കാസർകോട് നടന്ന ക്വിസ് മത്സരത്തിൽ വി.ഡി.സവർക്കറെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ അധ്യാപകന്റെ നടപടികൾ സ്റ്റേ ചെയ്യുന്ന കാര്യത്തിൽ ഹൈക്കോടതി നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പർ വിദ്യാഭ്യാസ വകുപ്പിലെ എഇഒയ്ക്ക് ഓഗസ്റ്റ് ഒന്നിന് തന്നെ അയച്ചു കൊടുത്തിരുന്നുവെന്നും എന്നാൽ തനിക്കെതിരെ മാത്രമാണു നടപടിയെടുത്തതെന്നും അധ്യാപകനായ കെ.
ഗുരുപ്രസാദ് റായ് കോടതിയിൽ ബോധിപ്പിച്ചു. രാഷ്ട്രീയമോ ആശയപരമോ ആയ കാരണങ്ങളാലല്ല, മറിച്ച് ഔദ്യോഗിക കൃത്യവിലോപത്തിനാണ് അധ്യാപകനെതിരെ നടപടിയെടുത്തതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
തുടർന്ന് ഈ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. കാസർകോട് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിൽ വെച്ച് നടന്ന എൽപി വിഭാഗം ‘സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസ് 2026’ മത്സരത്തിലെ ഒരു ചോദ്യവും ഉത്തരവുമാണ് ഈ നിയമപോരാട്ടത്തിന് കാരണമായത്.
‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആര്?’ എന്ന ചോദ്യത്തിന് ‘വി.ഡി. സവർക്കർ’ എന്നായിരുന്നു ഉത്തരസൂചികയിൽ ഉൾപ്പെടുത്തിയിരുന്നത്.
ഈ സംഭവത്തിൽ പള്ളത്തടുക്ക എയുപി സ്കൂളിലെ യുപിഎസ്ടി അധ്യാപകനായ ഗുരുപ്രസാദ് റായിയെ പിന്നീട് സസ്പെൻഡ് ചെയ്യുകയും വകുപ്പുതല നടപടികൾ സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി വി.ഡി.സവർക്കർ ആണെന്ന വാദം തികച്ചും വസ്തുതാവിരുദ്ധമാണെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
സവർക്കറേക്കാൾ ദൈർഘ്യമേറിയ ജയിൽശിക്ഷ അനുഭവിച്ച നിരവധി സ്വാതന്ത്ര്യസമര സേനാനികൾ രാജ്യത്തുണ്ടെന്നും സർക്കാർ ചൂണ്ടിക്കാണിച്ചു. അംഗീകൃത സിലബസിനോ ഔദ്യോഗിക മാർഗനിർദേശങ്ങൾക്കോ ഒട്ടും നിരക്കാത്ത ചോദ്യവും ഉത്തരവുമാണ് മത്സരത്തിൽ ഉൾപ്പെടുത്തിയത്.
ചോദ്യപേപ്പർ തയാറാക്കുന്നതിൽ അധ്യാപകന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും, ഇത് പൊതുജനരോഷത്തിനും തുടർന്നുണ്ടായ ഭരണപരമായ നടപടികൾക്കും വഴിവെച്ചതായും സർക്കാർ വ്യക്തമാക്കി. കേരള വിദ്യാഭ്യാസ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം എയ്ഡഡ് സ്കൂൾ അധ്യാപകരെ സസ്പെൻഡ് ചെയ്യാനും അച്ചടക്കനടപടി സ്വീകരിക്കാനും വിദ്യാഭ്യാസ വകുപ്പിന് പൂർണ്ണ അധികാരമുണ്ട്.
നിലവിൽ ചാർജ് മെമ്മോ നൽകിയ ഘട്ടത്തിലുള്ള അച്ചടക്കനടപടി മാത്രമാണിതെന്നും, അധ്യാപകന് തന്റെ ഭാഗം ന്യായീകരിക്കാൻ അവസരമുണ്ടെന്നിരിക്കെ ഈ ഹർജി തള്ളണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, അസിസ്റ്റന്റ് എഡ്യൂക്കേഷനൽ ഓഫിസറുടെ (എഇഒ) പൂർണ്ണ സമ്മതത്തോടും അംഗീകാരത്തോടും കൂടിയാണ് പ്രസ്തുത ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പർ ഉപയോഗിച്ചതെന്നാണ് ഹർജിക്കാരന്റെ വാദം.
മത്സരത്തിനുള്ള ചോദ്യപേപ്പർ എഇഒ വഴി ഇമെയിൽ മുഖേന സ്കൂളുകളിലേക്ക് അയക്കുമെന്ന് ഹെഡ്മാസ്റ്റർമാർക്കും അധ്യാപകർക്കും ഔദ്യോഗിക നിർദ്ദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താൻ തയാറാക്കിയ ചോദ്യപേപ്പർ ഓഗസ്റ്റ് ഒന്നിന് തന്നെ എഇഒയ്ക്ക് ഇമെയിൽ വഴി സമർപ്പിച്ചിരുന്നുവെന്ന് ഹർജിക്കാരൻ വ്യക്തമാക്കുന്നു.
ചോദ്യപേപ്പർ പരിശോധിച്ച് അംഗീകാരം നൽകി സ്കൂളുകളിലേക്ക് അയച്ച ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി തനിക്കെതിരെ മാത്രം നടപടി സ്വീകരിക്കുന്നത് ഏകപക്ഷീയമായ നടപടിയാണെന്നാണ് അധ്യാപകന്റെ വാദം. നിലവിൽ തനിക്കെതിരെ എടുത്ത സസ്പെൻഷൻ ഉത്തരവും മറ്റ് അച്ചടക്കനടപടികളും നിയമവിരുദ്ധവും മുൻവിധിയോടെയുള്ളതുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

