ഓസ്ട്രേലിയയിൽ അഞ്ച് മിനിറ്റ് നീണ്ട സാധാരണ കുളിക്കിടെ അപ്പാർട്ട്മെന്റിലെ ഫയർ അലാറം മുഴങ്ങിയതിനെത്തുടർന്ന് ഇന്ത്യൻ യുവതിക്ക് വൻ തുക പിഴ നൽകേണ്ടി വന്നു.
1,800 ഓസ്ട്രേലിയൻ ഡോളറാണ് (ഏകദേശം 1.30 ലക്ഷം ഇന്ത്യൻ രൂപ) അധികൃതർ യുവതിയിൽ നിന്ന് ഈടാക്കിയത്. വാമിക എന്ന യുവതിയാണ് തനിക്കുണ്ടായ ഈ അപ്രതീക്ഷിത അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
കുളി കഴിഞ്ഞ് പുറത്തിറങ്ങിയയുടൻ അപ്പാർട്ട്മെന്റിൽ അലാറം മുഴങ്ങുകയായിരുന്നു. തുടക്കത്തിൽ കെട്ടിടത്തിലെ ഫയർ ഡ്രിൽ പരിശീലനമായിരിക്കും ഇതെന്നാണ് യുവതി കരുതിയത്.
പക്ഷേ, മിനിറ്റുകൾക്കകം കെട്ടിടത്തിന്റെ മാനേജർ മുറിയിലെത്തി. അപകടസാഹചര്യമില്ലെന്ന് വ്യക്തമായെങ്കിലും അടിയന്തര സന്ദേശം ലഭിച്ച് ഫയർ സർവീസ് വാഹനം സ്ഥലത്തെത്തിയതിനാലാണ് ഇത്രയും വലിയ തുക പിഴയായി അടയ്ക്കേണ്ടി വന്നത്.
അഞ്ച് മിനിറ്റത്തെ കുളിക്കിടെ ഉയർന്ന ചൂടുകാറ്റും നീരാവിയും വാഷ്റൂമിന് പുറത്തുണ്ടായിരുന്ന സെൻസറിലേക്ക് അടിച്ചതാണ് അലാറം പ്രവർത്തിക്കാൻ കാരണമായത്. തണുപ്പ് കാരണമാണ് കുളിക്കുന്നതിനിടെ വാഷ്റൂമിലെ എക്സ്ഹോസ്റ്റ് ഫാൻ ഓൺ ചെയ്യാതിരുന്നതെന്ന് യുവതി വ്യക്തമാക്കി.
കുളിമുറിക്ക് തൊട്ടുവെളിയിൽ ഫയർ അലാറം സ്ഥാപിച്ച അപ്പാർട്ട്മെന്റ് മാനേജ്മെന്റിന്റെ നടപടിയെയും അവർ ചോദ്യം ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിദേശരാജ്യങ്ങളിലെ ഫയർ അലാറം സിസ്റ്റങ്ങളെക്കുറിച്ചും പിഴത്തുകയെക്കുറിച്ചും വലിയ ചർച്ചകളാണ് നടക്കുന്നത്.
വെള്ളത്തിന്റെ ആവി തട്ടി ഫയർ അലാറം മുഴങ്ങുന്നത് അലാറത്തിന്റെ സാങ്കേതിക തകരാറാണെന്നും, അതിനാൽ ഫയർഫോഴ്സ് എത്തിയതിനുള്ള തുക യുവതി നൽകേണ്ടതില്ലെന്നും കാണിച്ച് കെട്ടിട ഉടമകൾക്കെതിരെ അപ്പീൽ നൽകാൻ നിരവധി പേർ നിർദ്ദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

