ഉയർന്ന സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതിർന്നവരുടെ തൊഴിലിടങ്ങളിലും ഉന്നത വിദ്യാഭ്യാസ ക്യാംപസുകളിലും സജീവ ചർച്ചയാകുന്നതിനിടയിൽ, സ്കൂൾ തലത്തിലെ പുതിയ സിലബസ് മാറ്റങ്ങൾ കൗതുകമാകുന്നു. എൻജിനീയറിംഗ് ബിരുദതലത്തിൽ മാത്രം പഠനവിധേയമാക്കിയിരുന്ന പൈത്തൺ, ന്യൂറൽ നെറ്റ്വർക്കുകൾ തുടങ്ങിയ സങ്കീർണ്ണ വിഷയങ്ങൾ ആറാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതാണ് നിലവിലെ ചർച്ചകൾക്ക് അടിസ്ഥാനം.
മുംബൈ സ്വദേശിയായ ഖുഷി ജെസ്വാനി പങ്കുവെച്ച സമൂഹമാധ്യമ വീഡിയോയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ആറാം ക്ലാസിലെ കമ്പ്യൂട്ടർ സയൻസ് പാഠപുസ്തകത്തിലെ വിവിധ അധ്യായങ്ങൾ ക്യാമറയിലൂടെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ചുരുങ്ങിയ സമയംകൊണ്ട് ശ്രദ്ധ നേടി.
”ഇന്ന് ഞാൻ ആറാം ക്ലാസിലെ ഒരു പുസ്തകം കണ്ടു. പൈത്തൺ, എഐ തുടങ്ങി നമ്മളൊക്കെ ഇപ്പോൾ പഠിക്കുന്ന കാര്യങ്ങളെല്ലാം ഇതാ ഇവർക്ക് ആറാം ക്ലാസിലെ സിലബസിലുണ്ട്!
ഇവിടെ നോക്കൂ… ‘മെഷീൻ ലേണിംഗ് വിത്ത് പൈത്തൺ’, ‘ഡാറ്റാ ആൻഡ് വിഷ്വലൈസേഷൻ’, ‘ന്യൂറൽ നെറ്റ്വർക്ക്സ് ആൻഡ് എഐ’… എൻജിനീയർമാരായ നമ്മളൊക്കെ പ്രാന്തന്മാരാണോ? എന്തിനാണ് ഇതൊക്കെ ഈ ചെറിയ പ്രായത്തിൽ കുട്ടികളെ പഠിപ്പിക്കുന്നത്?” എന്നാണ് ഖുഷി ജെസ്വാനി ചോദിക്കുന്നത്. ‘ആറാം ക്ലാസിൽ എഐ എവിടെ നിന്ന് വന്നു?’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം ആധുനിക വിഷയങ്ങൾ പഠിക്കുന്നതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ആറാം ക്ലാസിലെ കുട്ടികൾ ഇത്രയും സങ്കീർണ്ണമായ സാങ്കേതിക വിദ്യകൾ പഠിക്കുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, സ്വന്തം സ്കൂൾ കാലഘട്ടത്തിൽ ഇത്തരം വിഷയങ്ങൾ സ്വപ്നം കാണാൻ പോലുമാകില്ലായിരുന്നു എന്ന് മറ്റു ചിലർ ഓർമ്മിപ്പിക്കുന്നു. എന്നാൽ, ഇത്രയും ചെറിയ പ്രായത്തിൽ കുട്ടികളുടെ മേൽ ഇത്തരം ഭാരമേറിയ സിലബസുകൾ അടിച്ചേൽപ്പിക്കുന്നത് മാനസിക സമ്മർദ്ദത്തിന് ഇടയാക്കുമോ എന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

