കുട്ടികളിൽ വളർത്താൻ കുടുംബങ്ങളും സ്കൂളുകളും ഒരുമിച്ചു പ്രവർത്തിക്കുകയാണു വേണ്ടത്.
മികവിനായി ഉപയോഗിക്കാം
വ്യക്തമായ ലക്ഷ്യത്തോടെ സമീപിച്ചാൽ ഡിജിറ്റൽ മീഡിയയുടെ സാധ്യതകൾ വളരെ വലുതാണ്. അതു വെറും സമയം കൊല്ലിയല്ല എന്ന് തിരിച്ചറിയും.
പോക്കറ്റിൽ ഒതുങ്ങുന്ന ഒരു ക്ലാസ് റൂമാക്കി സ്മാർട്ഫോണിനെ മാറ്റാം. സൗജന്യ ട്യൂഷനും സർവ്വകലാശാലകളിലെ പ്രഭാഷണങ്ങളും കരിയർ മാറ്റിമറിക്കുന്ന സ്കില്ലുകളും നേടാൻ ഫോണിനെ ഉപയോഗിക്കാം.
കണ്ടന്റ് ക്രിയേഷൻ അടക്കം ഭാവിസാധ്യതകളുള്ള കരിയറുകളും ഇതിലൂടെ തുറന്നുകിട്ടും. ആപ്പ് സന്തോഷം ഇല്ലാതാക്കും
പല ആപ്പുകളും രൂപപ്പെടുത്തിയിരിക്കുന്നത് ആളുകളെ കൂടുതൽ സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ്.
അത് ആരുടേയും കുറ്റമല്ല. നോട്ടിഫിക്കേഷനും ലൈക്കും ഓട്ടോപ്ലേയും നമ്മെ അതിൽ തളച്ചിടുന്ന കൊളുത്തുകളാണ്.
താൽപര്യം ഇല്ലെങ്കിലും സ്ക്രോളിങ് തുടരാൻ അത് പ്രേരിപ്പിക്കും. ഇതോടെ ജീവിതാനുഭവങ്ങൾ, അർഥവത്തായ സംഭാഷണങ്ങൾ, വെയിൽ, വെളിച്ചം, വെറുതെ ഇരിക്കുമ്പോഴുള്ള സമാധാനം എന്നിവയെല്ലാം ഇല്ലാതാകും.
പക്ഷേ, നമ്മൾ അതു തിരിച്ചറിയില്ല എന്നുമാത്രം. സോഷ്യൽ മീഡിയ കാലത്ത് സ്വയം അനുഭവിക്കണം എന്നല്ല, പകരം എന്തും മറ്റുള്ളവരുമായി പങ്കുവയ്ക്കാനാണ് തിടുക്കം.
സൂര്യാസ്തമയം നേരിട്ട് ആസ്വദിക്കില്ല, അത് മറ്റുള്ളവരിലെത്തിക്കാൻ ഫോണിലേക്ക് കൈനീട്ടും. വെറുതെയിരിക്കാനോ സ്വന്തം ചിന്തകളിലേക്ക് നോക്കാനോ പ്രിയപ്പെട്ടവർക്കൊപ്പം ചിലവഴിക്കാനോ ഉള്ള കഴിവാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്.
അതുവഴി ലഭിക്കുന്നതോ? വലിയൊരു ശൂന്യത മാത്രം. മുന്നറിയിപ്പ് – പഠനങ്ങളിലെ വിവരങ്ങൾ
‘ഫോണിന്റെ നീലവെളിച്ചം (ബ്ലൂ ലൈറ്റ്’) ഉറക്കത്തെ തടസ്സപ്പെടുത്തും.
യുകെയിലെ സഹപ്രവർത്തകരുമായി ചേർന്ന് മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ മനസ്സിലായത് ഈ വെളിച്ചം തലച്ചോറിനെ ബാധിക്കുമെന്നാണ്. ദീർഘനേരം ബ്ലൂ ലൈറ്റ് ഏൽക്കുന്നത് ഉത്കണ്ഠ വർധിപ്പിക്കും, ഓർമശക്തി കുറയ്ക്കും.
ഓർമയേയും ദിശാബോധത്തെയും നിയന്ത്രിക്കുന്ന തലച്ചോറിലെ ‘ഹിപ്പോകാമ്പസി’ന്റെ ഘടനയിൽ മാറ്റങ്ങൾ വരുമെന്നും കണ്ടെത്തി. ബ്ലൂലൈറ്റ് ഫിൽട്ടറിനോ മറ്റ് ഇടപെടലുകൾക്കോ ഈ മാറ്റത്തെ മറികടക്കാൻ ആകുമോ എന്ന പഠനം നടക്കുകയാണ്.
