പൃഥ്വിരാജ് സുകുമാരനും കരീന കപൂറും മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്ന പുതിയ ഹിന്ദി ചലച്ചിത്രമായ ‘ദായ്റ’യുടെ ഔദ്യോഗിക ട്രെയ്ലർ പ്രേക്ഷകർക്ക് മുന്നിലെത്തി. ജംഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്.
റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ സംവിധായിക മേഘ്ന ഗുൽസാർ ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സമൂഹത്തിൽ വലിയ തോതിൽ ചർച്ചകൾക്ക് വഴിവെക്കുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന നിർണായക സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച കൂടിയാണ് ഈ ചിത്രം സമ്മാനിക്കുന്നത്. വളരെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്നത് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയ്ലർ നൽകുന്ന സൂചനകൾ അനുസരിച്ച്, കരീന കപൂറിന്റെയും പൃഥ്വിയുടെയും മികച്ച പ്രകടനങ്ങൾ തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകർഷണം.
കൂടാതെ, ചിത്രത്തിന്റെ മലയാളം പതിപ്പിൽ കരീന കപൂറിന് ശബ്ദം നൽകിയിരിക്കുന്നത് പ്രമുഖ നടി പാർവതി തിരുവോത്ത് ആണ്. മേഘ്ന ഗുൽസാറിനോടൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ താൻ ഇത് ചെയ്യണമെന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് മുൻപ് വ്യക്തമാക്കിയിരുന്നു. കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂർണമായും ആകർഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഘ്ന ഗുൽസാറിന്റെ സംവിധാനമികവിലും, ജംഗ്ലീ പിക്ചേഴ്സിന്റെ ബാനറിലും, കരീന കപൂർ പോലുള്ള പ്രമുഖ നടിയോടൊപ്പം പ്രവർത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ചൊരു അനുഭവമായിരിക്കുമെന്നും ചിത്രം ലോഞ്ച് ചെയ്ത വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആഗോളതലത്തിൽ തിയേറ്ററുകൾ കേന്ദ്രീകരിച്ച് സെപ്റ്റംബർ 18 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ പിആർഒ ചുമതല നിർവഹിക്കുന്നത് സതീഷ് എരിയാളത്ത് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

