ഡൽഹി സ്വദേശിയായ യുവ്രാജ് സിങ് മൻചന്ദ (31) എന്ന യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം ഓടയിൽ തള്ളിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അടുത്ത മാസം വിവാഹം നിശ്ചയിച്ചിരുന്ന യുവ്രാജിന്റെ വിയോഗം കുടുംബത്തെ കനത്ത ആഘാതത്തിലാണ് എത്തിച്ചിരിക്കുന്നത്.
സാമ്പത്തിക തർക്കങ്ങളെ തുടർന്നാണ് ഈ ക്രൂരകൃത്യം അരങ്ങേറിയതെന്നാണ് പ്രഥമിക വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: “സെപ്റ്റംബർ ആറിന് വിവാഹവസ്ത്രം വാങ്ങാൻ സഹോദരിമാർക്കൊപ്പം ഡൽഹിയിലെ ലാജ്പത് നഗർ മാർക്കറ്റിലെത്തിയതാണ് യുവ്രാജ്.
ഇടയ്ക്ക് ഭക്ഷണം കഴിക്കാനായി വൈകിട്ട് 4.15 ഓടെ അവർ ഗോൾഡൻ ഡ്രാഗൺ റസ്റ്ററന്റിലെത്തി. അൽപസമയത്തിനകം, ഗുരുഗ്രാമിലെ തന്റെ മുൻ സഹപ്രവർത്തകയെ അത്യാവശ്യമായി കാണേണ്ടതുണ്ടെന്ന് സഹോദരിമാരോട് പറഞ്ഞശേഷം യുവ്രാജ് പോകുകയായിരുന്നു.
സഹോദരിമാർ ടാക്സിൽ തിരികെപ്പോയി. രാത്രി 10 മണിയോടെ തിരിച്ചെത്തുമെന്നാണ് യുവ്രാജ് വീട്ടുകാരെ അറിയിച്ചത്.” എന്നാൽ പറഞ്ഞ സമയത്തിന് ശേഷം യുവാവ് തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
തുടർന്ന് സെപ്റ്റംബർ 11ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് യുവ്രാജിന്റെ ഫോണിൽനിന്ന് അവസാനമായി കോൾ പോയ മുൻ സഹപ്രവർത്തകയായ യുവതിയിലേക്ക് അന്വേഷണം നീണ്ടത്.
ഇവരുടെ ഫോൺ ഓഫായിരുന്നതിനാൽ സിസിടിവി ദൃശ്യങ്ങളും വിവിധ ഓഫീസുകളിലെ വിവരങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഉത്തരാഖണ്ഡിൽ നിന്നാണ് ഇവരെയും പങ്കാളിയെയും പിടികൂടിയത്.
ചോദ്യം ചെയ്യലിൽ, യുവ്രാജിനെ കൊലപ്പെടുത്തി മൃതദേഹം വീടിന് സമീപമുള്ള ഓടയിൽ തള്ളിയതായി പ്രതികൾ സമ്മതിക്കുകയുണ്ടായി. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇവർ മൊഴി നൽകിയതെങ്കിലും, യഥാർത്ഥ കാരണം പ്രതികൾ മറച്ചുവയ്ക്കുകയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി കുടുംബം ഗുരുതരമായ ആരോപണം ഉന്നയിക്കുന്നുണ്ട്. സെപ്റ്റംബർ 10ന് തന്നെ ഗുരുഗ്രാം പൊലീസിന് യുവ്രാജിന്റെ മൃതദേഹം ലഭിച്ചിരുന്നുവെന്നും എന്നാൽ ഈ വിവരം തങ്ങളെ അറിയിക്കാൻ പൊലീസ് തയ്യാറായില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.
തുടർന്ന് സെപ്റ്റംബർ 14ന് അജ്ഞാത മൃതദേഹമെന്ന പേരിൽ പൊലീസ് ഇത് സംസ്കരിക്കുകയും ചെയ്തു. സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് തങ്ങളെ വിവരമറിയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
യുവ്രാജിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അന്വേഷണ രേഖകൾ, ഡിഎൻഎ സാമ്പിൾ, അദ്ദേഹത്തിന്റെ വ്യക്തിഗത വസ്തുക്കൾ എന്നിവ ഉടൻ കൈമാറണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