മുന്നറിയിപ്പ് വ്യക്തമാണ്: ഫോൺ മാറ്റിവയ്ക്കുന്നത് നല്ല ഉറക്കത്തിന് വേണ്ടി മാത്രമല്ല, തലച്ചോറിന്റെ സംവിധാനം പ്രശ്നങ്ങൾ കൂടാതെ നിലനിർത്താൻ കൂടിയാണ്. എന്താണ് ഡിജിറ്റൽ മിനിമലിസം?
സാങ്കേതികവിദ്യയുടെ ഉപയോഗവുമായി ബന്ധപ്പെട്ട
ജീവിത ശൈലിയാണ് ഡിജിറ്റൽ മിനിമലിസം. സ്മാർട്ഫോണോ സോഷ്യൽ മീഡിയയോ ഉപേക്ഷിക്കാൻ അത് ആവശ്യപ്പെടുന്നില്ല.
യാന്ത്രികമായി ഉപയോഗിക്കാതെ വ്യക്തമായ ലക്ഷ്യത്തോടെ, ബോധത്തോടെ സാങ്കേതികവിദ്യകളെ കൈകാര്യം ചെയ്യണം എന്നാണ് ഡിജിറ്റൽ മിനിമലിസം പറയുന്നത്.
മാറ്റം സ്ക്രീനിനല്ല വേണ്ടത്, നാം അതിനെ എങ്ങനെ സമീപിക്കുന്നു എന്നതിലാണ് കാര്യം. മുന്നിലേക്ക് തള്ളിവിടുന്നതിനെയെല്ലാം നിഷ്ക്രിയമായി സ്വീകരിക്കാതിരിക്കുക.
പുതിയവ സൃഷ്ടിക്കാനും പഠിക്കാനും മറ്റുള്ളവരിലേക്ക് എത്തിച്ചേരാനും ശ്രമിക്കണം. ഫോൺ അൺലോക്ക് ചെയ്യും മുൻപ് ഒരു നിമിഷം “എന്തിനാണ് ഇപ്പോൾ ഇത് ഉപയോഗിക്കുന്നത്?” എന്ന് ചോദിക്കുക.
വളർച്ചയ്ക്കും സഹാനുഭൂതിക്കും മനുഷ്യബന്ധങ്ങൾക്കുമുള്ള മികച്ചൊരു മാർഗമായി ഡിജിറ്റൽ ഇടങ്ങളെ ഉപയോഗപ്പെടുത്തുക. ഡിജിറ്റൽ അടിമത്തം സമൂഹിക ബന്ധത്തെ തകർക്കുമെന്ന് 2025-26 ലെ സാമ്പത്തിക സർവേ പറയുന്നു.
സംസാരത്തിനു ഇടയിൽ സ്ക്രീൻ വന്നാൽ ബന്ധത്തിന് ശക്തി കുറയും. വിവരങ്ങൾ ശേഖരിക്കും – നഷ്ടപ്പെടും സ്വകാര്യത
ഫെയ്സ്ബുക്ക്, വാട്സാപ്, ടിക് ടോക്ക് മുതലായവ വ്യക്തി വിവരങ്ങൾ ചൂഷണം ചെയ്യുന്നുണ്ടെന്ന് തിരിച്ചറിയണം.
നമ്മുടെ ലൊക്കേഷൻ, ബ്രൗസിങ്, സ്വകാര്യ സന്ദേശങ്ങൾ, ബയോമെട്രിക് വിവരങ്ങൾ എന്നിവയെല്ലാം അവർ ശേഖരിക്കുന്നുണ്ട്. ഇതിനെല്ലാം നാം അനുവാദം നൽകുന്നുണ്ട്.
സാക്ഷരതയും കുടുംബബന്ധങ്ങളും ശക്തമായിരുന്ന കേരളത്തിൽ സോഷ്യൽ മീഡിയ ഇപ്പോൾ നിശ്ശബ്ദമായ പിളർപ്പ് സൃഷിച്ചിരിക്കുന്നു.
മുറിയിൽ ഒന്നിച്ചിരുന്നാലും എല്ലാവരും സ്വന്തം സ്ക്രീനിലാണ്. അത് കുട്ടികളിൽ വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു.
നമ്മുടെ ഓരോ സ്ക്രോളും ലൈക്കും ഷെയറും അവർക്കു ചരക്കുകളാണ്.
കൃത്യം ലക്ഷ്യം വെച്ചുള്ള പരസ്യത്തിനും (hyper-targeted ads) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൊഫൈലിങ്ങനും വേണ്ടി അവ വിൽക്കുന്നു. പരസ്യങ്ങൾക്കായി ഡേറ്റ പങ്കിടുന്നതിനെ 67% പേരും എതിർക്കും.
പക്ഷേ, നമ്മൾ സ്ക്രോളിങ് തുടരും. നമുക്ക് ആശങ്കയുണ്ട്, പക്ഷേ പ്രതികരിക്കില്ല.
ഇവിടെ നമ്മൾ ഒരേസമയം ഉൽപന്നവും ഉപഭോക്താവുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

