കൈക്കൂലി വിവാദങ്ങളും ഉദ്യോഗസ്ഥ സസ്പെൻഷനുകളും സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഒരുങ്ങി കോട്ടയം ജില്ലയിലെ എക്സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി വകുപ്പുതലത്തിൽ അടിമുടി അഴിച്ചുപണിക്കാണു സാധ്യതയുള്ളത്.
മദ്യവും ഭക്ഷണവും പണവും കൈക്കൂലിയായി വാങ്ങി നിയമലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന സമാന്തര ‘കോംപ്ലിമെന്ററി സിസ്റ്റം’ ജില്ലയിൽ പ്രവർത്തിക്കുന്നുവെന്ന് എക്സൈസ് വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകൾക്കൊടുവിലാണ് ഡപ്യൂട്ടി കമ്മിഷണർ എസ്.അശോക്കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നേരിടേണ്ടിവന്നത്.
കള്ളുഷാപ്പുകാരോട് അകന്ന്, ബാറുകളോട് ഇണങ്ങി ജില്ലയിൽ പ്രവർത്തിക്കുന്ന ഈ സമാന്തര സംവിധാനം കഴിഞ്ഞ കുറച്ചുകാലമായി കള്ളുഷാപ്പ് ഉടമകളിൽനിന്ന് കൃത്യമായ അകലം പാലിച്ചാണ് മുന്നോട്ടുപോകുന്നത്. പണപ്പിരിവിനായി ഇടയ്ക്കിടെ നിർദേശങ്ങൾ എത്താറുണ്ടെങ്കിലും വളരെ കുറഞ്ഞ ശതമാനം ഷാപ്പുടമകൾ മാത്രമാണ് ഇതിന് തയ്യാറാകാറുള്ളത്.
ശക്തമായ ട്രേഡ് യൂണിയൻ സംവിധാനം നിലനിൽക്കുന്നതിനാലാണ് ഉദ്യോഗസ്ഥർ കള്ളുഷാപ്പ് ഉടമകളെയേപ്പറ്റി ഭയപ്പെടുന്നത്. അതേസമയം, കോടിക്കണക്കിനു രൂപ മുതൽമുടക്കി ബാറുകൾ ആരംഭിച്ചവരുടെ സാഹചര്യം ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ചെറിയൊരു ഇടപെടൽ ഉണ്ടായാൽപോലും ഇവരുടെ സാമ്പത്തിക നില ആകെ തകിടംമറിയും. അതിനാൽ എന്തുവിലകൊടുത്തും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പണം കണ്ടെത്തി നൽകാൻ ഇവർ നിർബന്ധിതരാകുന്നു.
ഓണം, ക്രിസ്മസ് വേളകളിലും ലൈസൻസ് പുതുക്കുന്ന സമയത്തുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ബാറുടമകളെ സമീപിക്കുന്നത്. എന്നാൽ ഇത്തരം സന്ദർഭങ്ങൾക്ക് പുറമേയും ഉദ്യോഗസ്ഥർ പിരിവിനായി എത്താറുണ്ടെന്നാണ് ബാറുടമകളുടെ പക്ഷം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

