കൊല്ലം ജില്ലയിൽ മാതാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിക്ക് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ. ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം മാതൃകാപരമായ ഇടപെടൽ കാഴ്ചവെച്ച എസ്ഐ മനോജ്, ഹോം ഗാർഡ് ജ്യോതി എന്നിവരാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയോടെയായിരുന്നു സംഭവം.
ആയുർ സ്വദേശിനിയായ പതിനേഴുകാരിയും മാതാവും തമ്മിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതിനെ തുടർന്ന് മാതാവ് പൊലീസിന്റെ സഹായം തേടുകയായിരുന്നു.
വിവരമറിഞ്ഞ് ഉടൻ തന്നെ എസ്ഐ മനോജും ഹോം ഗാർഡ് ജ്യോതിയും പെൺകുട്ടിയുടെ വവസതിയിലെത്തി. പൊലീസ് സംഘം എത്തുമ്പോൾ പെൺകുട്ടി മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു.
കതക് തുറക്കാനും പ്രശ്നങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കാമെന്നും എസ്ഐ കുട്ടിയോട് ആവശ്യപ്പെട്ടു. ഇതിനിടെ മാതാവുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനിടയിൽ മുറിക്കുള്ളിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടു.
ഉച്ചത്തിൽ വിളിച്ചിട്ടും അകത്തുനിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല. തുടർന്ന് സംശയം തോന്നിയ പൊലീസ് ജനൽചില്ല് തകർത്ത് ടോർച്ച് അടിച്ചു നോക്കുകയായിരുന്നു.
ഈ പരിശോധനയിലാണ് പെൺകുട്ടി ഷാൾ ഉപയോഗിച്ച് ഫാനിൽ തൂങ്ങിനിൽക്കുന്നതായി കണ്ടത്. നിമിഷങ്ങളുടെ പോലും വിലയുള്ള സന്ദർഭത്തിൽ ഒട്ടും സമയം കളയാതെ പൊലീസ് ഉദ്യോഗസ്ഥർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു.
ഉടൻതന്നെ തൂങ്ങിനിൽക്കുകയായിരുന്ന പെൺകുട്ടിയെ താഴെയിറക്കുകയും, പ്രാഥമിക ശുശ്രൂഷയുടെ ഭാഗമായി ഏഴോളം മിനിറ്റ് കൃത്രിമ ശ്വസനമായ സിപിആർ (CPR) നൽകുകയും ചെയ്തു. തുടർന്ന് കുട്ടിക്ക് നേരിയ അനക്കം കണ്ടതുമുതൽ പൊലീസ് ജീപ്പിൽ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സമയബന്ധിതമായ ഇടപെടലിലൂടെ ഒരു യുവതിയുടെ ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് വലിയ അഭിനന്ദനമാണ് പ്രദേശത്തുനിന്ന് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

