പാലക്കാട് ജില്ലയിൽ ഒന്നാംവിള നെൽക്കൃഷി രൂക്ഷമായ ഉണക്കുഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ, മലമ്പുഴ ഡാം അടിയന്തരമായി തുറന്നു കനാൽ വഴി വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ജില്ലാ കലക്ടറെയും ജലസേചന വിഭാഗം ഉദ്യോഗസ്ഥരെയും നേരിൽ കണ്ടു. നിലവിലുള്ള പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി കലക്ടറേറ്റിൽ എ.പ്രഭാകരൻ എംഎൽഎയുടെ നേതൃത്വത്തിൽ കർഷക പ്രതിനിധികളുടെ പ്രത്യേക യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
ജില്ലയിലെ ഭൂരിഭാഗം പാടശേഖരങ്ങളിലും നെല്ല് നിലവിൽ കതിർ പരുവത്തിലാണ് ഉള്ളത്. കതിർ വരുന്ന നിർണായക സമയത്തു പാടത്തു വെള്ളം കെട്ടിനിർത്തേണ്ടത് അത്യാവശ്യമാണ്.
അല്ലാത്തപക്ഷം നെന്മണികൾ പതിരായി മാറുമെന്ന ആശങ്കയിലാണ് കർഷകർ. മഴ തീർത്തും ലഭ്യമല്ലാത്തതിനാൽ ജില്ലയിലെ രണ്ടാം വിളയിറക്കവും കടുത്ത അനിശ്ചിതത്വത്തിലാണ്.
അതിനാൽ ഒന്നാംവിളയെങ്കിലും സുരക്ഷിതമായി കൊയ്തെടുക്കാൻ മലമ്പുഴ ഡാം തുറന്നേ തീരൂ എന്ന് കർഷക പ്രതിനിധികൾ ജില്ലാ കലക്ടർ കെ.സുധീറിനെ കണ്ട് ശക്തമായ നിലപാട് അറിയിച്ചു. മലമ്പുഴ ഇടതുകര കനാലിനു കുറുകെ കല്ലേപ്പുള്ളിക്കു സമീപം നെറുകക്കാട് പുതിയ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഇതിന്റെ നിർമാണം പകുതിയിലധികമായി പൂർത്തിയായിട്ടുണ്ട്. ഈ കനാലിലൂടെയാണ് സാധാരണയായി മലമ്പുഴ ഡാമിൽ നിന്ന് പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്.
എന്നാൽ ഈ സമയത്തു ഡാം തുറന്നു കനാൽ വഴി വെള്ളം ഒഴുക്കിവിട്ടാൽ പാലം പണിയെ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് അധികൃതരുടെ പക്ഷം. പാലം നിർമാണത്തിന്റെ പേരു പറഞ്ഞു മലമ്പുഴ ഡാമിൽ നിന്നുള്ള ജലസേചനം തടഞ്ഞാൽ ഒന്നാം വിളയിൽ 500 കോടി രൂപയുടെ നെല്ല് ഉണങ്ങിയും പതിരായും നശിച്ചുപോകുമെന്നാണ് കർഷകർ ജില്ലാ അധികൃതരെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.
115.06 മീറ്റർ പരമാവധി സംഭരണ നിരപ്പുള്ള മലമ്പുഴ അണക്കെട്ടിൽ ഇന്നലത്തെ ജലനിരപ്പ് 109.55 മീറ്റർ ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് ജലനിരപ്പ് 114.19 മീറ്റർ ആയിരുന്നു എന്നത് പ്രതിസന്ധിയുടെ ഗൗരവം വർധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

