പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി ടെക്നോളജി ഇന്ത്യ (Xiaomi Technology India)യ്ക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ സമഗ്ര അന്വേഷണത്തിന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) ശുപാർശ നൽകി. കമ്പനിയുടെ ബിസിനസ്സ് രീതികളിലും വിദേശ നിക്ഷേപ ചട്ടങ്ങളുടെ ലംഘനങ്ങളിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടി.
ഈ നിർണായക വിവരം പുറത്തുവിട്ടത് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ്. കഴിഞ്ഞ മെയ് മാസത്തിൽ തയ്യാറാക്കിയ ഈ അന്വേഷണ ശുപാർശ ഇപ്പോൾ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
2020-ലെ അതിർത്തി തർക്കങ്ങൾക്ക് ശേഷം ചൈനീസ് നിക്ഷേപകർക്കായി ഇന്ത്യ കർശനമാക്കിയ പുതിയ നിയമങ്ങൾ കമ്പനി പാലിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഫണ്ടുകളുടെ കൈമാറ്റം, ആവശ്യമായ മുൻകൂർ അനുമതികൾ നേടിയിട്ടുണ്ടോ എന്നീ കാര്യങ്ങളും അന്വേഷണ പരിധിയിൽ വരും.
വിദേശ നിക്ഷേപകരുടെയും ഗ്രൂപ്പ് സ്ഥാപനങ്ങളുടെയും യഥാർത്ഥ ഉടമസ്ഥാവകാശവും (Beneficial Ownership) നിയന്ത്രണാവകാശങ്ങളും കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതാണ് അന്വേഷണത്തിൽ ഏറ്റവും പ്രധാനം. സർക്കാരിന്റെ സജീവ പരിഗണനയിലാണ് ഈ ശുപാർശയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
വാണിജ്യ മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പ്രാരംഭ നടപടികൾ. സാമ്പത്തിക പ്രസ്താവനകളും ഓഡിറ്റർ റിപ്പോർട്ടുകളും പരിശോധിക്കുക, നിലവിലെയും മുൻകാലങ്ങളിലെയും ഡയറക്ടർമാർ, സി.എഫ്.ഒമാർ, കോംപ്ലയൻസ് ഓഫീസർമാർ എന്നിവരുടെ മൊഴിയെടുക്കുക തുടങ്ങിയ 21 ഇന അന്വേഷണത്തിനാണ് സാധ്യത തേടിയിരിക്കുന്നത്.
കൂടാതെ, ഷവോമിയുടെ ഓൺലൈൻ വിൽപ്പന കരാറുകളും പരിശോധിക്കും. ചില പ്രത്യേക ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ മാത്രം ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതും, ഇന്ത്യൻ വിൽപ്പനക്കാരുടെ മേൽ കമ്പനി പരോക്ഷമായി നിയന്ത്രണം (de facto control) ചെലുത്തിയിട്ടുണ്ടോ എന്നതും അന്വേഷണപരിധിയിൽ വരും.
കോർപ്പറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്നതിനും കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യാനും വിചാരണ ചെയ്യാനും അധികാരമുള്ള കേന്ദ്ര ഏജൻസിയാണ് എസ്.എഫ്.ഐ.ഒ. അതേസമയം, എസ്.എഫ്.ഐ.ഒയിൽ നിന്ന് യാതൊരുവിധ നോട്ടീസോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് ഷവോമി വക്താവ് വ്യക്തമാക്കി.
രാജ്യത്തെ നിയമങ്ങൾ പൂർണമായി പാലിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഈ പുതിയ അന്വേഷണം ഔദ്യോഗികമായി ആരംഭിച്ചാൽ, രാജ്യത്ത് ഇതിനകം പ്രതിസന്ധി നേരിടുന്ന ഷവോമിയുടെ തിരിച്ചടികൾക്ക് അത് ആക്കം കൂട്ടും.
നിയമവിരുദ്ധമായി പണം അയച്ചെന്നാരോപിച്ച് 2022-ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) മരവിപ്പിച്ച 584 മില്യൺ ഡോളറിന്റെ (ഏകദേശം 5,551 കോടി രൂപ) ബാങ്ക് ആസ്തികൾ തിരികെ നേടാൻ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതുകൂടാതെ നികുതി ആവശ്യങ്ങളും റോയൽറ്റി തർക്കങ്ങളും കമ്പനി നേരിടുന്നുണ്ട്.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഷവോമിയുടെ മുൻപത്തെ വിഹിതം 19 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറഞ്ഞ് ഇപ്പോൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന് കൗണ്ടർപോയിന്റ് റിസർച്ച് കണക്കുകൾ വ്യക്തമാക്കുന്നു. 2025-ൽ കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 2.52 ബില്യൺ ഡോളർ മാത്രമാണ്.
ഇത് മൂന്ന് വർഷം മുമ്പത്തേക്കാൾ 40% കുറവാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

